പത്തനംതിട്ട: സംസ്ഥാനത്തെ നിരവധി ജില്ലകളില്‍ ആരാധനാലയങ്ങളും വ്യാപാര സ്ഥാപനങ്ങളും കേന്ദ്രീകരിച്ച് മോഷണം നടത്തി വന്ന പ്രതി ഒടുവില്‍ പോലീസ് പിടിയിലായി. തൃശ്ശൂര്‍ ചാവക്കാട് പുത്തന്‍ കടപ്പുറം കരിമ്പി കെ കെ ഫക്രുദ്ദീന്‍ (45) ആണ് അറസ്റ്റിലായത്.
പത്തനംതിട്ട, തൃശ്ശൂര്‍, പാലക്കാട്, ആലപ്പുഴ, കണ്ണൂര്‍ ജില്ലകളികള്‍ കേന്ദ്രീകരിച്ച് ഫക്രുദ്ദീന്‍ മോഷണം നടത്തിയിട്ടുണ്ടെന്ന് റാന്നി പോലീസ് ഇന്‍സ്പെക്ടര്‍ വിപിന്‍ ഗോപിനാഥ് പറഞ്ഞു. ഒരാഴ്ച മുമ്പ് റാന്നിയില്‍ പച്ചക്കറി കടയില്‍നിന്ന് 50,000 രൂപ മോഷണം പോയിരുന്നു. രണ്ട് മാസത്തിനിടെ റാന്നിയിലെ ആരാധനാലയങ്ങളിലും മോഷണം നടന്നു.
തുടര്‍ന്ന് ജില്ലാ പോലീസ് മേധാവിയുടെ നിര്‍ദേശപ്രകാരം അന്വേഷണം ഊര്‍ജിതമാക്കിയിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ ഷാഡോ പോലീസ് ഇയാളെ സംശയകരമായ സാഹചര്യത്തില്‍ പെരുമ്പുഴയില്‍ കണ്ടെത്തുകയായിരുന്നു. ജൂലായ് 29ന് മന്ദമരുതി മാര്‍ത്തോമ പള്ളിയിലും ജൂണ്‍ 28ന് ഇടക്കുളം സെന്റ് തോമസ് ക്നാനായ പള്ളിയിലും ഓടിളക്കി അകത്തുകടന്ന് മോഷണം നടത്തിയിരുന്നുവെന്ന് ഇയാള്‍ പോലീസിനോട് സമ്മതിച്ചു.
ഓമല്ലൂര്‍ ഉഴുവത്തമ്പലം, ഇലന്തൂര്‍ രാജ് ഹോട്ടല്‍ എന്നിവിടങ്ങളിലും കവര്‍ച്ച നടത്തി. ഹോട്ടലിലെ മോഷണത്തിനിടയില്‍ മുട്ട പൊട്ടിച്ച് കുടിച്ചു. മുട്ടത്തോടില്‍ നിന്ന് ലഭിച്ച വിരലടയാളം ഫക്രുദ്ദീന്റെയാണെന്ന് പോലീസ് കണ്ടെത്തി. മോഷ്ടിച്ചുകിട്ടുന്ന പണം മദ്യപിക്കാനും ധൂര്‍ത്തടിക്കുന്നതിനുമാണ് ചെലവിട്ടിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.