അപ്സരയും ആൽബിയും വിവാഹ മോചനം നേടിയോ? പിന്നിൽ ബിഗ് ബോസ് താരം ജിന്റോയോ?’ നടിയുടെ മറുപടി
കൊച്ചി:ബിഗ് ബോസ് താരമായ അപ്സര ഭർത്താവ് ആൽബിയുമായി വേർപിരിഞ്ഞുവെന്ന തരത്തിൽ അടുത്തിടെ ചർച്ചകൾ സജീവമായിരുന്നു. തന്റെ സഹോദരന്റെ വിവാഹത്തിന് ആൽബി വന്നില്ലെന്ന് ഒരിക്കൽ മാധ്യമങ്ങളുടെ ചോദ്യത്തോട് അപ്സര പ്രതികരിച്ചിരുന്നു.
ഇതിന് പിന്നാലെയാണ് ഇത്തരം അഭ്യൂഹങ്ങൾ ശക്തമായത്. മാത്രമല്ല അപ്സരയുടെ സോഷ്യൽ മീഡിയ പേജിൽ ഭർത്താവ് ആൽബിയുമായുള്ള ചിത്രങ്ങൾ ഇല്ലെന്നതും ഇത്തരം അഭ്യൂഹങ്ങൾക്ക് ആക്കം കൂട്ടി. ഇപ്പോഴിതാ ഈ അഭ്യൂഹങ്ങളോടെല്ലാം പ്രതികരിക്കുകയാണ് അപ്സര. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. താരത്തിന്റെ വാക്കുകളിലേക്ക്
‘എന്റെ പഴയ പേജ് പോയിരുന്നു. അതാണ് ഭർത്താവിന്റെ പഴയ ഫോട്ടോയൊന്നും ഇല്ലാത്തത്. ഇപ്പോൾ പുതിയ പേജാണ്. അതിൽ പുതിയ വീഡിയോകളും ഫോട്ടോകളുമൊക്കെ അപ്ഡേറ്റ് ചെയ്യുകയാണ്. ഞാനും എന്റെ ഭര്‍ത്താവും ഡിവോഴ്സിനെ കുറിച്ച് ഒന്നും സംസാരിച്ചിട്ടില്ല.
സോഷ്യല്‍ മീഡിയയിലാണെങ്കിലും എല്ലാത്തിനും അതിന്റേതായൊരു സ്‌പേസുണ്ട്. എന്റെ ഏറ്റവും അടുത്ത സുഹൃത്താണെങ്കിൽ കൂടി അവരുടെ ഏറ്റവും വ്യക്തിപരമായിട്ടുള്ള കാര്യത്തിൽ ഇടപെടാൻ പോകാത്തൊരാളാണ് ഞാൻ. തിരിച്ച് ഞാനും അത് ആഗ്രഹിക്കുന്നുണ്ട്. ഞാൻ ഒരു മീഡിയ പേഴ്സൺ ആണ്. എന്നിരുന്നാലും എന്റെ വ്യക്തിപരമായ കാര്യം , ഉണ്ടായാലും ഇല്ലെങ്കിലും അത് പുറത്തുപറയാൻ താത്പര്യമില്ലെങ്കിൽ അതിൽ ഇടപെടാൻ മാധ്യമങ്ങൾക്ക് അവകാശമില്ല.
ആളുകൾ ഈ വിഷയത്തിൽ വീഡിയോകൾ ഇടുന്നു, സംസാരിക്കുന്നു,ചർച്ചയാക്കുന്നു ഇതൊക്കെ ഞാൻ കാണുന്നുണ്ട്. എന്റെ വ്യക്തിപരമായ കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാക്കാൻ താത്പര്യമില്ല.
ഞാൻ പോലും അറിയാത്ത കാര്യങ്ങളാണ് പലരും കമന്റ് ചെയ്യുന്നത്. ഞാൻ ഫോട്ടോസൊക്കെ ഡിലീറ്റ് ചെയ്തു, പരസ്പരം ഫോളോ ചെയ്യുന്നില്ല എന്നൊക്കെയാണ് പറയുന്നത്. അതൊക്കെ എന്തിനാണ് ഇവർ നോക്കുന്നതെന്ന് മനസിലാകുന്നില്ല.എന്റെ പോസ്റ്റിന് താളെ ഇടുന്ന കമന്റിനെ ചൊല്ലി ചിലർ വീണ്ടും വീഡിയോ ചെയ്യും.
ഞാൻ എന്തുകൊണ്ട് പ്രതികരിക്കുന്നില്ലെന്നൊക്കെ ചോദിക്കും. ഞാൻ കമന്റൊന്നും ശ്രദ്ധിക്കാത്ത ആളാണ്. കമന്റുകൾ വായിക്കാത്തൊരാളാണ് ഞാൻ. പൊതുവെ ഞാൻ പ്രതികരിക്കാറും ഇല്ല. എനിക്ക് താത്പര്യം ഇല്ലാത്ത കാര്യങ്ങൾക്ക് എന്തിനാണ് ആളുകൾ വാശിപിടിക്കുന്നതെന്ന് മനസിലാകുന്നില്ല.
എന്റെയും ഭർത്താവിന്റേയും പേഴ്‌സണല്‍ കാര്യമാണ്. ഞങ്ങള്‍ക്ക് അതേക്കുറിച്ച് സംസാരിക്കാന്‍ താല്‍പര്യമില്ല. പറയുന്നവര്‍ പറഞ്ഞോട്ടെ , നമ്മൾ കൂടി അതിൽ പ്രതികരിക്കുമ്പോഴല്ല കൂടുതൽ ചർച്ചയാകുന്നത്. അതിന് ഞാൻ ഇല്ല’, അപ്സര പറഞ്ഞു.
ബിഗ് ബോസ് താരമായ ജിന്റോയാണ് ആൽബിയുമായുള്ള അപ്സരയുടെ ബന്ധം വേർപിരിയാൻ കാരണമായതെന്ന തരത്തിലുള്ള ചർച്ചകളോടും അവർ പ്രതികരിച്ചു. ‘ഇത്തരത്തിലുള്ള വാർത്തകൾ ഞാൻ കണ്ടിട്ടില്ല. ഞാൻ ഇതൊന്നും അറിഞ്ഞിട്ട് പോലുമില്ല.
ഞാൻ അഹങ്കാരിയാണെന്നൊക്കെയാണ് ഇത്തരത്തിലുള്ള വീഡിയോ ചെയ്തയാൾ പറയുന്നത്. ശരിയാണ്, എനിക്ക് അഹങ്കാരമൊക്കെ ഉണ്ട്. പാവം പോലെ അഭിനയിച്ചിട്ട് എനിക്ക് പ്രത്യേകിച്ച് ഒന്നും കിട്ടാനില്ല. ആവശ്യമില്ലാത്തിടത്ത് അഹങ്കാരം കാണിക്കുന്നൊരാളല്ല ഞാൻ. അഹങ്കാരം കാണിക്കേണ്ടിടത്ത് കാണിച്ചിട്ടുമുണ്ട്.
പിന്നെ ഞാനും ജിന്റോ ചേട്ടനും തമ്മിലുള്ള കാര്യം, ഞാനും ചേട്ടനും ബിഗ് ബോസ് ഫ്ലോറിൽ വെച്ച് വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായിട്ടില്ല. ഞങ്ങൾ അവിടെ പെർഫോം ചെയ്തിട്ടൊക്കെ ഉണ്ട്. പക്ഷെ പുറത്ത് വന്നതിന് ശേഷം ജിന്റോ ചേട്ടനുമായി യാതൊരു കോൺടാക്ടും ഇല്ല. അവിടെ നല്ല ബന്ധമുണ്ടായിരുന്ന പലരുമായി പുറത്തുവന്നതിന് ശേഷം കോൺടാക്ട് ഇല്ല. അതിലൊരാൾ കൂടിയാണ് അദ്ദേഹം. ഈ വാർത്ത പടച്ച് വിട്ടയാളെ ഞാൻ വിളിക്കുന്നുണ്ട്.
ജീവിക്കാൻ വേണ്ടി കഷ്ടപ്പെടുന്നവരാണ് നമ്മളെല്ലാവരും. എന്നുവെച്ച് ഒരാളെ വിറ്റ് ജീവിക്കരുത്. ഒരാളുടെ ഇമോഷനും അവസ്ഥയുമൊക്കെ ഇല്ലാത്തകാര്യങ്ങൾ പറഞ്ഞ് വിറ്റ് ജീവിക്കാൻ നോക്കുന്നത് ശരിയല്ല. കർമയിൽ ഞാൻ വിശ്വസിക്കുന്നുണ്ട്. ഒരാളെ ദ്രേഹിച്ച് ജീവിക്കുന്നത് ഒരിക്കലും ശാശ്വതം അല്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്’, അപ്സര പറഞ്ഞു.