ന്യൂഡല്‍ഹി: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്തുവെന്നാരോപിച്ച് വാര്‍ത്താ ചാനലായ ഏഷ്യാനെറ്റിനും, മീഡിയ വണ്ണിനും ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് കേന്ദ്ര വാര്‍ത്താവിതരണ മന്ത്രാലയം പിന്‍വലിച്ചു. വിലക്ക് പിന്‍വലിച്ചതിനെ തുടര്‍ന്ന് ശനിയാഴ്ച രാവിലെ മുതല്‍ ഇരു ചാനലുകളും സംപ്രേഷണം ആരംഭിച്ചു.
ഏഷ്യാനെറ്റിന് ഏര്‍പ്പെടുത്തിയ വിലക്ക് പുലര്‍ച്ചെ ഒന്നരയോടെ തന്നെ മന്ത്രാലയം പിന്‍വലിച്ചിരുന്നു. എന്നാല്‍ മീഡിയ വണിന് ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. പിന്നീട് രാവിലെ മീഡിയ വണിന്റെ വിലക്കും പിന്‍വലിച്ചതായി മന്ത്രാലയം അറിയിക്കുകയായിരുന്നു.
കഴിഞ്ഞ ദിവസം വൈകിട്ടോടെയായിരുന്നു ഡല്‍ഹി കലാപം മത സ്പര്‍ദ്ധ വാര്‍ത്തുന്ന രീതിയില്‍ റിപ്പോര്‍ട്ട് ചെയ്തതിന്റെ പേരില്‍ രണ്ട് ചാനലുകള്‍ക്കും വാര്‍ത്താ വിതരണ മന്ത്രാലയം വിലക്കേര്‍പ്പെടുത്തിയത്. 48 മണിക്കൂര്‍ നേരത്തേക്കായിരുന്നു വിലക്ക്. തുടര്‍ന്ന് ഏഴരയോടെ ഇരു ചാനലുകളും സംപ്രേഷണം നിര്‍ത്തിവെച്ചിരുന്നു.
ഡല്‍ഹി കലാപം പോലെയുള്ള വൈകാരിക വിഷയം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. ഇരു മാദ്ധ്യമങ്ങളും 1995 ലെ കേബിള്‍ ടിവി നെറ്റ്വര്‍ക്ക്സ് ( നിയന്ത്രണ) നിയമത്തിലെ 6 ( സി), 6 (1) (ഇ) എന്നീ ചട്ടങ്ങള്‍ ലംഘിച്ചു എന്നും വിലക്കേര്‍പ്പെടുത്തി കൊണ്ട് മാദ്ധ്യമങ്ങള്‍ക്ക് നല്‍കിയ ഉത്തരവില്‍ പറയുന്നു.