അറബിക്കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന ചൂട്; പ്രളയത്തിന് ഇതുമായി പങ്കുണ്ടെന്ന് പഠനം
കൊച്ചി: കഴിഞ്ഞ ജൂണ്‍, ജൂലൈ മാസങ്ങളില്‍ അറബിക്കടലിലുണ്ടായത് 140 വര്‍ഷത്തിന് ഇടയിലെ ഏറ്റവും ഉയര്‍ന്ന ചൂടെന്ന് പഠനം. അമേരിക്കന്‍ ഏജന്‍സിയായ നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്മോസ്ഫെറിക് അഡ്മിനിസ്ട്രേഷന്‍(എന്‍ഒഎഎ) ആണ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടിരിക്കുന്നത്.
അന്തരീക്ഷത്തേയും, സമുദ്ര, ജലാശയങ്ങളേയും കുറിച്ച് പഠിക്കുന്ന അമേരിക്കന്‍ ഏജന്‍സിയാണ് എന്‍ഒഎഎ. കേരളത്തിലുള്‍പ്പെടെയുണ്ടായ പ്രളയത്തില്‍ അറബിക്കടലിലെ ചൂടിന് പങ്കുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നു. കടലിലെ ചൂടുകൂടുന്നതിന് അനുസരിച്ച് ബാഷ്പീകരണം കൂടുതല്‍ സംഭവിക്കുന്നതിനു ഇടയാക്കുന്നു. ഇത് ശക്തമായ മഴ ലഭിക്കുന്നതിന് ഇടവരുത്തി.
ജൂലയ് മാസത്തില്‍ റെക്കോര്‍ഡ് ചൂട് രേഖപ്പെടുത്തിയ രാജ്യങ്ങളായ ചൈന, മ്യാന്‍മര്‍ എന്നിവിടങ്ങളിലുള്‍പ്പെടെ ആഗസ്റ്റ് മാസത്തില്‍ കനത്ത മഴയവും പ്രളയവുമുണ്ടായി. കഴിഞ്ഞ വര്‍ഷം പ്രളയത്തിലേക്ക് നയിച്ച മേഘങ്ങളുടെ ക്രമാവര്‍ത്തനമാണ് ഈ വര്‍ഷവുമുണ്ടായത്. എല്ലാ വര്‍ഷവും ഇത് ആവര്‍ത്തിക്കാന്‍ സാധ്യതയുണ്ടെന്നും ശാസ്ത്രജ്ഞര്‍ പറയുന്നത്. ലോകത്തിലെ മറ്റ് സമുദ്രങ്ങളില്‍ കഴിഞ്ഞ 60 വര്‍ഷത്തിന് ഇടയില്‍ ഒരു ഡിഗ്രി സെല്‍ഷ്യസിന് അടുത്താണ് ഊഷ്മാവ് ഉയര്‍ന്നത്. എന്നാല്‍ അറബിക്കടലില്‍ ഉയര്‍ന്നത് 1.2 ഡിഗ്രി സെല്‍ഷ്യസാണ്. ഇത് ആഗോളതാപനത്തിന്റെ ഫലമായാണ് കണക്കാക്കുന്നത്.