മുംബൈ:പ്രമുഖ എഡ്യുക്കേഷണല്‍ ടെക് കമ്പനിയായ ബൈജൂസ് ആപ്പ് കനത്ത സാമ്പത്തിക ബാധ്യത നേരിടുന്നതായി റിപ്പോർട്ട്. ബാധ്യതകളെ തുടർന്ന് ബാംഗ്ലൂരിൽ ഉണ്ടായിരുന്ന വലിയ ഓഫീസുകൾ അടുത്തിടെ ബൈജൂസ് ഒഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിന് പുറമെ നിരവധി ജീവനക്കാരെ പിരിച്ചുവിട്ടതായും ഈ റിപ്പോർട്ടുകൾ പറയുന്നു.
ബാംഗ്ലൂരിലെ കല്യാണി ടെക് പാര്‍ക്കിലെ ഓഫീസ് ആണ് ബൈജൂസ് ഒഴിഞ്ഞത്. ഇതിന് പുറമെ വേറെയും രണ്ട് ഓഫീസുകൾ ബൈജൂസിന് ബാംഗളൂരുവിൽ ഉണ്ട്. കല്യാണി ടെകിലെ ഓഫീസിൽ ഉണ്ടായിരുന്ന ജീവനക്കാരോട് മറ്റ് ഓഫീസുകളിലേക്ക് മാറാനോ വർക്ക് ഫ്രം ഹോം ഉപയോഗിക്കാനോ ആണ് നൽകിയിരിക്കുന്ന നിർദേശം. മണികൺട്രോൾ എന്ന ബിസിനസ് മാഗസീനാണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാമ്പത്തിക ബാധ്യത മറികടക്കാനായി ദൂബായിൽ നിന്ന് 100 കോടി ഡോളര്‍ സമാഹരിക്കാൻ വിളിച്ചു ചേർത്ത യോഗവും വിജയം കണ്ടില്ല. യോഗത്തിൽ നിക്ഷേപകരുടെ മുന്നിൽ വെച്ച് ബൈജു രവീന്ദ്രൻ പൊട്ടിക്കരഞ്ഞതായും റിപ്പോർട്ടുകൾ ഉണ്ട്. ഇക്വിറ്റി ഫണ്ട് സമാഹരണം അനിശ്ചിതത്വത്തിലായതിനെ തുടർന്നായിരുന്നു ബൈജുവിന് കരയേണ്ടി വന്നത്. 2020 – 2021 സാമ്പത്തിക വർഷത്തിൽ മാത്രം 4,588 കോടി രൂപയുടെ നഷ്ടം കമ്പനി നേരിട്ടിരുന്നു.
പിന്നീടുള്ള വർഷങ്ങളിലും നഷ്ടം നേരിട്ടെങ്കിലും ഇതിന്റെ കണക്കുകൾ കമ്പനി പുറത്തു വിട്ടിട്ടില്ല. ബൈജൂസിന്റെ ഓഡിറ്റർ സ്ഥാനത്തു നിന്ന് ബഹുരാഷ്ട കമ്പനിയായ ഡിലോയിറ്റും പിന്മാറിയതാണ് ബൈജൂസിന്റെ സാമ്പത്തിക ബാധ്യത ആരംഭിച്ചത്. 2015ൽ ആയിരുന്നു ബൈജു രവീന്ദ്രൻ ബൈജൂസ് ആപ്പ് എന്ന ലേർണിംഗ് ആപ്പുമായി മുന്നോട്ട് വന്നത്. അധികം വൈകാതെ തന്നെ ആപ്പ് ജനശ്രദ്ധ പിടിച്ചുപറ്റി. പിന്നാലെ വൻ കുതിച്ചുച്ചാട്ടമായിരുന്നു കമ്പനി കാഴ്ച വെച്ചത്.
ഇതോടെ മാർക്ക് സക്കർബർഗ് അടക്കം നിരവധി വമ്പന്മാർ ബൈജൂസിൽ നിക്ഷേപിക്കാൻ തയ്യാറായിരുന്നു. ഇടക്ക് വെച്ച് സാമ്പത്തികമായി താഴ്ന്നുപോയെങ്കിലും കൊറോണ കാലത്ത് ലോക്ഡൗൺ വന്നതോടെ വീഡിയോ ലേർണിംഗിന് പ്രാധാന്യം കൂടി. ഇതോടെ കമ്പനിയിലേക്ക് വലിയ രീതിയിൽ നിക്ഷേപം വീണ്ടും ഒഴുകിയെത്തി. ഇതിന്റെ പിൻബലത്തിൽ വലിയ വായ്പകൾ എടുക്കാനും ബൈജൂസ് തയ്യാറായി. എന്നാൽ പിന്നീട് സ്കൂളുകൾ തുറന്നതോടെ വരുമാനം കുറഞ്ഞു.
ഇതോടെ എടുത്ത വായ്പകൾ തിരിച്ചടക്കാൻ അടക്കാൻ പറ്റാത്ത സാഹചര്യവും വന്നു. ഇതിനിടെ കൂടുതൽ നിക്ഷേപകരെ ലഭിക്കാനായി വരുമാനം ഉയർത്തിക്കാണിച്ചതും കമ്പനിക്ക് തിരിച്ചടിയായി. പിന്നാലെ വിദേശ പണമിടപാടുകളുടെ പേരിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും ബൈജൂസിനെതിരെ നിലപാട് സ്വീകരിച്ചു. ഇതോടെ നിക്ഷേപകരിൽ പലരും പിൻപലിഞ്ഞു. തുടർന്ന് കമ്പനിയുടെ കഷ്ടകാലം ആരംഭിക്കുകയായിരുന്നു.
ഐ.ഐ.എമ്മിൽ പ്രവേശനത്തിനുള്ള ക്യാറ്റ് പരീക്ഷയിൽ മികച്ച വിജയം നേടിയ വ്യക്തിയാണ് ബൈജു. എന്നാൽ ഇദ്ദേഹം ഈ കോഴ്സ് തിരഞ്ഞെടുത്തില്ല. പിന്നീട് തന്റെ സുഹൃത്തുക്കളെ പരീക്ഷയിൽ സഹായിച്ച് അവർക്കും മികച്ച വിജയം നേടിക്കൊടുത്തു. ഇതോടെ തന്റെ ഉപജീവനത്തിനുള്ള വഴിയും ഇദ്ദേഹം കണ്ടുപിടിക്കുകയായിരുന്നു. തുടർന്ന് പരീക്ഷക്കായി കുട്ടികൾക്ക് പരിശീലനം കൊടുക്കുന്നത് ബൈജു തൊഴിലാക്കി മാറ്റി.
2007 മുതൽ ബാംഗ്ലൂരിൽ വലിയ ഹാളുകളിൽ പരിശീലന പരിപാടികൾ സംഘടിപ്പിച്ചു. പിന്നാലെ 2011 ബൈജു രവീന്ദ്രന്റെ നേതൃത്തിൽ തിങ്ക് ആൻഡ് ലേൺ എന്ന സ്ഥാപനം ആരംഭിച്ചിരുന്നു. ഈ സ്ഥാപനത്തിന്റെ വിജയം ആണ് ബൈജൂസ് ആപ്പ് ആരംഭിക്കാൻ ബൈജു രവീന്ദ്രന് പ്രചോദനം നൽകിയത്. പിന്നാലെ ബൈജൂസ് ആപ്പ് ആരംഭിച്ച് ചുരുങ്ങിയ നാൾകൊണ്ട് തന്നെ വിജയം നേരിട്ടും. ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്റെ ജഴ്സി സ്പോൺസർ വരെയാകാൻ ബൈജൂസിന് സാധിച്ചിരുന്നു.
ആരെയും അമ്പരപ്പിക്കുന്ന വളർച്ചായിരുന്നു ബൈജൂസ് ആപ്പിന്റേത്. എന്നാൽ നിലവിൽ കമ്പനിക്കുള്ളത് വൻ സാമ്പത്തിക ബാധ്യതയാണ്. നിക്ഷേപകർ പലരും കമ്പനിയെ കൈയ്യൊഴിഞ്ഞു. സ്ഥാപക കുടുംബാംഗങ്ങൾ മാത്രമാണ് ഇപ്പോൾ കമ്പനിയുടെ ഡയറക്ടർ ബോർഡിൽ ശേഷിക്കുന്നത്. കണ്ണൂർ അഴീക്കോട്ട് അധ്യാപക ദമ്പതിമാരുടെ മകനാണ് ബി.ടെക് ബിരുദധാരിയായ ബൈജു രവീന്ദ്രൻ. തന്റെ വിദ്യാർത്ഥിനിയായ ദിവ്യ ഗോകുൽനാഥിനെയാണ് ബൈജു വിവാഹം ചെയ്തത്.