സ്പീഡോ മീറ്ററിലെ പരമാവധി വേഗം 80, ഓട്ടോ റിക്ഷ പാഞ്ഞത് 109 കിലോമീറ്റര്‍ വേഗത്തില്‍! അമ്പരന്ന് ഓട്ടോഡ്രൈവര്‍
പാലക്കാട്: സ്പീഡോ മീറ്ററില്‍ പരമാവധി രേഖപ്പെടുത്തിയിരിക്കുന്നത് 80 കിലോമീറ്റര്‍ വേഗത, ഓട്ടോറിക്ഷ പോയത് 109 കിലോമീറ്റര്‍ വേഗത്തില്‍!. അതേ നിങ്ങളെ പോലെ തന്നെ ഞെട്ടിയിരിക്കുകയാണ് ഓട്ടോഡ്രൈവറായ അബ്ദുല്‍ സലാമും. പാലക്കാട് മുടപ്പല്ലൂരിലാണ് സംഭവം നടന്നത്. തനിക്ക് 109 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞതിന് പോലീസ് അയച്ച നോട്ടീസ് കണ്ട് അമ്പരന്നിരിക്കുയാണ് സലാം. ദീര്‍ഘകാലമായി ഓട്ടോ ഓടിക്കുന്നുണ്ടെങ്കിലും യൂണിഫോം ധരിക്കാത്തതിന്റെ പേരില്‍പോലും തനിക്കു പിഴയടയ്ക്കേണ്ടി വന്നിട്ടില്ലെന്നാണ് സലാം പറയുന്നത്.
വടക്കഞ്ചേരി-വാളയാര്‍ ദേശീയപാതയില്‍ സലാമിന്റെ ഓട്ടോ ഏപ്രില്‍ 13ന് അമിത വേഗത്തില്‍ പോയിയെന്നാണ് നോട്ടീസില്‍ പറയുന്നത്. ഓട്ടോയുടെ ചിത്രം സഹിതമാണു നോട്ടീസ് ലഭിച്ചത്. ഒരു കാറിന് സമീപത്ത് കൂടെ ഓട്ടോ പോകുന്നതാണ് ചിത്രത്തില്‍ കാണുന്നത്. പ്രശ്നങ്ങള്‍ ഉണ്ടാവാതിരിക്കാന്‍ സലാം പിഴയടച്ചു.
വിഷയം ചര്‍ച്ചയായതോടെ മോട്ടര്‍ വാഹന വകുപ്പ് പരിശോധന നടത്തി. ഓട്ടോയ്ക്ക് ഇത്ര വേഗത്തില്‍ പോകാന്‍ പറ്റില്ലെന്നു തന്നെയാണ് അധികൃതരും പറയുന്നത്. ഓട്ടോയ്ക്കു സമീപമുണ്ടായിരുന്ന കാറിന്റെ അമിതവേഗം സലാമിന്റെ ഓട്ടോയുടേതായി തെറ്റിദ്ധരിച്ചു നോട്ടീസ് അയച്ചതാകാം എന്നാണ് കരുതുന്നത്.