തിരുവനന്തപുരം: അമ്മ അറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ സംഭവത്തില്‍ കുട്ടിയുടെ അമ്മ അനുപമയുടെയും പങ്കാളി അജിത്തിന്റെയും മൊഴി ഇന്ന് രേഖപ്പെടുത്തും. മൊഴി നല്‍കാനായി ഇന്ന് വൈകിട്ട് നാല് മണിക്ക് വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഓഫീസില്‍ എത്താനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. കുട്ടിയെ കിട്ടാന്‍ നടത്തിയ ശ്രമങ്ങളുടെ ഭാഗമായി ലഭിച്ച രസീതുകളും മറ്റ് രേഖകളും ഹാജരാക്കാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
സര്‍ക്കാര്‍ പ്രഖ്യാപിച്ച അന്വേഷണത്തിന്റെ ഭാഗമായാണ് അനുപമയില്‍ നിന്ന് വനിതാ ശിശു വികസന വകുപ്പ് വിവരങ്ങള്‍ തേടുന്നത്. കഴിഞ്ഞ ദിവസം ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാനെ വിളിച്ച് വരുത്തി വിശദീകരണം തേടിയിരുന്നു. സംഭവത്തില്‍ വനിതാ കമ്മിഷനും കേസെടുത്തിരുന്നു. കമ്മീഷന്‍ നവംബര്‍ 5ന് അനുപമയില്‍ നിന്ന് മൊഴിയെടുക്കും.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 22 ന് പ്രസവിച്ച ശേഷം ആശുപത്രിയില്‍ നിന്നും മടങ്ങും വഴി തിരുവനന്തപുരം ജഗതിയില്‍ വെച്ച് തന്റെ അമ്മയും അച്ഛനും ചേര്‍ന്ന് കുഞ്ഞിനെ ബലമായി എടുത്തുകൊണ്ടുപോയി എന്നാണ് മുന്‍ എസ്എഫ്ഐ നേതാവ് അനുപമയുടെ പരാതി. പിന്നീട് താനറിയാതെ കുട്ടിയെ ദത്ത് നല്‍കുകയായിരുന്നു എന്നാണ് അനുപമ ആരോപിക്കുന്നത്. സംഭവത്തില്‍ ഏപ്രില്‍19 ന് പേരൂര്‍ക്കട പോലീസില്‍ ആദ്യം പരാതി നല്‍കി.
തുടര്‍ന്ന് ഡിജിപി, മുഖ്യമന്ത്രി, ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി തുടങ്ങിവര്‍ക്കും പരാതി നല്‍കി. സിപിഎം നേതാക്കള്‍ക്കും പരാതി നല്‍കിയതായി അനുപമ പറയുന്നു. കുട്ടിയെ ദത്തു നല്‍കിയ സംഭവം വിവാദമായതോടെയാണ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചത്. അനുപമയുടെതെന്ന് കരുതുന്ന കുഞ്ഞിനെ ദത്ത് നല്‍കിയത് എല്ലാ നടപടി ക്രമങ്ങളും പാലിച്ചാണെന്ന് മന്ത്രി വീണാ ജോര്‍ജ് ഇന്നലെ നിയമസഭയില്‍ പ്രസ്താവിച്ചിരുന്നു.
അതേസമയം ദത്ത് വിവാദത്തില്‍ അനുപമയുടെ അച്ഛന്‍ പി.എസ് ജയചന്ദ്രന് എതിരെയുള്ള സിപിഐഎം നടപടിയില്‍ ഇന്ന് തീരുമാനമറിയാം. രാവിലെ സിപിഐഎം പേരൂര്‍ക്കട ലോക്കല്‍ കമ്മിറ്റിയും അതിനുശേഷം ഏരിയാ കമ്മിറ്റിയും യോഗം ചേരും. പാര്‍ട്ടി ലോക്കല്‍ കമ്മിറ്റി അംഗമാണ് ജയചന്ദ്രന്‍. അനുപമയടെ അമ്മ സ്മിത ജെയിംസ് ഉള്‍പ്പെടെ കേസിലെ പ്രതികളില്‍ അഞ്ചുപേര്‍ സിപിഐഎം അംഗങ്ങളാണ്. ജയചന്ദ്രനെത്തിരെ നടപടി വേണമെന്ന നിര്‍ദ്ദേശം സിപിഎം ജില്ലാ നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്.
ഇന്നലെ ചേര്‍ന്ന പേരൂര്‍ക്കട ഏരിയാ കമ്മിറ്റി വിഷയം ചര്‍ച്ച ചെയ്തില്ലായിരുന്നു. പി.എസ് ജയചന്ദ്രനും യോഗത്തില്‍ പങ്കെടുത്തിരുന്നു. എകെജി സെന്ററില്‍ ചേര്‍ന്ന അവയിലബിള്‍ സെക്രട്ടേറിയറ്റ് യോഗവും വിശദമായ ചര്‍ച്ചകളിലേക്ക് കടന്നില്ല. സംസ്ഥാന ജില്ലാ നേതൃത്വങ്ങളുടെ അനുമതിയും നിര്‍ദേശവും ലഭിച്ചശേഷം വീണ്ടും ലോക്കല്‍ കമ്മിറ്റി ചേര്‍ന്നായിരിക്കും നടപടി തീരുമാനിക്കുക. പി.എസ്.ജയചന്ദ്രനെ സഹായിച്ച മുന്‍ കൗണ്‍സിലര്‍ കൂടിയായ ലോക്കല്‍ കമ്മിറ്റിയംഗം അനുപമയുടെ അമ്മ അടക്കമുള്ളവര്‍ക്കെതിരേയും അച്ചടക്കനടപടി ഉണ്ടായേക്കും.