25.5 C
Kottayam
Saturday, May 18, 2024

Martinez Mbappe:‘വിടാതെ’ മാർട്ടിനസ്,മെസ്സി നോക്കിനിൽക്കെ എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി ആഘോഷം

Must read

ബ്യൂണസ് ഐറിസ്∙ ലോകകപ്പ് വിജയാഘോഷത്തിനിടെ ഫ്രഞ്ച് താരം കിലിയൻ എംബപെയെ പരിഹസിച്ച് വീണ്ടും അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. എംബപെയ്ക്കെതിരെ നടത്തിയ പരിഹാസങ്ങളുടെ പേരിൽ പലതവണ വിവാദത്തിൽ ചാടിയ മാർട്ടിനസ്, ഇത്തവണ എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി വിജയാഘോഷം നടത്തിയാണ് വിവാദം സൃഷ്ടിച്ചിരിക്കുന്നത്. പിഎസ്ജിയിൽ എംബപെയുടെ സഹതാരമായ ലയണൽ മെസ്സി ഉൾപ്പെടെയുള്ളവർ അടുത്തു നിൽക്കുമ്പോഴാണ്, എംബപെയുടെ മുഖമുള്ള പാവക്കുട്ടിയുമായി മാർട്ടിനസിന്റെ വിവാദ ആഘോഷം.

അർജന്റീനയുടെ ലോകകപ്പ് വിജയത്തിനു തൊട്ടുപിന്നാലെ ഡ്രസിങ് റൂമിലെ വിജയാഘോഷത്തിനിടെയും എംബപെയെ ഉന്നമിട്ട് മാർട്ടിനസ് നടത്തിയ പരാമർശം വിവാദമായിരുന്നു. ലോകകപ്പ് വിജയത്തിനു ശേഷം ഡ്രസിങ് റൂമിലെ ആഘോഷങ്ങൾക്കിടെ ‘മരിച്ച എംബപെയ്ക്കായി ഒരു മിനിറ്റ് മൗനമാചരിക്കാം’ എന്നായിരുന്നു മാർട്ടിനസിന്റെ വാക്കുകൾ.

അർജന്റീന താരം നിക്കോളാസ് ഒട്ടമെൻഡിയാണ് ഡ്രസിങ് റൂമിലെ അർജന്റീനയുടെ ആഘോഷ പ്രകടനങ്ങൾ ഇൽസ്റ്റഗ്രാമിൽ ലൈവ് ഇട്ടത്. താരങ്ങളുടെ നൃത്തത്തിനിടെയായിരുന്നു മാർട്ടിനസ് തമാശ രൂപേണ എംബപെയെക്കുറിച്ചു പരാമർശിച്ചത്. ലോകകപ്പ് ഫൈനലിൽ എംബപെ ഹാട്രിക് നേടിയിരുന്നു. 80, 81, 118 മിനിറ്റുകളിലായിരുന്നു എംബപെയുടെ ഗോളുകൾ. ഷൂട്ടൗട്ടിൽ 4–2നാണ് അർജന്റീന ഫ്രാൻസിനെ വീഴ്ത്തിയത്. നിശ്ചിത സമയത്ത് ഇരു ടീമുകളും രണ്ടു ഗോൾ വീതമടിച്ചും എക്സ്ട്രാ ടൈമിൽ മൂന്നു ഗോൾ വീതമടിച്ചും സമനില പാലിച്ചതോടെയാണ് വിജയികളെ കണ്ടെത്താൻ ഷൂട്ടൗട്ട് വേണ്ടിവന്നത്.

അർജന്റീന – ഫ്രാൻസ് കലാശപ്പോരാട്ടത്തിനു മുൻപും മാർട്ടിനസ് എംബപെയെ പരിഹസിച്ച് പ്രസ്താവന നടത്തിയിരുന്നു. ഫുട്ബോളിനെക്കുറിച്ച് എംബപെയ്ക്ക് വലിയ ധാരണയില്ലെന്നായിരുന്നു മാർട്ടിനസിന്റെ വാക്കുകൾ. ‘എംബപെ ഇതുവരെ ലാറ്റിനമേരിക്കയിൽ കളിച്ചിട്ടില്ല. അത്തരമൊരു മത്സര പരിചയം ഇല്ലെന്നിരിക്കെ, അറിവില്ലാത്ത വിഷയത്തെക്കുറിച്ച് മിണ്ടാതിരിക്കുന്നതായിരുന്നു ഉചിതം. പക്ഷേ, അതൊന്നും ഞങ്ങൾക്ക് പ്രശ്നമല്ല. ഞങ്ങളുടേത് വളരെ മികച്ച ടീമാണ്. അത് അംഗീകരിക്കപ്പെട്ടിട്ടുള്ളതുമാണ്’’ – ഇതായിരുന്നു മാർട്ടിനസിന്റെ വാക്കുകൾ.

ലോകകപ്പിനു മുന്നോടിയായി യൂറോപ്യൻ ഫുട്ബോളിനെ പുകഴ്ത്തിയും, ലോകത്തിന്റെ മറ്റു ഭാഗങ്ങളിലെ ഫുട്ബോളിനെ ഇകഴ്ത്തിയും എംബപെ നടത്തിയ പരാമർശങ്ങളുടെ തുടർച്ചയാണ് മാർട്ടിനസിന്റെ തുടർച്ചയായ പരിഹാസങ്ങൾ. നേഷൻസ് ലീഗിൽ ഉൾപ്പെടെ യൂറോപ്യൻ രാജ്യങ്ങൾ വളരെ ഉയർന്ന നിലവാരത്തിൽ കളിക്കുമ്പോൾ, മറ്റു സ്ഥലങ്ങളിൽ നിന്നുള്ള ടീമുകൾക്ക് അത്തരം അവസരമില്ലെന്നായിരുന്നു എംബപെയുടെ പ്രസ്താവന.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week