മറന്നുവെച്ച രണ്ടുലക്ഷം രൂപയും സ്വര്‍ണ മോതിരവും അടങ്ങി പഴ്‌സ് ഉടമയ്ക്ക് തിരികെ ഏല്‍പ്പിച്ച് മാതൃകയായി ഓട്ടോഡ്രൈവര്‍; സഹായകമായത് സോഷ്യല്‍ മീഡിയ
തിരുവനന്തപുരം: ഓട്ടോയില്‍ മറന്നുവെച്ച രണ്ടുലക്ഷത്തോളം രൂപയും സ്വര്‍ണ്ണ മോതിരവും അടങ്ങുന്ന പഴ്‌സ് ഉടമയെ തേടിപിടിച്ച് തിരികെ ഏല്‍പ്പിച്ച് മാതൃകയായി ഓട്ടോഡ്രൈവര്‍. പാപ്പനംകോട് എസ്റ്റേറ്റ് സ്വദേശി അജിയാണ് തന്റെ ഓട്ടോയില്‍ മറന്ന് വെച്ച പഴ്‌സ് ഉടമയെ തേടിപ്പിടിച്ച് കണ്ടുപിടിച്ച് തിരികെ ഏല്‍പ്പിച്ച് മാതൃകയായത്. സത്യന്‍നഗര്‍ സ്വദേശിനി ശകുന്തളയുടെ പഴ്‌സാണ് തിരികെ ഏല്‍പ്പിച്ചത്.
സോഷ്യല്‍ മീഡിയയുടെ സഹായത്തോടെയാണ് സജി ശകുന്തളയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി എസ്റ്റേറ്റിന് സമീപത്ത് നിന്ന് ഇവര്‍ അജിയുടെ ഓട്ടോയില്‍ കയറിയിരുന്നു. രാത്രി ഓട്ടം കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മറന്നുവച്ച പഴ്സ് ശ്രദ്ധയില്‍പ്പെട്ടത്.
രാവിലെമുതല്‍ ഒട്ടേറെപ്പേര്‍ ഓട്ടോയില്‍ യാത്ര ചെയ്തതിനാല്‍ പഴ്‌സ് ആരുടേതെന്നറിയാന്‍ കഴിഞ്ഞില്ല. ഒടുവില്‍ വിവരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തു. ഇത് ശ്രദ്ധയില്‍പ്പെട്ട ശകുന്തളയുടെ അയല്‍വാസികളാണ് വിവരം ഉടമയെ അറിയിച്ചത്. തുടര്‍ന്ന് നേമം പോലീസ് സ്റ്റേഷനില്‍ വെച്ച് അജി പഴ്‌സ് ശകുന്തളയ്ക്ക് കൈമാറുകയായിരിന്നു.