അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെ, മൊഴി മാറ്റിതില്‍ സംശയം തോന്നിയാണ് സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചത്; വെളിപ്പെടുത്തലുകളുമായി പ്രകാശ് തമ്പി
കൊച്ചി: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകട സമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവര്‍ അര്‍ജുന്‍ തന്നെയെന്ന് പ്രകാശ് തമ്പിയുടെ മൊഴി. അപകടത്തിന് ശേഷം ചികിത്സയിലിരിക്കെ അര്‍ജുന്‍ തന്നോട് ഇക്കാര്യം പറഞ്ഞിരുന്നവെന്നും എന്നാല്‍ പിന്നീട് പൊലീസിന് മുന്നില്‍ അര്‍ജുന്‍ മൊഴി മാറ്റിയെന്നും പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് മൊഴി നല്‍കി. കൊല്ലത്തെ ജ്യൂസ് കടയില്‍ നിന്ന് മാത്രമല്ല, ഹൈവേയിലെ നിരവധിയിടങ്ങളില്‍ നിന്നും സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നതായും പ്രകാശ് തമ്പി മൊഴി നല്‍കി.
മൊഴി മാറ്റിയ ശേഷം അര്‍ജുന്‍ പിന്നീട് ഫോണ്‍ എടുത്തിട്ടില്ല. രണ്ടു തവണ ബാല ഭാസ്‌കറിനൊപ്പം ദുബായില്‍ പരിപാടിക്കായി പോയി. പരിപാടി കഴിയുമ്പോള്‍ ബാലഭാസ്‌കര്‍ പണം നല്‍കും. മറ്റു സമ്പത്തില്‍ ഇടപാടുകള്‍ ഒന്നും ഇല്ലായിരുന്നു. സ്വര്‍ണ്ണ കടത്തുമായി ഇതിനു ബന്ധമില്ല. ബാലഭാസ്‌കറും വിഷ്ണുവുമായി നല്ല സൗഹൃദമുണ്ടായിരുന്നു. അര്‍ജുന്‍ മൊഴി മാറ്റിയപ്പോള്‍ കൊല്ലത്തെ ജ്യൂസ് കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നവെന്നും സിസിടിവി ദൃശ്യങ്ങളില്‍ നിന്നും ഒന്നും ലഭിച്ചില്ലെന്നും പ്രകാശ് തമ്പി മൊഴി നല്‍കി. അഞ്ചു മണിക്കൂറോളം നീണ്ടു നിന്ന ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായി.
സ്വര്‍ണ്ണക്കടത്ത് കേസില്‍ റിമാന്‍ഡിലായ പ്രകാശ് തമ്പിയെ കൊച്ചിയിലെ പ്രത്യേക സാമ്പത്തിക കോടതിയുടെ അനുമതിയോടെയാണ് ഡിവൈഎസ്പി ഹരികൃഷ്ണന്റെ നേതൃത്വത്തിലുളള മൂന്നംഗസംഘം കാക്കനാട്ട് ജയിലിലെത്തി അഞ്ച് മണിക്കൂറോളം ചോദ്യം ചെയ്തത്. മൊഴി പരിശോധിച്ച ശേഷം ആവശ്യമെങ്കില്‍ വീണ്ടും ചോദ്യം ചെയ്യുമെന്ന് ഡിവൈഎസ്പി പറഞ്ഞു.