സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി; നടിമാരും ലഹരി ഉപയോഗിക്കുന്നുണ്ടെന്ന് ബാബുരാജ്
കൊച്ചി: സിനിമാ സെറ്റുകളില്‍ ലഹരിമരുന്നിന്റെ ഉപയോഗം വ്യാപകമാണെന്നും പോലീസ് പരിശോധനയുണ്ടായാല്‍ പലരും കുടുങ്ങുമെന്നും അമ്മ എക്‌സിക്യുട്ടീവ് കമ്മിറ്റി അംഗം ബാബുരാജ്. ഷെയ്ന്‍ നിഗമിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. സിനിമാ സെറ്റുകളില്‍ ലഹരി ഉപയോഗം ഫാഷനായി മാറി. എല്‍എസ്ഡിയേക്കാള്‍ രൂക്ഷമായ ലഹരികളാണ് ചിലര്‍ ഉപയോഗിക്കുന്നത്. ചില സിനിമാ സെറ്റുകള്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്നവരുടേതു മാത്രമാണ്. സെറ്റില്‍ പോലീസ് തെരച്ചില്‍ നടത്തിയാല്‍ പലരും കുടുങ്ങും. ലഹരി ഉപയോഗിക്കാത്തവര്‍ ഒന്നിനും കൊള്ളില്ലെന്നാണ് ഇത്തരക്കാരുടെ നിലപാട്. ലഹരി ഉപയോഗിക്കുന്നവര്‍ പലരും അമ്മയുടെ ഭാഗമല്ല. അവര്‍ക്കു താത്പര്യവുമില്ല. നിര്‍മാതാക്കള്‍ പറയുന്നത് വസ്തുനിഷ്ഠമാണെന്നും ബാബുരാജ് പറഞ്ഞു.
ഷെയ്‌നിന്റെ വിഷയത്തില്‍ ഇടപെടാന്‍ അമ്മയ്ക്കു പരിമിതിയുണ്ട്. പ്രശ്‌നമുണ്ടായപ്പോള്‍ മാത്രമാണ് ഷെയ്ന്‍ അമ്മയില്‍ അംഗമായത്. ഷെയിനിന്റെ കാര്യത്തില്‍ ഇടപെടല്‍ ഫലവത്താകില്ലെന്ന് തനിക്ക് ഉറപ്പുണ്ടായിരുന്നു. ഷെയിനിന്റെ വീഡിയോകള്‍ കണ്ടാല്‍ പലതും മനസിലാകും. നിര്‍മാതാവുമായുള്ള കരാര്‍ ലംഘിച്ചാല്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഷെയ്‌നിനു പിന്തുണ നല്‍കുന്നതില്‍ പരിധിയുണ്ടെന്നും ബാബുരാജ് പറഞ്ഞു. സിനിമയുടെ എല്ലാ മേഖലയിലും ലഹരിമരുന്ന് ഉപയോഗം വ്യാപകമാണ്. ഇതു മനസിലായതുകൊണ്ടാണ് ലഹരിമരുന്ന് ഉപയോഗിക്കുന്നവരെ പുറത്താക്കുമെന്ന നിയമം ഉള്‍പ്പെടുത്തി അമ്മയുടെ ബൈലോ പുതുക്കിയത്.
നടിമാരില്‍ ചിലരും ലഹരി ഉപയോഗിക്കുന്നവരുണ്ടെന്നും ബാബുരാജ് വ്യക്തമാക്കി. പ്രൊഡ്യൂസഴ്‌സ് അസോസിയേഷന്‍ നടത്തിയ പത്രസമ്മേളനത്തില്‍ നിര്‍മാതാക്കളുടെ സംഘടനാ പ്രസിഡന്റ് രഞ്ജിത്താണ് പുതുതലമുറയിലെ ചില നടന്മാര്‍ സിനിമാ സെറ്റില്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന ഗുരുതരമായ ആരോപണമുന്നയിച്ചത്. മലയാളത്തിലെ ന്യൂജന്‍ സിനിമാക്കാരില്‍ ലഹരി പിടിമുറക്കുകയാണെന്ന ആരോപണത്തിന് ഏറെ പഴക്കമുണ്ടെങ്കിലും സിനിമാരംഗത്തുള്ളവര്‍തന്നെ ഇക്കാര്യം പരസ്യമായി പറയുന്നത് ഇതാദ്യമാണ്. സ്വബോധത്തോടെയാണെന്നു തോന്നാത്തവിധമാണു പല യുവനടന്‍മാരും പലപ്പോഴും പെരുമാറുന്നത്. ലക്ഷങ്ങള്‍ എണ്ണി വാങ്ങിയിട്ടു തനിക്ക് മൂഡില്ലെന്നും മറ്റും പറഞ്ഞു ഷൂട്ടിംഗ് വൈകിപ്പിച്ച് ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. ഇത്തരം ദുരനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടായിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ ചൂണ്ടിക്കാട്ടുന്നു.