മലപ്പുറം: നിലമ്പൂരില്‍ നദിയില്‍ ഒഴുകിയെത്തിയ കുട്ടിയാനയെ രക്ഷപ്പെടുത്തി കാട്ടില്‍ വിട്ടു. നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തിയാണ് ആനക്കുട്ടിയെ രക്ഷിച്ചത്. നിലമ്പൂര്‍ ചോക്കോട് ഇന്നലെ പുലര്‍ച്ചെയാണ് സംഭവമുണ്ടായത്. കനത്ത മഴയില്‍ വലിയൊരു ശബ്ദം കേട്ടാണ് പ്രദേശവാസികള്‍ ശ്രദ്ധിച്ചത്. ഒഴുകിപ്പോകുന്ന ആനക്കുട്ടിയെ കണ്ടതോടെ ഇവര്‍ വനംവകുപ്പിനെ അറിയിക്കുകയായിരുന്നു.
പരിഭ്രാന്തിയിലായിരുന്ന ആനക്കുട്ടിയെ വളരെ ബുദ്ധിമുട്ടിയാണ് രക്ഷിച്ചതെന്ന് വനംവകുപ്പ് അറിയിച്ചു. കരയ്ക്ക് കയറ്റിയിട്ടും ജനക്കൂട്ടത്തെ കണ്ടപ്പോള്‍ ആനക്കുട്ടി ഭയന്നോടാന്‍ ശ്രമിച്ചു. ലോറിയില്‍ കയറ്റിയ ശേഷവും ചാടിയോടാന്‍ ശ്രമിച്ചെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കാളികാവ് ഫോറസ്റ്റ് റേഞ്ച് ഉദ്യോഗസ്ഥരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. നദിയില്‍ വീണെങ്കിലും ആനക്കുട്ടിക്ക് കാര്യമായ പരിക്കുകള്‍ ഒന്നും ഏറ്റിട്ടില്ലെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിക്കുന്നത്.