കോട്ടയത്ത് വന്‍ വാഹന തട്ടിപ്പ് സംഘം പിടിയില്‍; വാടകയ്‌ക്കെടുക്കുന്ന വാഹനം പണയം വച്ച് തട്ടിയിരുന്നത് ലക്ഷങ്ങള്‍; പിടിച്ചെടുത്തത് 25 വാഹനങ്ങള്‍
കോട്ടയം: വിലകൂടിയ വാഹനങ്ങള്‍ വിവിധരീതികളില്‍ ആളുകളെ കബളിപ്പിച്ച് കരസ്ഥമാക്കി പണയം വച്ച് ലക്ഷങ്ങള്‍ തട്ടുന്ന കോട്ടയം കേന്ദ്രീകരിച്ചുള്ള വന്‍സംഘം പിടിയില്‍. ജില്ലാ പോലീസ് മേധാവി സാബു പി എസിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കോട്ടയം ഡി.വൈ.എസ്.പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവര്‍ കോവളം മുതല്‍ കൊയിലാണ്ടി വരെ പണയം വച്ചിരുന്ന ഇരുപത്തിനാല് വാഹനങ്ങളും പോലീസ് പിടിച്ചെടുത്തു. വാകത്താനം പാലച്ചുവട്, കടുവാക്കുഴിയില്‍ വീട്ടില്‍ കെ എസ് എന്ന് വിളിക്കുന്ന അരുണ്‍ കെ.എസ്, പനച്ചിക്കാട് പൂവന്തുരുത്ത് മാങ്ങാപ്പറമ്പില്‍ ജസ്റ്റിന്‍ വര്‍ഗ്ഗീസ്, മലപ്പുറം മേലാറ്റൂര്‍ പള്ളിപ്പടി ഭാഗത്ത് ചാലിയത്തോടിക വീട്ടില്‍ അബ്ദുള്ള മകന്‍ അഹമ്മദ് ഇര്‍ഫാനൂല്‍ ഫാരിസ് (ഇര്‍ഫാന്‍) തൃശൂര്‍ കൂര്‍ക്കഞ്ചേരി കൊട്ടക്കത്തില്‍ ദിലീപ് എന്നിവര്‍ ആണ് അറസ്റ്റില്‍ ആയത്.
പതിനെട്ടിനും ഇരുപത്തഞ്ചിനും ഇടയിലുള്ള നിരവധി ചെറുപ്പക്കാരെയാണ് വാഹനം കണ്ടെത്തുന്നതിനായി ഇവര്‍ ഉപയോഗിച്ചിരുന്നത്. നഗരത്തിലെ മുന്തിയ ഹോട്ടലുകളില്‍ ആഴ്ചകളോളം മുറി എടുത്ത് വിലകൂടിയ വാഹനങ്ങളില്‍ കറങ്ങി ആഡംബര ജീവിതം നയിച്ചായിരിന്നു തട്ടിപ്പ് നടത്തിയിരുന്നത്. ഹൈഫൈ രീതികളിലൂടെ നിരവധി ചെറുപ്പക്കാരാണ് ഇവരുടെ ഇരകളില്‍ അധികവും. അവരെ ആകര്‍ഷിച്ച ശേഷം അവരുടെ പരിചയത്തിലുള്ള ആളുകളുടെ വാഹനങ്ങള്‍ തന്ത്രപൂര്‍വ്വം കൈക്കലാക്കുകയും തുടര്‍ന്ന് തൃശ്ശൂര്‍ എറണാകുളം തുടങ്ങിയ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗാങ്ങുകള്‍ക്ക് ലക്ഷക്കണക്കിന് രൂപയ്ക്ക് പണയം വയ്ക്കുകയുമായിരിന്നു പ്രധാന പണി.
കൂടാതെ അവധിക്കു വന്നിട്ടുള്ള വിദേശ മലയാളികള്‍ക്ക് വാടകയ്ക്ക് നല്‍കാനാണെന്ന വ്യാജെനയും ഇവര്‍ പരിചയക്കാരില്‍ നിന്നു വാഹനങ്ങള്‍ കരസ്ഥമാക്കി പണയം വയ്ക്കാറുണ്ടായിരിന്നു. കോവളം, കൊല്ലം, എഴുപുന്ന, തൃശ്ശൂര്‍, പുതുക്കാട്, കുറ്റിപ്പുറം, പാണ്ടിക്കാട്, കൊയിലാണ്ടി, കോട്ടക്കല്‍, കരിപ്പൂര്‍, കോഴിക്കോട്, വടക്കന്‍ പറവൂര്‍, ആതിരപ്പള്ളി, മലക്കപ്പാറ, ബാലുശ്ശേരി, കോതമംഗലം തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നാണ് വാഹനങ്ങള്‍ കണ്ടെടുത്തത്. ഓണംതുരുത്ത് സ്വദേശിയായ യുവാവിന്റെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സംഘത്തെ പോലീസ് കുടുക്കിയത്. ഇയാളുടെ പുത്തന്‍ ഇന്നോവ ക്രിസ്റ്റ വാഹനം വാടകയ്ക്ക് കൊണ്ടുപോയ ഇവര്‍ തൃശ്ശൂര്‍ സ്വദേശികള്‍ക്ക് കൂടിയ തുകയ്ക്ക് വാഹനം പണയപ്പെടുത്തുകയായിരിന്നു. തുടര്‍ന്ന് രണ്ടുലക്ഷം രൂപ തൃശൂര്‍ ലോബിക്ക് നല്‍കിയാണ് ഓണംതുരുത്ത് സ്വദേശി വാഹനം തിരികെ എടുത്തത്. ഇയാളുടെ പരാതിയെ തുടര്‍ന്നാണ് പോലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കിയത്.
ഇത്തരത്തില്‍ കിട്ടുന്ന തുകകള്‍ ആഡംബര ജീവിതം നയിക്കാനും മറ്റു ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ക്കും ആണ് ഇവര്‍ ഉപയോഗിക്കുന്നത്. പ്രതികളില്‍ ഒരാളുടെ ഇരുപത്തഞ്ചാം പിറന്നാള്‍ പട്ടണത്തിലെ മുന്തിയ ഹോട്ടലില്‍ വച്ചാണ് കൊണ്ടാടിയത്. കോട്ടയം ഡി വൈ എസ് പി ആര്‍ ശ്രീകുമാറിന്റെ നേതൃത്വത്തില്‍ ഈസ്റ്റ് പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ ഓഫ് പോലീസ് നിര്‍മ്മല്‍ ബോസ് കോട്ടയം ഡി വൈ എസ് പി ഓഫീസിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ അരുണ്‍ കുമാര്‍ കെ.ആര്‍, എ എസ് ഐ പ്രസാദ് കെ.ആര്‍, സിവില്‍ പോലീസ് ഓഫീസര്‍ രാധാകൃഷ്ണന്‍ കെ. എന്‍ എന്നിവര്‍ ചേര്‍ന്നാണ് വാഹനങ്ങള്‍ കണ്ടെത്തിയത്.