സമൂഹമാധ്യമങ്ങളിലെ അഭിപ്രായ സ്വാതന്ത്ര്യത്തിന് നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍
ന്യൂഡല്‍ഹി: സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചകള്‍ക്കോ അഭിപ്രായ സ്വാതന്ത്ര്യത്തിനോ നിയന്ത്രണമേര്‍പ്പെടുത്താന്‍ കഴിയില്ലെന്ന് അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍. ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ആരോഗ്യകരമായ ജനാധിപത്യത്തിന് സമൂഹമാധ്യമങ്ങളിലെ തുറന്ന ചര്‍ച്ചകള്‍ തടയാതിരിക്കുന്നതാണ് അനുയോജ്യം. മറിച്ചുള്ള നീക്കങ്ങള്‍ വിവാദം ക്ഷണിച്ചുവരുത്തും. വിമര്‍ശനങ്ങള്‍ പരിധി ലംഘിച്ചില്ലെങ്കില്‍ സുപ്രീംകോടതി ഇവയില്‍ ഇടപെടാറില്ല. വിമര്‍ശനങ്ങള്‍ കുറയ്ക്കുന്നതിന് നിയമം അനാവശ്യമാണെന്നും അറ്റോര്‍ണി ജനറല്‍ പറഞ്ഞു.
മറയില്ലാത്ത ജനാധിപത്യവും മറയില്ലാത്ത ചര്‍ച്ചകളും സമൂഹത്തെ മുന്നോട്ടുകൊണ്ടുപോകാന്‍ ആവശ്യമാണ്. സുപ്രീംകോടതി വിധികള്‍ക്കെതിരായ അഭിപ്രായപ്രകടനങ്ങള്‍ക്ക് കോടതിയലക്ഷ്യ കേസ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് നിരവധി അപേക്ഷകള്‍ തനിക്ക് വന്നിട്ടുണ്ട്. അവയില്‍ 11 എണ്ണം മാത്രമാണ് അനുവദിച്ചതെന്നും കെ.കെ. വേണുഗോപാല്‍ പറഞ്ഞു. തെറ്റുകള്‍ ചൂണ്ടിക്കാട്ടിയാല്‍ അതില്‍ ചര്‍ച്ചകള്‍ നടത്തുന്നതിന് സുപ്രീംകോടതിക്കു സന്തോഷമാണുള്ളതെന്നും വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.