തിരുവനന്തപുരം:കാത്തിരിപ്പിനൊടുവില്‍ ചേര്‍ത്തലയിലെ ഓട്ടോകാസ്റ്റിന് റെയില്‍വേ ബോഗി നിര്‍മ്മാണത്തിനുള്ള ഓര്‍ഡര്‍ ലഭിച്ചു. ഉത്തര റെയില്‍വെ പഞ്ചാബ് സോണിനുള്ള ഗുഡ്സ് വാഗണിന് ആവശ്യമായ കാസ്‌നബ് ബോഗിയാണ് ഓട്ടോകാസ്റ്റ് നിര്‍മ്മിക്കുക. ഇന്ത്യയില്‍ ആദ്യമായാണ് ഒരു സംസ്ഥാന പൊതുമേഖലാ സ്ഥാപനത്തിന് റെയില്‍വെ ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുന്നത്. ടെന്‍ഡറില്‍ പങ്കെടുത്ത ഓട്ടോകാസ്റ്റാണ് ഏറ്റവും കുറഞ്ഞ തുക ക്വോട്ട് ചെയ്തത്. ടെന്‍ഡറില്‍ സൂചിപ്പിച്ചതില്‍ അഞ്ച് ശതമാനം ബോഗി നിര്‍മ്മിക്കാനുള്ള ഓര്‍ഡര്‍ മാത്രമേ ആദ്യഘട്ടത്തില്‍ ഓട്ടോകാസ്റ്റിന് ലഭിക്കൂ. റെയില്‍വെ നിശ്ചയിച്ച നിലവാരത്തില്‍ ബോഗി നിര്‍മ്മിച്ചാല്‍, തുടര്‍ ടെന്‍ഡറുകളില്‍ യോഗ്യത നേടുമ്പോള്‍ 20 ശതമാനം ബോഗികള്‍ നിര്‍മ്മിക്കാം. അതും വിജയകരമായി പൂര്‍ത്തിയാക്കിയാല്‍ തുടര്‍ന്നുള്ള ടെന്‍ഡറുകളില്‍ ഒന്നാമതെത്തുമ്പോള്‍ മുഴുവന്‍ ബോഗികളും നിര്‍മ്മിക്കാന്‍ യോഗ്യതയുണ്ടാകും. നേരത്തെ പരീക്ഷണാടിസ്ഥാനത്തില്‍ ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മിച്ചിട്ടുണ്ട്. ഓട്ടോകാസ്റ്റിലെ എന്‍ജിനിയര്‍മാരും തൊഴിലാളികളുമാണ് ഇതില്‍ പങ്കാളികളായത്. വിവിധ ബോഗികളുടെ മാതൃകകള്‍ വിശദമായി പരിശോധിച്ചാണ് സ്വന്തമായി ബോഗി നിര്‍മ്മിച്ചത്. പുതിയ ബോഗി നിര്‍മ്മിക്കാനായി ആര്‍.ഡി.എസ്.ഒയുടെ ലക്‌നൗ കേന്ദ്രത്തില്‍ നിന്നാണ് ഡിസൈന്‍ ശേഖരിക്കുക.ബോഗി നിര്‍മ്മാണത്തിനുള്ള ആവശ്യം വര്‍ദ്ധിച്ച് വരികയാണ്.