ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ജപ്പാനെ തകർത്ത് ഇന്ത്യയ്ക്ക് സ്വർണം
ഹാങ്ചൗ: ഏഷ്യൻ ഗെയിംസ് ഹോക്കിയിൽ ഇന്ത്യയ്ക്ക് സുവർണ തിളക്കം. ഫൈനലിൽ ജപ്പാനെ ഒന്നിനെതിരെ അഞ്ച് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സുവർണ നേട്ടം. ഇന്ത്യയ്ക്കുവേണ്ടി നായകൻ ഹർമ്മൻപ്രീത് സിംഗ് രണ്ട് ഗോളുകൾ നേടി.
മൻപ്രീത് സിംഗും അമിത് രോഹിദാസും അഭിഷേകും ഓരോ തവണയും ജപ്പാൻ ഗോൾ വല ചലിപ്പിച്ചു. ആദ്യ ക്വാർട്ടറിൽ ഗോൾ രഹിതസമനില ആയിരുന്നു ഫലം. പിന്നീടുള്ള ക്വാർട്ടറുകളിൽ ഇന്ത്യയുടെ ആധിപത്യവുമായിരുന്നു ഉണ്ടായത്.
ഇന്ത്യൻ ഹോക്കിയുടെ സുവർണ കാലഘട്ടത്തെ ഓർമ്മിപ്പിക്കുന്നതാണ് ഏഷ്യൻ ഗെയിംസിൽ നീലപ്പടയുടെ പ്രകടനം. ഉസ്ബെക്കിസ്ഥാനെയും സിംഗപ്പൂരിനെയും 16 ഗോളുകൾക്ക് തോൽപ്പിച്ചു. പാകിസ്താനെതിരെ 10ഉം ബംഗ്ലാദേശിനെതിരെ 12ഉം ഗോൾ നേടി. ജപ്പാനെ 4-2നും സെമിയിൽ കൊറിയയെ 5-3നും തോൽപ്പിച്ചു. വിജയം നേടണമെന്ന വലിയ ആഗ്രഹത്തോടെ കളിക്കുന്ന ശരീര ഭാഷയും ഇന്ത്യൻ താരങ്ങളിൽ പ്രകടമായിരുന്നു.
ഏഷ്യൻ ചാമ്പ്യൻസ് ട്രോഫിയിലെ വിജയത്തിന് ശേഷമാണ് ഏഷ്യൻ ഗെയിംസിലും ഇന്ത്യൻ ഹോക്കി ടീം വിജയക്കൊടി പാറിക്കുന്നത്. ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം 94ലേക് എത്തി. 22 സ്വർണവും 34 വെള്ളിയും 38 വെങ്കലവും ഇന്ത്യൻ താരങ്ങൾ ഇതുവരെ നേടി