‘മോഹന്‍ലാലിന്റെ അടുത്ത് നിന്ന് മാറി നില്‍ക്കാന്‍ വല്ല്യമ്മ കണ്ണുരുട്ടിക്കൊണ്ട് പറഞ്ഞു’; അനുഭവം പങ്കുവെച്ച് ഭാഗ്യലക്ഷ്മി
സിനിമാ ഡബ്ബിംഗിന്റെ സമയത്തുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെക്കുകയാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റായ ഭാഗ്യലക്ഷ്മി. ജെ.ബി. ജങ്ഷനിലാണ് ഭാഗ്യലക്ഷ്മി സംഭവങ്ങള്‍ വിവരിക്കുന്നത്. സിനിമയുടെ ഡബ്ബിംഗിന് പോവുമ്പോള്‍ കൂടെ തന്റെ വല്ല്യമ്മയും വരുമായിരുന്നുവെന്നും തന്നെ നിയന്ത്രിക്കാനായിരുന്നു വല്ല്യമ്മ വന്നിരുന്നതെന്നും അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി പറയുന്നു. തിരനോട്ടം എന്ന ചിത്രത്തിന്റെ ഡബ്ബിംഗ് സമയത്തുണ്ടായ സംഭവത്തെക്കുറിച്ചാണ് പിന്നീട് ഭാഗ്യലക്ഷ്മി പറയുന്നത്.
‘തിരനോട്ടം ഡബ്ബിംഗ് സമയത്ത് ഞാന്‍, മോഹന്‍ലാല്‍, പ്രിയന്‍, സുരേഷ്, അശോക് കുമാര്‍ എന്നിവരെല്ലാം നില്‍ക്കുകയായിരുന്നു. അന്ന് മൈക്കിന് മുന്നില്‍ എല്ലാവരും ഒരുമിച്ച് വേണം നില്‍ക്കാന്‍. അങ്ങനെ ലാല്‍ എന്റെ അടുത്ത് വന്ന് നിന്നു. അപ്പോള്‍ വല്ല്യമ്മയുടെ പ്രതികരണം എനിക്ക് അറിയാവുന്നത് കൊണ്ട് ഞാന്‍ തിരിഞ്ഞുനോക്കി. അവന്റെ അടുത്തീന്ന് മാറിനില്‍ക്ക് എന്ന് വല്ല്യമ്മ കണ്ണുകൊണ്ട് ആക്ഷന്‍ കാട്ടുന്നുണ്ടായിരുന്നു. മോഹന്‍ലാല്‍ എന്നല്ല എല്ലാ നടന്‍മാരെയും വല്ല്യമ്മ ആ കണ്ണിലൂടെയാണ് നോക്കിക്കാണുന്നത്,’ ഭാഗ്യലക്ഷ്മി പറഞ്ഞു.
‘ഊണ്‍ കഴിച്ച് കഴിഞ്ഞ് കൈ കഴുകാന്‍ പോയപ്പോള്‍ ലാല്‍ കൂടെ വന്ന് തന്നോട് കുശുകുശാ എന്ന് ഓരോന്ന് പറയാന്‍ തുടങ്ങി. ഈ കിളവി എപ്പോഴും കൂടെ കാണുമോ എന്നാണ് ലാല്‍ ചോദിച്ചത്. കാണുമെന്ന് ഞാന്‍ പറഞ്ഞു. തിരിച്ചെത്തിയപ്പോള്‍ എന്താടി അവനോട് അവിടെ വെച്ച് പറഞ്ഞത് എന്നാണ് വല്ല്യമ്മ ചോദിച്ചത്,’ ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍.
നമ്മുടെ വാലില്‍ തൂങ്ങി സംശയരോഗിയെപ്പോലെ നടക്കുന്നത് ആര്‍ക്കെങ്കിലും ഇഷ്ടപ്പെടുമോ എന്നും ആ പ്രായത്തില്‍ സമപ്രായക്കാരായ ആണ്‍കുട്ടികളോട് അടുത്ത് സംസാരിക്കാന്‍ എല്ലാവര്‍ക്കും ആഗ്രഹം തോന്നില്ലേ എന്നും അഭിമുഖത്തില്‍ ഭാഗ്യലക്ഷ്മി കൂട്ടിച്ചേര്‍ത്തു.