കോട്ടയത്ത് പെണ്‍കുട്ടിയെ പെട്രോളൊഴിച്ച് കൊല്ലുമെന്ന് ഭീഷണി; യുവാവ് അറസ്റ്റില്‍
എരുമേലി: പെണ്‍കുട്ടിയെ പെട്രോള്‍ ഒഴിച്ച് കത്തിച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി യുവാവിനെ അറസ്റ്റ് ചെയ്തു. മുട്ടപ്പള്ളി വേലംപറമ്പില്‍ ആല്‍വിന്‍ വര്‍ഗീസ് (19) ആണ് അറസ്റ്റിലായത്. രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിനിയുടെ പരാതിയെ തുടര്‍ന്നാണ് അറസ്റ്റ്. യുവാവ് നിരന്തരമായി പെണ്‍കുട്ടിയെ ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെന്ന് പോലീസ് പറഞ്ഞു.
പെണ്‍കുട്ടിയെ യുവാവ് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്റിലിട്ട് കഴിഞ്ഞ ദിവസം ഉപദ്രവിച്ചിരുന്നു. നാട്ടുകാര്‍ എത്തിയതോടെ ഓടി രക്ഷപെട്ട പ്രതി പിറ്റേന്ന് വൈകുന്നേരം പെണ്‍കുട്ടി കോളേജില്‍ നിന്നും മടങ്ങിയെത്തുന്നതും കാത്ത് ബസ് സ്റ്റോപ്പില്‍ നില്‍ക്കുമ്പോള്‍ പിടികൂടുകയായിരുന്നെന്നും പോലീസ് പറഞ്ഞു. യുവാവിനെ പ്രണയിച്ചില്ലെങ്കില്‍ കൊല്ലുമെന്നാണ് പെണ്‍കുട്ടിയോട് ഭീഷണി മുഴക്കിയിരുന്നത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയില്‍ ആദ്യം യുവാവിനെ താക്കീത് ചെയ്ത് വിട്ടയച്ചിരിന്നു. വീണ്ടും യുവാവില്‍ നിന്നും ഉപദ്രവമുണ്ടായപ്പോള്‍ പരാതിയെത്തുടര്‍ന്ന് പോലീസ് പിടികൂടിയിരുന്നു. ഇതിന്റെ വിരോധത്തില്‍ അടുത്ത ദിവസം യുവാവ് കടന്നുപിടിക്കുകയും മുഖത്തടിക്കുകയും ചെയ്തെന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ പറയുന്നു. ഭീതി മൂലം ഇക്കാര്യം പെണ്‍കുട്ടി ആദ്യം വീട്ടിലറിയിച്ചിരുന്നില്ല.
കഴിഞ്ഞ ദിവസമാണ് യുവാവ് കോളേജിലും ബസ് സ്റ്റാന്റിലും വെച്ച് വീണ്ടും ഉപദ്രവിച്ചത്. ഇതേതുടര്‍ന്ന് പെണ്‍കുട്ടിയുമായി ബന്ധുക്കള്‍ പോലീസ് സ്റ്റേഷനില്‍ എത്തി വീണ്ടും പരാതി നല്‍കുകയായിരുന്നു. തുടര്‍ന്നാണ് യുവാവിനെ പോലീസ് പിടികൂടുന്നത്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ ദിലീപ് ഖാന്റെ നേതൃത്വത്തിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പ്രതിയെ കാഞ്ഞിരപ്പള്ളി കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.