നടുറോഡിലിട്ട് ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോ ഡ്രൈവര്‍ മര്‍ദ്ദിച്ചു; കാഴ്ചക്കാരായി നാട്ടുകാര്‍
തിരുവനന്തപുരം: ഇതരസംസ്ഥാന തൊഴിലാളിയെ ഓട്ടോറിക്ഷാ ഡ്രൈവര്‍ നാട്ടുകാര്‍ കാണ്‍കെ റോഡിലിട്ട് മര്‍ദ്ദിച്ചു. വിഴിഞ്ഞം മുക്കോല ഓട്ടോറിക്ഷാ സ്റ്റാന്‍ഡിലെ ഡ്രൈവറായ സുരേഷാണ് ഗൗതം മണ്ഡല്‍ എന്ന തൊഴിലാളിയെ നടുറോഡിലിട്ട് മര്‍ദിച്ചത്.
ശനിയാഴ്ച സന്ധ്യക്കാണ് സംഭവം. സുരേഷ് തന്റെ ഓട്ടോറിക്ഷ പിന്നിലേക്ക് എടുക്കുമ്പോള്‍ അത് വഴി വരുകയായിരുന്ന ഗൗതമിന്റെ ശരീരത്തില്‍ തട്ടി. ഇത് ചോദ്യം ചെയ്തതില്‍ പ്രകോപിതനായ സുരേഷ് ഗൗതമിനെ അസഭ്യം പറയുകയും മുഖത്തടിക്കുകയുമായിരുന്നു. ഇതു കണ്ടുനിന്ന നാട്ടുകാരും പ്രതികരിച്ചില്ല.
മര്‍ദിച്ചശേഷം സുരേഷ്, ഗൗതമിന്റെ തിരിച്ചറിയല്‍ രേഖ ആവശ്യപ്പെട്ടു. അത് നല്‍കാന്‍ വിസമ്മതിച്ചപ്പോള്‍ വീണ്ടും മുഖത്തടിച്ചു. പിന്നീട് കാര്‍ഡ് വാങ്ങിയശേഷം പോലീസ് സ്റ്റേഷനില്‍ നിന്ന് അത് തിരിച്ചുവാങ്ങാന്‍ പറഞ്ഞ് ഗൗതമിനെ വിരട്ടിയോടിച്ചു. ഇതിന്റെ വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് വിഴിഞ്ഞം പോലീസ് ഇതേക്കുറിച്ച് അന്വേഷണം നടത്തിയത്. സംഭവത്തില്‍ കേസെടുക്കുമെന്ന് വിഴിഞ്ഞം എസ്.ഐ. എസ്.എസ്. സജി അറിയിച്ചു.