നൂറിന് പകരം അഞ്ഞൂറ്! എ.ടി.എമ്മില്‍ പണം പിന്‍വലിക്കാന്‍ എത്തിയവര്‍ ഞെട്ടി
ബാഗളൂരു: നൂറു രൂപ പിന്‍വലിക്കാന്‍ എത്തിയവര്‍ക്ക് എ.ടി.എം മെഷീനില്‍ നിന്ന് ലഭിച്ചത് 500 രൂപ. കൊഡഗു ജില്ലയിലെ മടിക്കേരിയിലെ കാനറ ബാങ്കിന്റെ എ.ടി.എമ്മില്‍ ബുധനാഴ്ചയാണ് സംഭവം. എ.ടി.എം പണം കൈകാര്യം ചെയ്യുന്ന ഏജന്‍സിക്ക് പറ്റിയ പിഴവാണ് ഇതിന് കാരണം. എടിഎം മെഷീനില്‍ നൂറ് നിറക്കേണ്ട ട്രേയില്‍ ഏജന്‍സി നിറച്ചത് 500 രൂപയായിരുന്നു. ഇതേ തുടര്‍ന്ന് ഏകദേശം 1.7 ലക്ഷം രൂപ എടിഎം മെഷീനില്‍ നിന്ന് പിന്‍വലിക്കപ്പെട്ടു.
നൂറിന് പകരം അഞ്ഞൂറ് കൈയില്‍ കിട്ടിയ ഉപയോക്താക്കളില്‍ ഒരാള്‍ ബാങ്കിനെ സമീപിച്ചപ്പോഴാണ് ഈ പിഴവ് ശ്രദ്ധയില്‍ പെട്ടത്. ഉടന്‍ തന്നെ ഏജന്‍സിയുമായി ബന്ധപ്പെട്ട് പണം തിരികെ വാങ്ങാനും ആവശ്യപ്പെട്ടു. എടിഎംമില്‍ നിന്ന് പണം പിന്‍വലിച്ചവരെ ബാങ്ക് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാല്‍ 60,000 രൂപ എടുത്ത രണ്ട് പേര്‍ പണം നല്‍കാന്‍ വിസമതിച്ചു. ബാങ്കിന് പറ്റിയ പിഴവാണ് ഇതെന്നും അതുകൊണ്ട് പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഏജന്‍സി പോലീസുമായി ബന്ധപ്പെട്ടു. തുടര്‍ന്ന് പോലീസ് ഇടപെട്ടതോടെ പണം തിരികെ നല്‍കുകയും ചെയ്തു.