മകള്‍ കാനഡയിലെ ഒറ്റമുറിയില്‍ തനിച്ച്; ആശങ്ക പങ്കുവെച്ച് നടി ആശാ ശരത്ത്
ലോക്ക്ഡൗണില്‍ മകള്‍ കാനഡയില്‍ കുടുങ്ങിയതിനെ ആശങ്ക പങ്കുവെച്ച് നടി ആശ ശരത്ത്. നൃത്ത പരിപാടിക്കായി നാട്ടിലെത്തിയപ്പോള്‍ നാട്ടിലെ ലോക്ക്ഡൗണില്‍ കുടുങ്ങിയിരിക്കുകയാണ് ആശ ശരത്ത്. ഭര്‍ത്താവും ഒരു മകളും ഒപ്പമുണ്ട്. എന്നാല്‍ മറ്റൊരു മകളാണ് കാനഡയിലുള്ളത്. കൂടാതെ സുഹൃത്തുക്കളും നൃത്തവിദ്യാലയത്തിലെ ജീവനക്കാരും ദുബായിലുമാണെന്നും ആശ ശരത്ത് പറയുന്നു.
”ഈ ലോക്ക് ഡൗണ്‍ കാലത്ത് മകള്‍ കാനഡയില്‍ ഹോം ക്വാറന്റിനില്‍ ആണ്. ഒരു വീട്ടില്‍ മുറിയില്‍ ഇരിക്കുകയാണ് അവള്‍. എന്നുവരാന്‍ പറ്റും വിമാനസര്‍വീസ് എന്ന് തുടങ്ങും എന്നൊന്നും അറിയില്ല. അമ്മയെന്ന നിലയില്‍ വളരെ ബുദ്ധിമുട്ടുള്ള അവസ്ഥയിലൂടെയാണ് ഞാന്‍ കടന്നു പോകുന്നത്. ജീവിക്കാനുള്ള കുറച്ച് രൂപ മാറ്റി വച്ച് ബാക്കിയൊക്കെ നാട്ടിലേക്ക് അയക്കുന്ന പ്രവാസികള്‍ക്ക് സഹായം കിട്ടിയേ തീരൂ. ഇന്നത്തെ അവസ്ഥയില്‍ തിരിച്ചു പോകുന്നതിനെക്കുറിച്ച് വല്ലപ്പോഴുമേ ആലോചിക്കുന്നുള്ളൂ.
നമ്മുടെ ജോലി, സ്ഥാപനങ്ങളുടെ അവസ്ഥ അതൊക്കെ ഇനി എന്താകും എന്നൊക്കെ ചിന്തിക്കുന്നതിനേക്കാള്‍ അവിടെയുള്ള നമ്മുടെ സഹോദരങ്ങളെ ഇവിടെ എങ്ങനെ എത്തിക്കാം എന്നതാണ് അലട്ടിക്കൊണ്ടിരിക്കുന്നത്. ഞാന്‍ ലോക കേരള സഭാംഗം കൂടിയാണ്. നോര്‍ക്കയുമായും ഈ വിഷയത്തില്‍ നിരന്തരം ചര്‍ച്ച നടത്തുന്നുണ്ട്. ഗര്‍ഭിണികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായമായവര്‍ ഇവരെയൊക്കെ ആദ്യം പരിഗണിക്കും എന്നു കേള്‍ക്കുന്നു. ഒരുപാട് പ്രതീക്ഷയുണ്ട്. മനസ്സിന് ഇപ്പോള്‍ സന്തോഷം തോന്നുന്നു. തൊഴില്‍ ഇല്ലാത്ത ഒരുപാട് പേര്‍ ഗള്‍ഫില്‍ കുടുങ്ങി കിടക്കുന്നുണ്ട്. അങ്ങനെയുള്ള ആളുകള്‍ ആദ്യം വരട്ടെ.” ആശ ശരത്ത് പറഞ്ഞു.