CrimeNationalNews

കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച; തോക്കുചൂണ്ടി സ്വർണവും പണവും കൊള്ളയടിച്ചു

മം​ഗളൂരു: കർണാടകയിൽ വീണ്ടും ബാങ്ക് കവർച്ച. മം​ഗലാപുരത്തെ കൊട്ടേക്കർ സ​ഹകരണ ബാങ്കിലാണ് കവർച്ച നടന്നത്. കാറിലെത്തിയ ആറം​ഗസംഘമാണ് കവച്ചയ്ക്കുപിന്നിൽ. ഇതിൽ അഞ്ചുപേരാണ് തോക്കുകളുമായി ബാങ്കിനകത്തേക്ക് പോയത്. ആറാമൻ പുറത്ത് നിൽക്കുകയായിരുന്നു. ബാങ്ക് ജീവനക്കാരെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തിയാണ് കവർച്ച ചെയ്തത്. സ്വർണവും പണവും ഉൾപ്പെടെ 12 കോടിയോളം രൂപ നഷ്ടപ്പെട്ടതായി ബാങ്ക് അധികൃതർ അറിയിച്ചു.

മം​ഗളൂരു ഉള്ളാൾ താലൂക്കിലെ കെ.സി.റോഡിലുള്ള കൊട്ടേക്കർ കോ.-ഓപ്പറേറ്റീവ് സൊസൈറ്റിയിലാണ് വെള്ളിയാഴ്ച വൻ കവർച്ച നടന്നത്. ഒരു കറുത്ത ഫിയറ്റ് കാറിലാണ് കവർച്ചക്കാർ എത്തിയത്. തോക്കുചൂണ്ടി അഞ്ച് ചാക്കുകളിലായാണ് മോഷണമുതലുമായി ഇവർ രക്ഷപ്പെട്ടത്. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് പ്രദേശത്ത് ഒന്നടങ്കം സുരക്ഷ ഒരുക്കിയിരുന്നെങ്കിലും ഇതെല്ലാം ഭേദിച്ചാണ് കവർച്ചാസംഘം കൃത്യം നിർവഹിച്ച് മടങ്ങിയത്.

ബാങ്കിലെ സിസിടിവി ക്യാമറകൾ കേടായതിനാൽ നന്നാക്കാൻ ടെക്നീഷ്യൻ ബാങ്കിലെത്തിയിരുന്നു. ക്യാമറകളുടെ അറ്റകുറ്റപ്പണി നടന്നുകൊണ്ടിരിക്കേയാണ് കവർച്ച നടത്തിയത്. ബാങ്കിനകത്തെ ക്യാമറകൾ പ്രവർത്തിക്കുന്നില്ലെന്ന് മനസിലാക്കിയാവാം സംഘം കവർച്ചയ്ക്കെത്തിയതെന്നാണ് വിലയിരുത്തൽ.

ഇതിന്റെ അടിസ്ഥാനത്തിൽ ക്യാമറ അറ്റകുറ്റപ്പണികൾക്ക് ചുമതലപ്പെടുത്തിയ ഏജൻസിയെ പോലീസ് ചോദ്യംചെയ്യുന്നുണ്ട്. അതേസമയം സിസിടിവി ക്യാമറ നന്നാക്കാൻ വന്നയാളുടെ കയ്യിലെ ആഭരണവും സംഘം അപഹരിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ബാങ്ക് പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ താഴെ നിലയിലുള്ള ബേക്കറിയിലുണ്ടായിരുന്ന ഏതാനും കുട്ടികളോട് അവിടെ നിന്ന് മാറിപ്പോകണമെന്ന് കവർച്ചാസംഘം ആവശ്യപ്പെട്ടതായി ദൃക്സാക്ഷികൾ പോലീസിനോട് പറഞ്ഞിട്ടുണ്ട്. കവർച്ചക്കാർ കന്നഡയിലാണ് പരസ്പരം സംസാരിച്ചതെങ്കിലും ബാങ്കിലുള്ളവരോട് ഹിന്ദിയിലാണ് ആശയവിനിമയം നടത്തിയതെന്നും ദൃക്സാക്ഷികൾ പോലീസിനെ അറിയിച്ചിട്ടുണ്ട്.

കവർച്ചക്കാർ വന്ന കാറിന്റെ നമ്പർ പ്ലേറ്റ് പേലീസ് സംഘം പരിശോധിച്ചെങ്കിലും ഇത് വ്യാജമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇവർ ബാങ്കിലേക്ക് കയറുന്നതിന്റെ മറ്റൊരു സ്ഥാപനത്തിലെ സിസിടിവി ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മം​ഗളൂരു ന​ഗരം ലക്ഷ്യമാക്കിയാണ് ഇവർ രക്ഷപ്പെട്ടതെന്നാണ് വിവരം. അഞ്ചുവർഷം മുൻപും ഇതേ ബാങ്കിൽ കവർച്ച നടന്നിരുന്നു. അന്ന് തോക്കും കത്തിയും ഉപയോ​ഗിച്ചായിരുന്നു കവർച്ച. നിലവിൽ രണ്ട് സംഘങ്ങളായി തിരിഞ്ഞാണ് പോലീസ് കേസ് അന്വേഷിക്കുന്നത്. കുറ്റവാളികളെ ഉടൻ പിടികൂടാനാണ് പോലീസ് ശ്രമിക്കുന്നത്. കർണാടക നിയമസഭാ സ്പീക്കർ യു.ടി.ഖാദർ സംഭവ സ്ഥലം സന്ദർശിക്കുകയും കുറ്റവാളികളെ എത്രയും പെട്ടന്ന് പിടികൂടണമെന്നും പോലീസിന് നിർദേശം നൽകി.

വ്യാഴാഴ്ച ബിദറിലും ബാങ്ക് കൊള്ള നടന്നിരുന്നു. എസ്.ബി.ഐ. എ.ടി.എമ്മിൽ നിറയ്ക്കാനായി കൊണ്ടുവന്ന 93 ലക്ഷത്തോളം രൂപയാണ് ബൈക്കിലെത്തിയ അക്രമികൾ കവർന്നതെന്നാണ് പ്രാദേശികമാധ്യമങ്ങളുടെ റിപ്പോർട്ട്. രണ്ട് സുരക്ഷാജീവനക്കാരാണ് പണം കൊണ്ടുവന്ന വാഹനത്തിലുണ്ടായിരുന്നത്. പണംകൊണ്ടുവന്ന വാഹനം എ.ടി.എം. കൗണ്ടറിന് മുന്നിൽ നിർത്തിയതിന് പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ ഇവർക്ക് നേരേ വെടിയുതിർക്കുകയും പണം സൂക്ഷിച്ച പെട്ടികളുമായി ബൈക്കിൽ കടന്നുകളയുകയുമായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker