അഭിപ്രായങ്ങൾ പറഞ്ഞ് എന്തിനാണ് മറ്റുള്ളവരെ തളർത്തുന്നത് ‘നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്’? ബോഡി ഷെയ്മിങ്ങിനെതിരെ അതിയ ഷെട്ടി
മുംബൈ:ഏറെപ്പേർക്കും താൽപര്യം മറ്റുള്ളവരുടെ ശരീര ഭാരം, രൂപം എന്നിവയെക്കുറിച്ച് അഭിപ്രായം പറയാനാണ്. അവയൊക്കെ കേൾക്കുന്നവരെ അസ്വസ്ഥരാക്കും എന്നുപോലും മനസ്സിലാക്കാതെയാണ് പല അഭിപ്രായങ്ങളും പറയുക. ഇത്തരം അഭിപ്രായപ്രകടനങ്ങൾ വ്യക്തികളുടെ ആത്മവിശ്വാസം ഇല്ലാതാക്കുമെന്നു പറയുകയാണ് ബോളിവുഡ് താരം അതിയ ഷെട്ടി. കൗമാരത്തിൽ ശരീരത്തെക്കുറിച്ച് താൻ ഒട്ടേറെ മോശം അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടെന്നു പറഞ്ഞ നടി, അവയെ അതിജീവിക്കാൻ നന്നായി പണിപ്പെട്ടെന്നും പറയുന്നു.
ഭാരം കുറഞ്ഞ് മെലിഞ്ഞിരിക്കുന്നതിന്റെ പേരിലാണ് ആളുകൾ കളിയാക്കിയതെന്ന് അതിയ പറയുന്നു. നമ്മുടെ ഏത് അഭിപ്രായവും മറ്റുള്ളവരെ ബാധിക്കും എന്നതിനാൽ, ദയയോടു കൂടി വേണം അഭിപ്രായം പറയാൻ. സ്‌നേഹവും പരിഗണനയും മറക്കാതെ. വിമർശനങ്ങൾ എന്നെ തളർത്തി. അവയൊന്നും അത്രപെട്ടെന്ന് മറക്കാനാവില്ല. അനുഭവത്തിൽ നിന്നാണ് ഞാൻ പറയുന്നത്- 29 വയസ്സുള്ള നടി പറയുന്നു.
നല്ലതൊന്നും പറയാനില്ലെങ്കിൽ ഒന്നും മിണ്ടാതിരിക്കുന്നതല്ലേ നല്ലത്. മോശം അഭിപ്രായങ്ങൾ പറഞ്ഞ് എന്തിനാണ് മറ്റുള്ളവരെ തളർത്തുന്നത്. തകർക്കുന്നതും. ഒരു വ്യക്തിയുടെ എല്ലാ ആത്മവിശ്വാസവും ഇല്ലാതാക്കുന്നത് ഒരിക്കലും നല്ലതല്ല- അതിയ പറയുന്നു. കൗമാരത്തിലും യൗവനത്തിന്റെ തുടക്കത്തിലും ശരീരത്തെക്കുറിച്ച് താൻ ഒട്ടേറെ ചിന്തിച്ചിരുന്നെന്നും വിഷമിച്ചെന്നും നടി വ്യക്തമാക്കി. അന്നൊന്നും ആത്മവിശ്വാസം ഉണ്ടായിരുന്നില്ല. എന്നാൽ, ഇന്ന് ശരിയായ കാഴ്ചപ്പാട് ഉണ്ട്. അതുകൊണ്ടുതന്നെ സന്തോഷവും ആത്മവിശ്വാസവുമുണ്ട്- പ്രസിദ്ധ നടൻ സുനിൽ ഷെട്ടിയുടെ മകളായ അതിയ ഷെട്ടി പറയുന്നു.
ശരീരത്തെക്കുറിച്ച് അഭിപ്രായങ്ങൾ പറയേണ്ടത് സ്വന്തം കടമയാണെന്നാണു പലരും വിചാരിക്കുന്നത്. അത് തെറ്റാണ്. മറ്റുള്ളവരെക്കുറിച്ച് മോശം കാര്യങ്ങൾ പറയാനുള്ള ഒരു ഉത്തരവാദിത്വവും നമുക്കില്ല. നാം അത് ചെയ്യരുത്. അവരെ ജീവിക്കാൻ വിടുക. അവർ സന്തോഷത്തോടെ ജീവിച്ചോട്ടെ. മാഗസിൻ കവർചിത്രങ്ങൾ, അഭിമുഖങ്ങൾ, മാധ്യമ വാർത്തകൾ എല്ലാം ശരിയായ ശരീരത്തെക്കുറിച്ചും രൂപത്തെക്കുറിച്ചുമൊക്കെ നമ്മെ തെറ്റിധരിപ്പിക്കുന്നു. തെറ്റിധാരണയിൽ വീണാൽ രക്ഷപ്പെടാൻ സാധ്യത കുറവാണ്. അതുകൊണ്ട് ജാഗ്രതയോടെ ജീവിക്കുകയാണ് വേണ്ടത്.
പല പെൺകുട്ടികളും ആൺകുട്ടികളും ചില മാതൃകകൾ മനസ്സിൽ കണ്ടാണു ജീവിക്കുന്നത്. ആരാധിക്കുന്ന താരങ്ങളെപ്പോലെയാകാൻ കൊതിക്കുന്നു. അവരുടേതുപോലുള്ള ശരീരം ഉണ്ടാകാൻ വേണ്ടി അധ്വാനിക്കുന്നു. കഷ്ടപ്പെടുന്നു. എന്നാൽ അത്തരം പരിശ്രമങ്ങൾ ആപത്തിൽ ചാടിക്കുകയായിരിക്കും ചെയ്യുക. പകരം സ്വന്തം ശരീരത്തെ സ്‌നേഹിക്കാനും ആത്മവിശ്വാസത്തോടെ ജീവിതത്തെ നേരിടാനുമാണ് പഠിക്കേണ്ടത്. സ്വയം നീതി പുലർത്തുക എന്നതാണ് പ്രധാനം. സ്വയം സത്യസന്ധയായിരിക്കുക. അതു തന്നെയാണ് സൗന്ദര്യവും. അല്ലാതെ ബാഹ്യമായ സങ്കൽപങ്ങളല്ല. സമൂഹത്തിന്റെ സങ്കൽപങ്ങൾ പ്രകാരം അപൂർണതയുണ്ടെന്ന് തോന്നിയാൽ മനസ്സിലാക്കൂ അതു തന്നെയാണ് യഥാർഥ പൂർണത.
എല്ലാവരും ഒരുപോലെയല്ല ഇരിക്കുന്നത്. എല്ലാവർക്കും ഒരേ നീളവും വണ്ണവും ആകൃതിയുമല്ല. അതു മനസ്സിലാക്കിയാൽ തന്നെ മിക്ക പ്രശ്‌നവും തീരും. സ്ത്രീകളാണ് ഇക്കാര്യത്തിൽ കൂടുതൽ ശ്രദ്ധിക്കേണ്ടത്. പുരുഷൻമാരും ചിലപ്പോൾ അബദ്ധ ധാരണകളിൽ വീഴാറുണ്ട്. എന്നാൽ, സ്ത്രീകൾ മനസ്സിലെ സങ്കൽപങ്ങൾക്കനുസരിച്ച് ജീവിക്കാൻ തുടങ്ങുന്നതോടെ അപകർഷതാ ബോധവും വളരുന്നു.’– അതിയ പറയുന്നു.