അര്‍ജുന്‍ മരിച്ചത് തലയോട് തകര്‍ന്ന്, കൊന്നത് കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ട് ഇടിച്ച്; കൂടുതല്‍ വെളിപ്പെടുത്തലുകളുമായി പോലീസ്
കൊച്ചി: നെട്ടൂരില്‍ സുഹൃത്തുക്കള്‍ മര്‍ദിച്ചു കൊലപ്പെടുത്തി ചതുപ്പില്‍ താഴ്ത്തിയ എം.വി. അര്‍ജുന്‍ മരിച്ചത് തലയോടു തകര്‍ന്നാണെന്നു പോലീസ്. കല്ലുപോലെ ഭാരമുള്ള വസ്തുകൊണ്ടു പലതവണ ഇടിച്ചതിനെ തുടര്‍ന്നുള്ള ഗുരുതര പരുക്കുകള്‍ തലയോട്ടിയിലുണ്ടെന്നും പോലീസ് വ്യക്തമാക്കി. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമുള്ള പ്രാഥമിക നിഗമനമാണിത്.
ചതുപ്പില്‍ താഴ്ത്തിയ നിലയിലായതിനാല്‍ മൃതദേഹം പൂര്‍ണമായി അഴുകിയിരുന്നു. അതിനാല്‍ മറ്റു പരുക്കുകള്‍ കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നാണു സൂചന. വിശദമായ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാകൂ. വൈകാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി വിശദമായ തെളിവെടുപ്പു നടത്താനുള്ള തയാറെടുപ്പിലാണ് പോലീസ്. കേസില്‍ 17 വയസ്സുകാരന്‍ ഉള്‍പ്പെടെ അഞ്ചു പ്രതികളാണുള്ളത്. ഇവരില്‍ നാലു പേര്‍ റിമാന്‍ഡിലാണ്. പതിനേഴുകാരനെ കാക്കനാട് ബോസ്റ്റല്‍ സ്‌കൂളില്‍ പ്രവേശിപ്പിച്ചു.