KeralaNewsRECENT POSTS

ഫേസ്ബുക്ക് വീഡിയോ: നടി ആശാ ശരത്തിനെതിരെ പരാതിയുമായി അഭിഭാഷകന്‍

സിനിമയുടെ പ്രമോഷന് വേണ്ടി സോഷ്യല്‍ മീഡിയ ദുരുപയോഗം ചെയ്‌തെന്ന് ചൂണ്ടിക്കാട്ടി നടി ആശാ ശരത്തിനെതിരെ പോലീസ് സ്‌റ്റേഷനില്‍ പരാതിയുമായി അഭിഭാഷകന്‍. ഇന്നലെ സമൂഹ മാധ്യമങ്ങളില്‍ ആശ ശരത്തിന്റെ ഒരു വീഡിയോ വൈറലായിരിന്നു. തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് ആശ ശരത്ത് ഫേസ്ബുക്ക് ലൈവിലെത്തി പറയുന്നതായിരിന്നു വീഡിയോ. ‘എവിടെ?’ എന്ന ചിത്രത്തിന്റെ പ്രമോഷനായാണ് വീഡിയോ പുറത്ത് വിട്ടത്. നിമിഷങ്ങള്‍ക്കുള്ളില്‍ വീഡിയോക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരിന്നു. സിനിമ പ്രൊമോഷന്‍ എന്ന പേരില്‍ കട്ടപ്പന പൊലീസ് സ്റ്റേഷനെ ഉള്‍പ്പെടുത്തി വ്യാജ പ്രചാരണം നടത്തി എന്ന് ചൂണ്ടിക്കാണിച്ചാണ് ഇടുക്കി ജില്ല പോലീസ് മേധാവിക്ക് അഭിഭാഷകന്‍ ശ്രീജിത്ത് പെരുമന പരാതി നല്‍കിയത്.

അതേസമയം ഇതൊരു സിനിമാ പ്രമോഷന്‍ വിഡിയോ ആണെന്നും അങ്ങനെതന്നെ പറഞ്ഞാണ് വിഡിയോ പങ്കുവച്ചതെന്നും ആശ ശരത് പറഞ്ഞു. ‘സത്യത്തില്‍ ആ വിഡിയോയില്‍ കാണുന്നത് ആശ ശരത്തല്ല, ജെസ്സിയെന്ന കഥാപാത്രമാണ്. അങ്ങനെയൊരു ആശയത്തോടുകൂടിയാണ് ആ വിഡിയോ ചെയ്തതും. കട്ടപ്പന പോലീസ് സ്റ്റേഷനെക്കുറിച്ച് പറയുന്നതും അതുകൊണ്ടാണ്. ‘എവിടെ’ എന്ന സിനിമ കാണുമ്പോള്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് കൂടുതല്‍ മനസ്സിലാകും.’ ആശ ശരത്ത് പറഞ്ഞു. മനോരോമ ഓണ്‍ലൈനോട് ആയിരുന്നു ആശ ശരത്തിന്റെ ഈ പ്രതികരണം.

പരാതിയുടെ പൂര്‍ണ്ണരൂപം താഴെ കൊടുക്കുന്നു.

ബഹു. ഇടുക്കി ജില്ല പോലീസ് മേധാവി മുന്‍പാകെ സമപര്‍പ്പിക്കുന്ന പരാതി

വിഷയം : പോലീസിന്റെ ഔദ്യോദിക കൃത്യ നിര്‍വഹണത്തെ വഴിതെറ്റിക്കുന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാജ പ്രചാരണം നടത്തിയത് സംബന്ധിച്ചത്

സര്‍,

ആശ ശരത്ത് എന്ന് പേരായ അഭിനേത്രി ഒരു സ്ത്രീ ഇന്നലെ 03-07-2019 നു അവരുടെ വേരിഫൈഡ് ഫെയിസ്ബുക്ക് പേജിലൂടെ ഒരു വീഡിയോ ഷെയര്‍ ചെയ്തിരുന്നു. തലക്കെട്ടുകളോ, മറ്റ് വിവരങ്ങളോ ഇല്ലാതെ പോസ്റ്റ് ചെയ്ത വീഡിയോയില്‍ തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്നും, തിരഞ്ഞുകൊണ്ടിരിക്കുകയാണെന്നും എത്രയും പെട്ടന്ന് കണ്ടെത്താന്‍ ജനങ്ങള്‍ സഹായിക്കണമെന്നും, ഭര്‍ത്താവിനെ കണ്ടുകിട്ടുന്നവര്‍ ‘കട്ടപ്പന’ (ഇടുക്കി) പൊലീസ് സ്റ്റേഷനില്‍ വിവരം അറിയിക്കണമെന്നുമായിരുന്നു ഇടറുന്ന ശബ്ദത്തോടെ പറഞ്ഞത്.

തുടര്‍ന്ന് നിമിഷങ്ങള്‍ക്കുള്ളില്‍ പ്രസ്തുത വാര്‍ത്തയും വീഡിയോയും വ്യാപകമായി സാമൂഹിക മാധ്യമങ്ങളിലൂടെയും ഇന്റര്‍നെറ്റിലും പ്രചരിക്കുകയുണ്ടായി. പ്രസ്തുത വീഡിയോക്ക് കീഴില്‍ നിരവധിയായ കമന്റുകളും പിന്തുണയും ലഭിച്ചു. എന്നാല്‍ അല്‍പ സമയത്തിന് ശേഷം വീഡിയോ ഒരു പരസ്യമാണെന്നും, അവര്‍ അഭിനയിച്ച സിനിമയുടെ പ്രചാരണത്തിന് വേണ്ടി നിര്‍മ്മിച്ചതാണെന്നും ചൂണ്ടിക്കാണിച്ച് പോസ്റ്റ് ചെയ്ത വീഡിയോയുടെ തലക്കെട്ട് എഡിറ്റ് ചെയ്യുകയായിരുന്നു.

എന്നാല്‍ പോസ്റ്റ് ചെയ്ത് 17 മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഈ വ്യാജ വാര്‍ത്ത മെസേജിങ് ആപ്പിക്കേഷനുകളിലും, സാമൂഹിക മാധ്യമങ്ങളിലും പ്രചരിക്കുകയാണ്.

തന്റെ ഭര്‍ത്താവിനെ കാണാനില്ലെന്ന് പറഞ്ഞുകൊണ്ട് പരസ്യമായി രംഗത്ത് വരികയും സംസ്ഥാനത്തെ ഒരു പോലീസ് സ്റ്റേഷന്റെ പേര് എടുത്ത് പറഞ്ഞ ശേഷം പ്രസ്തുത പോലീസ് സസ്റ്റേഷനിലേക്ക് വിവരങ്ങള്‍ അറിയിക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെട്ടതും ഗുരുതരമായ കുറ്റമാണ്. കട്ടപ്പന പോലീസ് സ്റ്റേഷനിലെ ഫോണ്‍ നമ്പറും, സ്ത്രീയുടെ ഭര്‍ത്താവിന്റെ ചിത്രവും വെച്ചുകൊണ്ട് നിരവധി അഭ്യര്‍ത്ഥനകള്‍ ലുക്ക് ഔട്ട് നോട്ടീസ് എന്നതുപോലെ പ്രചരിക്കുന്നുണ്ട്.

സിനിമയുടെ ആവശ്യത്തിനായോ, പരസ്യങ്ങളുടെ ആവശ്യത്തിനായോ പോലീസ് വകുപ്പ് പോലെ ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കുന്ന ഏറ്റവും സെന്‍സിറ്റീവായ വകുപ്പിനെയും, അതിന്റെ പേരും ഔദ്യോദിക വിവരങ്ങളും മുന്‍കൂര്‍ അനുമതി ഇല്ലാതെ വ്യാജമായി ഉപയോഗപ്പെടുത്തുന്നതും, പോലീസിനെ misguide ചെയ്യുന്ന രീതിയില്‍ വ്യാജ വീഡിയോ നിര്‍മ്മിച്ച് പ്രചരിപ്പിക്കുന്നതും ഇന്ത്യന്‍ പീനല്‍കോഡിലെ 107, 117, 182 തുടങ്ങിയ വിവിധ വകുപ്പുകളും, ഐടി ആക്റ്റിലെ വിവിധ വകുപ്പുകളും, ക്രിമിനല്‍ പ്രൊസീജ്യര്‍ കോഡിലെ വകുപ്പുകളും, കേരള പോലീസ് ആക്റ്റിലെ വകുപ്പുകളും പ്രകാരം കുറ്റകരമാണ്.

ഭരണഘടന അനുവദിക്കുന്ന മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്ര്യം, ആവിഷ്‌ക്കാര സ്വാതന്ത്ര്യവും ന്യായമായ നിയന്ത്രങ്ങള്‍ക്ക് വിധേയമാണെന്നും, സ്റ്റേറ്റിന്റെ അഖണ്ഡതയ്ക്കും, സുരക്ഷയ്ക്കും, പബ്ലിക്ക് ഓര്‍ഡറിനും എതിരാകുന്ന പക്ഷം അത്തരം ആവിഷ്‌ക്കാര സ്വാതന്ത്ര്യം നിയന്ത്രിതവും, കുറ്റകരവുമാകുമെന്നും ബഹു സുപ്രീംകോടതി വിവിധ കേസുകളില്‍ വ്യക്തമാക്കിയിട്ടുള്ളതാണ്.

സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സെലിബ്രേറ്റികൂടിയായ ആശ ശരത്ത് എന്ന സ്ത്രീ സിനിമയുടെ പരസ്യത്തിനായി അനുമതിയില്ലാതെ നടത്തിയ വ്യാജ പ്രചാരണവും, പോലീസിന്റെ കൃത്യ നിര്‍വഹണത്തെ വഴിതെറ്റിച്ചതും അങ്ങേയറ്റം സമൂഹത്തിനു തെറ്റായ സന്ദേശം നല്‍കുമെന്നതിനാലും, സമൂഹത്തില്‍ പരിഭ്രാന്തി സൃഷ്ടിക്കുന്നതിനും, പൊലീസിലുള്ള ഉത്തമ വിശ്വാസം നഷ്ടപ്പെടുത്തുന്നതിനും, കുറ്റകൃത്യങ്ങള്‍ക്ക് പ്രചോദനമാകും എന്നതിനാലും പൊതുതാത്പര്യം മുന്‍നിര്‍ത്തിയാണ് ഈ പരാതി നല്‍കുന്നത്. ആയതിനാല്‍ ഇക്കാര്യത്തില്‍ അന്വേഷണം നടത്തി വ്യാജ പ്രചാരണം നടത്തിയ വ്യക്തിയെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ ഇന്റര്‍നെറ്റില്‍ നിന്നും നീക്കം ചെയ്യാനുള്ള നടപടികളും, കട്ടപ്പന പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിക്കണം എന്ന വ്യാജ പ്രചാരണമുള്ള വീഡിയോ ആശ ശരത്തിന്റ ഫെയിസ്ബുക്ക് പേജില്‍ നിന്നും നീക്കം ചെയ്യാന്‍ ആവശ്യപ്പെടണമെന്നും വിനീതമായി അപേക്ഷിക്കുന്നു.

വിശ്വസ്ഥതയോടെ
അഡ്വ ശ്രീജിത്ത് പെരുമന

Enclosures :-

1. പരാതിക്ക് കാരണമായ വീഡിയോയുടെ പകര്‍പ്പ്

2. എതിര്‍കക്ഷിയുടെ ഫെയിസ്ബുക്ക് പേജിന്റെ ലിങ്ക്

3. സാമൂഹിക മാധ്യമങ്ങളിലൂടെ നടക്കുന്ന വ്യാജ പ്രചാരണങ്ങളുടെ പോസ്റ്ററുകള്‍.

വാല്‍: ഈ വിഡിയോ ആദ്യം കണ്ടപ്പോള്‍ ഞാനും തെദ്ധരിക്കപ്പെട്ടിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker