നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ കള്ളക്കളികള്‍ പൊളിച്ചടുക്കിയ സംവിധായകന്‍,ആസിഫലി ചിത്രം കൗബോയ് പരാജയം,മോഹന്‍ലാല്‍,ദിലീപ് ചിത്രങ്ങള്‍ക്ക് തിരക്കഥയുമായി അലച്ചില്‍,ബാലചന്ദ്രകുമാര്‍ വിടപറഞ്ഞത് രണ്ടാം ചിത്രമെന്ന സ്വപ്‌നം ബാക്കിയാക്കി
കൊച്ചി: സംവിധായകനായ ബാലചന്ദ്രകുമാര്‍ അന്തരിച്ചു. ദിലീപ് കേസിലെ വെളിപ്പെടുത്തലിലൂടെ ശ്രദ്ധേയനായ വ്യക്തിയായിരുന്നു ബാലചന്ദ്രകുമാര്‍. ഏറെ നാളായി ചികില്‍സയിലായിരുന്നു. വൃക്കരോഗമായിരുന്നു ബാലചന്ദ്രകുമാറിന്റെ മരണ കാരണം. നടിയെ ആക്രമിച്ച കേസില്‍ ഇനി എന്ത് സംഭവിക്കുമെന്ന ആകാംഷയിലാണ് ഇന്ന് സിനിമാ ലോകം. എല്ലാം തീര്‍ന്നെന്ന് കരുതിയിടത്തു നിന്നാണ് സംവിധായകനായ ബാലചന്ദ്രകുമാറിന്റെ കടന്നു വരവ്. ചില ഓഡിയോയും പുറത്തു വന്നു. ഇതെല്ലാം കുറ്റം ചെയ്തത് ദിലീപാണെന്ന് ഉറപ്പിക്കുന്നവയല്ല. മറിച്ച് സംശയങ്ങളിലേക്ക് നിര്‍ത്തുന്നവയാണ്. എന്നാല്‍ പള്‍സര്‍ സുനിയുമായി ദിലീപിന് നല്ല ബന്ധമുണ്ടെന്ന സംശയം സജീവമാക്കുന്നതാണ് ബാലചന്ദ്രകുമാറിന്റെ ഇടപെടല്‍. നടി ആക്രമിക്കുന്നതിന് മുമ്പും പിമ്പും ദിലീപിന്റെ വീട്ടില്‍ ചന്ദ്രകുമാറിന് നല്ല സ്വാധീനമുണ്ടായിരുന്നു.
ചെങ്ങന്നൂരിലെ കെ എം ചെറിയാന്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു ബാലചന്ദ്രകുമാര്‍. സുമനസ്സുകളുടെ സഹായത്തോടെയായിരുന്നു ചികില്‍സ. ഇതിനിടെയാണ് മരണം ബാലചന്ദ്രകുമാറിനെ തേടിയെത്തുന്നത്. രണ്ട് വൃക്കകള്‍ക്കും രോഗം ബാധിച്ച അദ്ദേഹം ഹൃദയാഘാതവും വന്നതോടെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യം ഉണ്ടെങ്കിലും അതിന് വന്‍ പണച്ചിലവ് വരുന്ന സാഹചര്യമുണ്ടായിരുന്നു. കുറച്ചുകാലം മുമ്പ് കിഡ്‌നിയിലെ കല്ലിന് ചികിത്സ നടത്തിയതിന് ശേഷമാണ് രണ്ട് വൃക്കകളും തകരാറിലാണെന്ന് വ്യക്തമായത്. ഇതിന് പിന്നാലെ തലച്ചോറിലെ അണുബാധയും വൃക്കരോഗവും ഒക്കെയായി വലിയ പ്രതിസന്ധിയിലായി അദ്ദേഹം. നടി ആക്രമിക്കപ്പെട്ട കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിന് എതിരെ നിരവധി വെളിപ്പെടുത്തലുകള്‍ നടത്തിയിട്ടുള്ള ബാലചന്ദ്രകുമാര്‍ നീതിക്ക് വേണ്ടി രോഗ കാലത്തും കോടതിയില്‍ ഹാജറാകുകയും സാക്ഷി മൊഴി നല്‍കുകയും ചെയ്തിരുന്നു. പല സുഹൃത്തുക്കളുടെയും സഹായത്തോടെയാണ് ചികിത്സ മുന്നോട്ടു പോയത്. ഇതിനിടെ നിരന്തരം ഗുരുതരാവസ്ഥയിലെത്തി. ഒടുവില്‍ മരണവും.
നടിയെ ആക്രമിച്ച കേസില്‍ ദിലീപ് ജാമ്യത്തില്‍ ഇറങ്ങിയ ശേഷം ആ വീട്ടില്‍ നടന്ന പല സംഭാഷണങ്ങളും ബാലചന്ദ്രകുമാര്‍ റിക്കോര്‍ഡ് ചെയ്തിരുന്നുവെന്നാണ് പുറത്തു വന്ന ഓഡിയോ തെളിയിച്ചത്. ജാമ്യത്തില്‍ പുറത്തിറങ്ങിയ ദിലീപിനെ നിരീക്ഷിക്കാന്‍ പൊലീസ് ചുമതലപ്പെടുത്തിയ ആളോണോ ബാലചന്ദ്രകുമാര്‍ എന്ന സംശയം ദിലീപിന്റെ ചില അടുപ്പക്കാര്‍ക്കു പോലും ഉണ്ടായി. പിക് പോക്കറ്റ് എന്ന സിനിമയുമായി ബന്ധപ്പെട്ടാണ് ബാലചന്ദ്രകുമാര്‍ ദിലീപുമായി അടുക്കുന്നത്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെതിരെ വെളിപ്പെടുത്തലുമായി ദിലീപിന്റെ മുന്‍ സുഹൃത്തും സംവിധായകനുമായ ബാലചന്ദ്രകുമാര്‍ എത്തുമ്പോള്‍ ഞെട്ടലിലായി സിനിമാ ലോകം.
അതുവരെ സിനിമയില്‍ അത്രയേറെ അറിയപ്പെടാത്ത സംവിധായകനായിരുന്നു ബാലചന്ദ്രകുമാര്‍. കൗബോയ് എന്ന ചിത്രമാണ് പുറത്തു വന്നിട്ടുള്ളത്. പിന്നീട് പല ശ്രമങ്ങള്‍ നടത്തിയെങ്കിലും വിജയിച്ചില്ല. മോഹന്‍ലാലിനെ നായകനാക്കി സ്‌പെഷ്യലിസ്റ്റ് എന്ന 2014ല്‍ പ്രഖ്യാപിച്ചു. അതും പാളി. പിന്നീടാണ് പിക്ക് പോക്കറ്റ് കഥയുമായി ബാലചന്ദ്രകുമാര്‍ ദിലീപിന്റെ വീട്ടിലെത്തുന്നത്. ദിലീപിന്റെ അളിയന്റെ തിരക്കഥാ മോഹം ബാലചന്ദ്രകുമാറിനെ വീട്ടിലെ അടുപ്പക്കാരനുമാക്കി.
കൗബോയ് എന്ന ചിത്രത്തില്‍ ആസിഫലിയായിരുന്നു നായകന്‍. ഇത് സാമ്പത്തിക വിജയം നേടിയില്ല. ഇതിന് ശേഷമാണ് മോഹന്‍ലാലിനെ സമീപിക്കുന്നത്. പിന്നീട് ദിലീപിന് അടുത്തെത്തി. പിക്ക് പോക്കറ്റ് എന്നായിരുന്നു ചിത്രത്തിന്റെ പേര്. ഈ സിനിമയുടെ കഥാതന്തു ദിലീപിന് ഇഷ്ടമായി. തിരക്കഥയില്‍ മാറ്റങ്ങളോടെ ചെയ്യാമെന്നും സമ്മതിച്ചു. ഇതിനിടെ ദിലീപിന്റെ അളിയന് തിരക്കഥ എഴുതണമെന്ന മോഹമെത്തി. ബാലചന്ദ്രകുമാറിന്റെ കഥയില്‍ സാധ്യതയും കണ്ടു. ഇതോടെ ഈ സിനിമ നിര്‍മ്മിക്കാന്‍ ദിലീപിന്റെ ഗ്രാന്റ് പ്രൊഡക്ഷനും തയ്യാറായി. കഥാ ചര്‍ച്ചകള്‍ക്കായി ദിലീപിന്റെ വീട്ടില്‍ നിരന്തരം സംവിധായകനെത്തി. അളിയനും അനുജന്‍ അനൂപുമായി ചര്‍ച്ചകളും നടത്തി. ഇതാണ് ഇപ്പോള്‍ ദിലീപിന് പുലിവാലാകുന്നത്. പിന്നീട് ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ദിലീപിനു തലവേദനയായി. കേസില്‍ നിര്‍ണ്ണായക നീക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ബാലചന്ദ്രകുമാറിന് വൃക്കരോഗം വരുന്നത്.
അളിയന്റെ തിരക്കഥ സിനിമയാകണമെന്ന അതിയായ ആഗ്രഹം ദിലീപിനുണ്ടായിരുന്നു. അതുകൊണ്ട് തന്നെ ഈ പ്രോജക്ട് നടക്കുമെന്ന് ഉറപ്പാക്കാന്‍ മുന്‍നിര സംവിധായകനും തിരക്കഥാകൃത്തുമായ വ്യക്തിയേയും ദിലീപ് സമീപിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹം താല്‍പ്പര്യം കാട്ടിയില്ല. പിന്നീട് മറ്റൊരു സംവിധായക പ്രമുഖനേയും നിയോഗിച്ചു. സിഐഡി മൂസ ടൈപ്പിലെ ഹാസ്യചിത്രമായിരുന്നു ദിലീപ് പദ്ധതിയിട്ടത്. എന്നാല്‍ തിരക്കഥ പൂര്‍ത്തിയാക്കാത്തതു കൊണ്ട് തന്നെ പദ്ധതി നീണ്ടു.
ഇതിനിടെയാണ് നടിയെ ആക്രമിച്ച കേസും വിവാദവും ഉണ്ടാകുന്നത്. നടി ആക്രമിക്കപ്പെട്ട കേസില്‍ സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ രഹസ്യമൊഴിയെടുക്കലും നടന്നു. ദിലീപിനെതിരെ 51 പേജുള്ള രഹസ്യമൊഴിയാണ് രേഖപ്പെടുത്തിയത്. ദിലീപും പള്‍സര്‍ സുനിയും തമ്മില്‍ അടുത്ത ബന്ധമുണ്ടെന്നും നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ ഒരു വി.ഐ.പി. വഴി ദിലീപിന്റെ കൈയിലെത്തിയെന്നുമാണ് ബാലചന്ദ്ര കുമാറിന്റെ പ്രധാന ആരോപണം. കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ദിലീപ് നടത്തിയ നീക്കങ്ങളുടെ തെളിവുകള്‍ ബാലചന്ദ്രകുമാര്‍ അന്വേഷണസംഘത്തിന് കൈമാറിയിരുന്നു.