പ്രേമത്തിലെ മേരി എന്ന ഒറ്റ കഥാപാത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരന്‍. പ്രേമത്തിന് ശേഷം മലയാളത്തില്‍ നിന്നും നേരിടേണ്ടി വന്ന പരിഹാസങ്ങളും ട്രോളുകളുമാണ് ഇതരഭാഷാ സിനിമകളിലേക്ക് പോകാനുള്ള കാരണമായതെന്ന് തുറന്ന് പറയുകയാണ് അനുപമാ പരമേശ്വരന്‍. തമിഴിലും തെലുങ്കിലും കന്നഡയിലും പ്രധാന താരങ്ങള്‍ക്കൊപ്പം സിനിമകള്‍ ചെയ്തിരുന്നു. അഭിനയം അറിയില്ലെന്നും സെല്‍ഫ് പ്രമോഷന്‍ മാത്രമേ അറിയൂ എന്നും ആക്ഷേപിച്ചവരുണ്ടെന്നും ആ വിമര്‍ശനങ്ങളൊക്കെത്തന്നെയാണ് പിന്നീട് തെലുങ്കിലും തമിഴിലുമെല്ലാം സിനിമകള്‍ ചെയ്യാന്‍ പ്രേരണയായതെന്നും അനുപമ. ടൈംസ് ഓഫ് ഇന്ത്യ അഭിമുഖത്തിലാണ് അനുപമ പരമേശ്വരന്‍ ഇക്കാര്യങ്ങള്‍ പറയുന്നത്.
താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ
‘പ്രേമത്തിന്റെ റിലീസിന് ശേഷം ഒരുപാട് സോഷ്യല്‍ മീഡിയ ബുള്ളിയിംഗ് എനിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. എനിക്ക് ജാഡയാണെന്നും അഹങ്കാരിയാണെന്നും ആക്ഷേപിച്ചവരുണ്ട്. തൃശൂരില്‍ നിന്നുമുളള ഒരു സാധാരണ പെണ്‍കുട്ടി ആയിരുന്നു ഞാന്‍. അന്ന് പ്രമോഷനുകള്‍ക്കിടയില്‍ ഒരുപാടുപേര്‍ ഇന്റര്‍വ്യൂവിനായി സമീപിച്ചിരുന്നു. ഞാന്‍ അതിനോടൊന്നും മടി കാണിച്ചതുമില്ല. സിനിമയെക്കുറിച്ചല്ലാത്ത ചോദ്യങ്ങളുമുണ്ടായി. ഇന്റര്‍വ്യൂ നല്‍കി ഞാന്‍ പരിക്ഷീണിതയായിരുന്നു. അഭിമുഖങ്ങള്‍ക്ക് ശേഷം പ്രേമം സിനിമ ഇറങ്ങിയപ്പോള്‍ കുറഞ്ഞ സ്‌ക്രീന്‍ ടൈം ഉള്ളത് വച്ച് എന്നെ ട്രോളാന്‍ തുടങ്ങി. എന്റെ വ്യക്തിപരമായ വളര്‍ച്ചയ്ക്ക് വേണ്ടി പബ്ലിസിറ്റി ഉപയോഗിച്ചെന്ന നിലയില്‍ പലരും ചിന്തിച്ചു. പോളിഷ്ഡ് അല്ലാതെയാണ് ഞാന്‍ അഭിമുഖങ്ങളില്‍ സംസാരിച്ചത്.
ട്രോളുകള്‍ നന്നായി വേദനിപ്പിച്ചു. അങ്ങനെയാണ് മലയാളത്തില്‍ നിന്ന് തല്‍ക്കാലം മാറിനില്‍ക്കാമെന്ന് ഞാന്‍ തീരുമാനിക്കുന്നത്. പിന്നീട് മലയാളത്തില്‍ നിന്ന് വന്ന പ്രൊജക്ടുകളെല്ലാം ഞാന്‍ വേണ്ടെന്ന് വെച്ചു. ആ സമയത്താണ് തെലുങ്കിലെ ഒരു വലിയ പ്രൊഡക്ഷന്‍ കമ്പനിയില്‍ നിന്ന് ഒരു നെഗറ്റിവ് റോളിലേയ്ക്ക് വിളി വരുന്നത്. എനിക്ക് അഭിനയം അറിയില്ല, ആത്മപ്രശംസ മാത്രമേ അറിയൂ എന്ന് പറഞ്ഞ് വിമര്‍ശിച്ചവരെ ഓര്‍ത്തപ്പോള്‍ അന്ന് എനിക്കൊരു വാശിയായി. മറ്റു ഭാഷകള്‍ പഠിക്കാനും സിനിമകള്‍ ചെയ്യാനും ഞാന്‍ തീരുമാനിച്ചു’. അനുപമ പറയുന്നു.
ട്രോളുകള്‍ വിഷമിപ്പിച്ചെങ്കിലും പ്രേമത്തിലെ മേരിയാണ് തന്റെ കരിയര്‍ മാറ്റിയതെന്ന് അനുപമ പറയുന്നു. ‘മണിയറയിലെ അശോകന്‍’ ആണ് അനുപമയുടെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തിലെ ദുല്‍ഖര്‍ സല്‍മാനും ഗ്രിഗറിയും ചേര്‍ന്ന് ആലപിച്ച ‘ഉണ്ണിമായേ’ എന്ന ഗാനം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. തെലുങ്ക് ചിത്രം ‘നിന്നു കോരി’യുടെ റീമേക്ക് ‘തല്ലിപ്പോകാതെ’യാണ് വരാനിരിക്കുന്ന തമിഴ് ചിത്രം.