ഉണ്ണി മുകുന്ദനോട് മുട്ടാന്‍ മോഹന്‍ലാലിന് ത്രാണിയില്ല,ബറോസ് മൂക്കുകുത്തി വീഴുന്നു;കളക്ഷൻ റിപ്പോർട്ട് പുറത്ത്
കൊച്ചി:നീണ്ട അഞ്ച് വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ‘ബറോസ്’ കഴിഞ്ഞ ദിവസം തീയറ്ററിലെത്തിയത്. ഒട്ടനവധി പ്രത്യേകകളുമായാണ് ചിത്രം പ്രദർശനത്തിനെത്തിയത്. അതിൽ പ്രധാനം മോഹൻലാലിന്റെ സംവിധാനത്തിലൊരുങ്ങുന്ന ആദ്യ ചിത്രം എന്നത് തന്നെയായിരുന്നു. മറ്റൊന്ന് ത്രീഡിയിലാണ് ചിത്രം ഇറങ്ങിയത് എന്നതാണ്.
വാസ്കോഡ ഗാമയുടെ നിധി സൂക്ഷിപ്പുകാരനായ ബാറോസ് എന്ന ഭൂതത്തിന്‍റെ കഥ പറയുന്നതാണ് ചിത്രം. പോർച്ചുഗീസ് പശ്ചാത്തലത്തിൽ എഴുതപ്പെട്ട ബാറോസ്: ഗാർഡിയൻ ഒഫ് ദി ഗാമാസ് ട്രഷർ എന്ന രചനയാണ് സിനിമയ്ക്ക് ആധാരം.ഫാന്റസി മൂഡിലാണ് ചിത്രം തയ്യാറാക്കിയിരിക്കുന്നത്. സംവിധായകന്റെ കുപ്പായമണിഞ്ഞ മോഹൻലാൽ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തേയും അവതരിപ്പിച്ചത്.
2019 ൽ പ്രഖ്യാപിച്ചത് മുതൽ സിനിമയ്ക്ക് വലിയ ഹൈപ്പാണ് ലഭിച്ചത്. മോഹൻലാലിന്റെ ആദ്യ സംവിധാനത്തിലൊരു ചിത്രം എങ്ങനെയായിരിക്കുമെന്ന കൗതുകം പ്രേക്ഷകർക്കുണ്ടായിരുന്നു. മാത്രമല്ല സിനിമയുടെ പിന്നാമ്പുറ വിവരങ്ങൾ അറിയുന്നവരെല്ലാം തന്നെ ബറോസ് പ്രേക്ഷകരെ ഞെട്ടിക്കുമെന്ന പ്രതികരണമായിരുന്നു പങ്കുവെച്ചത്. പൃഥ്വിരാജ് അടക്കമുള്ളവരാണ് സിനിമ സാങ്കേതികമായടക്കം ഉയർന്ന് നിൽക്കുന്നതാണെന്ന അഭിപ്രായങ്ങൾ പങ്കിട്ടത്.
100 കോടി ബജറ്റിലൊരു ചിത്രത്തിന് പിന്നിൽ പ്രവർത്തിച്ചവരും ചില്ലറക്കാരായിരുന്നില്ല. സിനിമയുുടെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് സന്തോഷ് ശിവനാണ്. ജിജോ പുന്നൂസ് ആണ് തിരക്കഥ എഴുതിയത്. ഇത്തരത്തിലുള്ള ഘടകങ്ങളെല്ലാം തന്നെ ആരാധകരുടെ പ്രതീക്ഷ ഉയർത്തി. പാൻ ഇന്ത്യ റിലീസായ ചിത്രം ഇതോടെ കേരളത്തിൽ അഡ്വാൻസ് ബുക്കിൽ ഒരു കോടിയലധികം നേടി.
എന്നാൽ യഥാർത്ഥത്തിൽ ചിത്രം ഈ പ്രതീക്ഷകൾ കാത്തോ? സിനിമ കണ്ടിറങ്ങുന്നവർ പറയുന്നത് സമ്മിശ്ര പ്രതികരണങ്ങളാണ്. കുട്ടികൾക്ക് ഇഷ്ടമാകുന്ന രീതിയിലാണ് പടം എന്നും സാങ്കേതികമായി വളരെ അധികം മികവ് പുലർത്തുന്നതാണ് ചിത്രമെന്നുമാണ് ഒരു വിഭാഗം അഭിപ്രായപ്പെട്ടത്. അതേസമയം മോഹൻലാലിൽ നിന്നും കൂടുതൽ തങ്ങൾ പ്രതീക്ഷിച്ചുവെന്നാണ് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടത്. എന്തായാലും സിനിമയുടെ കളക്ഷൻ കണക്കുകളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്.
ബറോസ് രണ്ട് ദിവസത്തിനിടെ നേടിയാത് 4.62 കോടി രൂപയാണെന്നാണ് റിപ്പോർട്ട്. ആദ്യ ദിനം 3.35 കോടിയായിരുന്നു ലഭിച്ചത്. ഇന്നലെ 1.27 കോടി രൂപയേ നേടാനായുള്ളൂ എന്നാണ് സിനിമാ ട്രേഡ് അനലിസ്റ്റുകള്‍ പങ്കുവെയ്ക്കുന്ന വിവരം. എന്തായാലും വരും ദിവസങ്ങളിൽ സിനിമ എത്ര കളക്ഷൻ നേടുമെന്ന് ഉറ്റുനോക്കുകയാണ് ആരാധകർ.