ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല, എമര്‍ജെന്‍സി ലൈറ്റ് ഇട്ട് കാണിച്ചാല്‍ റോഡിന് വീതി കൂടില്ല; നല്ല ഡ്രൈവിംഗിനെ കുറിച്ച് ഭാഗ്യലക്ഷ്മി
തൃശ്ശൂര്‍: പലപ്പോഴും റോഡിലെ ചെറിയൊരു അശ്രദ്ധ വലിയൊരു ദുരന്തത്തിന് വഴിവെക്കാറുണ്ട്. ഡ്രൈവിംഗ് നല്ലതാക്കാന്‍ ട്രാഫിക് നിയമങ്ങളൊക്കെ പാലിച്ച് വണ്ടി ഓടിച്ചാല്‍ തന്നെ മതി. അത്തരത്തില്‍ ഡ്രൈവിംഗ് മികച്ചതാക്കാന്‍ ചില നല്ല ചിന്തകള്‍ പങ്കുവെച്ചിരിക്കുകയാണ് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫേസ്ബുക്കിലൂടെയാണ് അവര്‍ ഇത് പങ്കുവെച്ചത്. ഭാഗ്യലക്ഷ്മി നല്ല ഡ്രൈവിംഗിനെ കുറച്ച് പങ്കുവെച്ച നല്ല ചിന്തകള്‍ ഇതാ…
1. വണ്ടിയെടുത്ത് റോഡില്‍ ഇറങ്ങുമ്പോള്‍ ഓര്‍ക്കുക സ്വന്തം പേരില്‍ ആധാരം എഴുതിയ സ്ഥലം ഗേറ്റ് കടന്നപ്പോള്‍ കഴിഞ്ഞു.
2. ആക്സിലേറ്ററില്‍ കാല്‍ ചവിട്ടുമ്പോള്‍ കാറ്റ് കൂടുതല്‍ കിട്ടുന്നത് കാറ്റ് പോവാന്‍ കാരണമാവും.
3. വണ്ടി ഒരു യന്ത്രമാണ്. പൂച്ചയല്ല മറിഞ്ഞു പോയാലും നാലു കാലില്‍ തന്നെ വീഴാന്‍.
4. ട്രാഫിക്കില്‍ കിടന്ന് ഹോണ്‍ അടിച്ചാല്‍ പിതൃക്കള്‍ നാട്ടുകാരാല്‍ സ്മരിക്കും.
5. എമര്‍ജെന്‍സി ലൈറ്റ് ഇട്ട് കാണിച്ചാല്‍ റോഡിന് വീതി കൂടില്ല.
6. ബ്ലോക്കില്‍ സൈഡ് തെറ്റി ചെന്ന് കേറുന്നത് ആണത്തമല്ല. മറിച്ച് ശുദ്ധ തെണ്ടിത്തരം ആണ്.
7. രാത്രിയില്‍ ഡിം അടിക്കാതെ നമ്മുടെ ലൈറ്റിന്റെ പൊങ്ങച്ചം മറ്റുള്ളവരെ കാണിക്കരുത്. എതിരെ വരുന്ന വണ്ടിക്കാരന്‍ വഴി നന്നായി കണ്ടില്ലെങ്കില്‍ അവര്‍ ചിലപ്പോള്‍ നമ്മളെ സ്വര്‍ഗത്തിലേക്കുള്ള വഴി കാട്ടിത്തന്നു എന്നിരിക്കും.
8. വാഹനം എത്ര വില കുറഞ്ഞതോ കൂടിയതോ ആയിക്കൊള്ളട്ടേ. നിങ്ങള്‍ എത്ര വലിയവനോ ചെറിയവനോ ആയിക്കോട്ടേ. ഡ്രൈവിംഗ് സീറ്റില്‍ ഇരുന്നാല്‍ നിങ്ങളും ഒരു ഡ്രൈവര്‍ മാത്രമാണ്.
9.ഹോണ്‍ വെച്ചിരിക്കുന്നത് മറ്റുളളവന്റെ ചെവി പൊട്ടിക്കാനല്ല എന്ന് ഓര്‍ക്കണം.
10.ഗ്രീന്‍ സിഗ്നല്‍ മാറിയാല്‍ മുന്നിലുളള വാഹനത്തിന് ചാടാനാവില്ല എന്ന് മനസിലാക്കണം.
11.നിന്റെ പിന്നാലെ വരുന്ന വാഹനത്തിന് ദിവ്യ ശക്തിയില്ല നീ തിരിയാന്‍ പോവുകയാണെന്ന് മനസിലാക്കാന്‍.