‘പ്രിയപ്പെട്ട ആസിഫ്, ദയവ് ചെയ്ത് ആ പരിപാടിയില്‍ പങ്കെടുക്കരുത്’ പി.സി ജോര്‍ജിന്റെ പരിപാടി ബഹിഷ്‌കരിക്കണമെന്ന് ആസിഫ് അലിയോട് ആരാധകര്‍
കോഴിക്കോട്: പൂഞ്ഞാര്‍ എം.എല്‍.എ പി.സി ജോര്‍ജിന്റെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് നടന്‍ ആസിഫ് അലിയോട് ഫേസ്ബുക്കിലൂടെ ആവശ്യപ്പെട്ട് ആരാധകര്‍. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച സ്‌കൂളുകള്‍ക്കും ഫുള്‍ എ പ്ലസ് ജേതാക്കള്‍ക്കും റാങ്ക് ജേതാക്കള്‍ക്കുമുള്ള എം.എല്‍.എ എക്‌സലേഷ്യ അവാര്‍ഡ് പരിപാടിയില്‍ മുഖ്യാതിഥിയായി നിശ്ചയിച്ചിരിക്കുന്നത് ആസിഫ് അലിയെയാണ്.
‘പ്രിയപ്പെട്ട ആസിഫ്, ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്നു വിളിച്ച ആളാണ് പി.സി. ദയവ് ചെയ്ത് അയാളുടെ പരിപാടിയില്‍ പങ്കെടുക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു.’ എന്നാണ് ഒരാള്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഒരു നാടിനെ മുഴുവന്‍ തീവ്രവാദി എന്ന് വിളിച്ച പൂഞ്ഞാര്‍ കോളാമ്പിയുടെ പരുപാടിയില്‍ നിന്ന് വിട്ടു നില്‍ക്കുക. എന്നാണു മറ്റൊരാള്‍ എഴുതിയിരിക്കുന്നത്. ‘ആസിഫ്, താങ്കള്‍ ആ ‘വിഷത്തിന്റെ’ പരിപാടിയില്‍ പങ്കെടുക്കരുത്’ എന്ന് മറ്റൊരാള്‍ എഴുതി.
ഇത്തരത്തില്‍ നിരവധി പേരാണ് ആസിഫിന്റെ ഫേസ്ബുക്ക് പേജില്‍ എല്ലാ ചിത്രങ്ങള്‍ക്കും താഴെ കമന്റിടുന്നത്. അതിനിടെ പൂഞ്ഞാറിലെ പരിപാടി മണ്ഡലത്തിലെ ഒരുകൂട്ടമാളുകള്‍ ബഹിഷ്‌കരിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. ഞായറാഴ്ച നടക്കുന്ന പരിപാടിയില്‍ അധ്യക്ഷന്‍ ജോര്‍ജും വിശിഷ്ടാതിഥി ആസിഫുമാണ്.
മുസ്ലിം തീവ്രവാദികള്‍ക്ക് ഓശാന പാടുന്ന തെണ്ടികളാണ് മുസ്ലിങ്ങളെന്നു പറയുന്ന പി.സി ജോര്‍ജിന്റെ ഫോണ്‍ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയാണ് അദ്ദേഹത്തിനെതിരേ വ്യാപക പ്രതിഷേധമുയര്‍ന്നിരിക്കുന്നത്. മുസ്ലിങ്ങളെ തീവ്രവാദികളായി ചിത്രീകരിച്ച എംഎല്‍എയെ ബഹിഷ്‌കരിക്കണമെന്ന് എസ്.ഡി.പി.ഐയും ആഹ്വാനം ചെയ്തിരുന്നു. സംഭവം വിവാദമായതോടെ ജോര്‍ജ് മാപ്പു പറഞ്ഞിരുന്നു. മുസ്ലിങ്ങള്‍ക്കുണ്ടായ മനോവിഷമത്തില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.