കണ്ണൂർ:കൂത്തുപറമ്പ് പാലത്തുങ്കരയിൽ ബാങ്ക് മാനേജരെ ബാങ്കിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത്
അന്വേഷണമാരംഭിച്ചു.തലശേരി എഎസ്പി സി സുരേഷിൻറെ നിർദ്ദേശപ്രകാരമാണ് അന്വേഷണം.
എഎസ്പി ബാങ്ക് സന്ദർശിച്ച് അസിസ്റ്റൻറ് മാനേജറിൽ നിന്നും മറ്റുള്ളവരിൽ നിന്നും മൊഴിയെടുത്തു. കാനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖ മുന്‍ മാനേജര്‍ തൃശൂര്‍ സ്വദേശി പരേതനായ സാബുവിന്റെ ഭാര്യ കെഎസ് സ്വപ്ന(42)യെയാണ് ബാങ്കിനുള്ളിലെ മാനേജറുടെ ഓഫിസ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഒമ്പതോടെ ഓഫിസിലെത്തിയ സ്വപ്ന 9.20ഓടെ ആത്മഹത്യ ചെയ്തെന്നാണ് വിവരം.
ജോലി സമ്മർദം മൂലം സ്വപ്ന ആത്മഹത്യ ചെയ്തുവെന്നാണ് പ്രാഥമിക നിഗമനം. മാനേജരുടെ ക്യാബിനിൽ നിന്ന് പൊലീസിന് ആത്മഹത്യ കുറിപ്പ് ലഭിച്ചതായി വിവരമുണ്ട്.
ഭർത്താവ് മരിച്ച സ്വപ്‌ന മക്കളുമായി വാടക വീട്ടിലായിരുന്നു താമസം. ഇൻക്വസ്റ്റിന് ശേഷം മൃതദേഹം പരിയാരം മെഡിക്കൽ കോളജിലേക്ക് മാറ്റി.