ബംഗളൂരുവില്‍ വനത്തിനുള്ളില്‍ മലയാളി ടെക്കികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു; മരിക്കുന്നതിന് മുമ്പ് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്ത്
ബംഗളൂരു: ബംഗളൂരുവില്‍ വനത്തിനുള്ളില്‍ മലയാളികളായ യുവ ടെക്കികളെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയേറുന്നു. പാലക്കാട് സ്വദേശിയായ അഭിജിത്തിനേയും തൃശൂര്‍ മാള സ്വദേശിനിയായ ശ്രീലക്ഷ്മിയേയുമാണ് ബംഗളൂരു നഗരത്തിന് പുറത്തുള്ള വനമേഖലയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാണാതായതിന് പിന്നാലെ ഇരുവരും സുഹൃത്തുക്കള്‍ക്ക് അയച്ച വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നു. വീട്ടിലേക്ക് പോകുന്നുവെന്നും അഭിജിത് കൂടെയുണ്ടെന്നും തിരിച്ചുവരാന്‍ ഇടയില്ലെന്നുമാണ് ശ്രീലക്ഷ്മി സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നത്. വീട്ടിലേക്ക് പോകുന്നുവെന്നായിരുന്നു അഭിജിത്തും സുഹൃത്തുക്കളോട് പറഞ്ഞത്.
ഒക്ടോബര്‍ പതിനൊന്നിനായിരുന്നു അഭിജിത്തിനേയും ശ്രീലക്ഷ്മിയേയും കാണാതായത്. ഇതിന് പിന്നാലെയാണ് സുഹൃത്തുക്കള്‍ക്ക് ഇരുവരും സന്ദേശമയച്ചത്. ഇത് കൂടാതെ മറ്റൊരു സന്ദേശവും അഭിജിത്തിന്റെ ഫോണില്‍ നിന്ന് സുഹൃത്തുക്കള്‍ക്ക് ലഭിച്ചു. കാണാതായതിന്റെ പിറ്റേദിവസം ഉച്ചക്ക് പന്ത്രണ്ട് മണിയോടെയാണ് ഈ സന്ദേശം ലഭിക്കുന്നത്. അത്യാവശ്യമാണെന്നും പെട്ടെന്ന് ആരെങ്കിലും വരണമെന്നായിരുന്നു സന്ദേശം. നില്‍ക്കുന്ന സ്ഥലത്തിന്റെ ലൈവ് ലൊക്കേഷനും പങ്കുവച്ചിരുന്നു. എന്താണ് സംഭവിച്ചതെന്ന് ചോദിച്ചെങ്കിലും മറുപടി ഉണ്ടായിരുന്നില്ല. അയച്ചു നല്‍കിയ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയെങ്കിലും വിവരമൊന്നും ലഭിച്ചില്ലെന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്.
ഒന്നര മാസം കഴിഞ്ഞ് ഇതേ സ്ഥലത്ത് നിന്നാണ് ഇരുവരുടേയും ജീര്‍ണിച്ച നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്. പോലീസിന്റെ ഭാഗത്ത് നിന്ന് കാര്യക്ഷമമായ അന്വേഷണം ഉണ്ടായില്ലെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇരുവരും ആത്മഹത്യ ചെയ്യാന്‍ ഇടയില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. വീട്ടിലേക്ക് പോകുന്നുവെന്ന് സന്ദേശം അയച്ചവര്‍ ഒറ്റപ്പെട്ട ഈ സ്ഥലത്ത് എന്തിന് എത്തിയെന്നതാണ് സംശയം.