അനിയത്തിക്ക് ചേരാത്ത വസ്ത്രമിടാൻ സമ്മതിക്കില്ലെന്ന് അനു; മകളോട് എന്തും ഇട്ടോളാൻ പറയുമെന്ന് ഷാജോൺ, കാരണം ഇത്
കൊച്ചി:മലയാള സിനിമയിലെ യുവ നായികമാരിലെ ശ്രദ്ധേയ താരമാണ് നടി അനു സിത്താര. സൗന്ദര്യം കൊണ്ടൊക്കെ നിരവധി ആരാധകരാണ് അനുവിന് ഉള്ളത്. മലയാളത്തിൽ ഇപ്പോഴുള്ള നടിമാരിലെ ശാലീന സുന്ദരി ആയിട്ടാണ് അനുവിനെ വിശേഷിപ്പിക്കാറുള്ളത്. മികച്ച നർത്തകി കൂടിയാണ് താരം. കഴിഞ്ഞ കുറെ വര്ഷങ്ങളായി സിനിമയിലെ സജീവ സാന്നിധ്യമാണ് താരം.
2013 ൽ പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു സിത്താര വെള്ളിത്തിരയിലേക്ക് എത്തുന്നത്. പിന്നീട് ഒരു ഇന്ത്യൻ പ്രണയകഥ, അനാർക്കലി തുടങ്ങിയ ചിത്രങ്ങളിൽ ചെറിയ വേഷങ്ങളിൽ എത്തിയിരുന്നെങ്കിലും ഒമർ ലുലു സംവിധാനം ചെയ്ത ഹാപ്പി വെഡിങ് എന്ന ചിത്രത്തിലൂടെയാണ് താരം ശ്രദ്ധിക്കപ്പെടുന്നത്.
അതിന് ശേഷം കൂടുതൽ സിനിമകളിൽ നിന്ന് അനുവിന് അവസരം ലഭിക്കുകയായിരുന്നു. കരിയറിൽ ഇതുവരെ ഏകദേശം 25 ലധികം സിനിമകളിൽ അനു അഭിനയിച്ചിട്ടുണ്ട്. അതിൽ രാമന്റെ ഏദൻതോട്ടം, ക്യാപ്റ്റൻ, ഒരു കുപ്രസിദ്ധ പയ്യൻ എന്നീ ചിത്രങ്ങളാണ് ഏറെ ശ്രദ്ധിക്കപ്പെട്ടത്. സന്തോഷം ആണ് അനു സിത്താരയുടെ പുതിയ സിനിമ. ചിത്രത്തിന്റെ പ്രമോഷൻ തിരക്കുകളിലാണ് അനു ഇപ്പോൾ.
കലാഭവൻ ഷാജോൺ, അമിത് ചക്കാലയ്ക്കൽ, ആശ അരവിന്ദ്, മല്ലിക സുകുമാരൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ഒരു കുടുംബ ചിത്രമാണിത്. ചിത്രത്തിൽ ഷാജോണിന്റെ മകളായിട്ടാണ് അനു സിത്താര അഭിനയിക്കുന്നത്. അനിയത്തിയുടെ കാര്യങ്ങളിൽ ഒക്കെ നിയന്ത്രണം വെക്കുന്ന ചേച്ചിയാണ് ചിത്രത്തിൽ അനു.
ഇപ്പോഴിതാ, യാതാർത്ഥ ജീവിതത്തിൽ താൻ എങ്ങനെയാണെന്ന് പറയുകയാണ് നടി. മനോരമ ഓൺലൈന് നൽകിയ അഭിമുഖത്തിൽ സിനിമയിലെ പോലെയാണോ ജീവിതത്തിലും എന്ന ഷാജോണിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു നടി, ഷാജോണും താൻ മകളുടെ കാര്യങ്ങളിൽ അഭിപ്രായം പറയുന്നതിനെ കുറിച്ച് പറയുന്നുണ്ട്.
‘ഞാൻ അത്യാവശ്യം അനിയത്തിയുടെ കാര്യങ്ങളിൽ ഇടപെടാറുണ്ട്. ആവശ്യമുള്ള കാര്യങ്ങളിൽ അഭിപ്രായം പറയും. അങ്ങനെ റെസ്ട്രിക്‌ഷൻസ് ഒന്നുമില്ല. പക്ഷെ അഭിപ്രായങ്ങൾ പറയും. അവൾ ഏത് ഡ്രസ് വേണമെങ്കിലും ഇട്ടോട്ടെ. പക്ഷെ അവൾക്ക് അത് ചേരണം. എന്റെ അനിയത്തി അല്ലേ. അവൾക്ക് ചേരുന്ന വസ്ത്ര എന്താണെന്ന് എനിക്ക് അറിയാൻ കഴിയും,’
‘നീ ഇട്ടോ, പക്ഷെ നിനക്ക് ചേരാത്ത ഇടാറുത്. കാണുമ്പോൾ ഭംഗി ഇല്ലാത്തത് ഇടരുത് എന്ന് പറയും. അവൾ അത് കേൾക്കുകയും ചെയ്യും. അവൾക്ക് അറിയാം ഞാൻ പറയുന്നത് ശരിയാണെന്ന്. അച്ഛൻ അത് വേണ്ട ഇത് വേണ്ട എന്നൊക്കെ പറയുമ്പോൾ പിന്തുണയ്ക്കുന്നത് ഞാൻ ആണ്. അതുകൊണ്ട് അവൾക്ക് വിഷമം വരേണ്ട കാര്യമില്ല. ഞാൻ പറയുന്നത് കേൾക്കും. ചെയ്യാൻ പാടില്ല എന്നൊന്നും പറയില്ല. ഇതാണ് ശരിയെന്ന് പറഞ്ഞ് കൊടുക്കും,’ അനു സിത്താര പറഞ്ഞു.
‘അവരോട് പറയാം, പക്ഷെ അടിച്ച് ഏൽപിക്കരുത്’ എന്ന് ഷാജോൺ അപ്പോൾ പറയുന്നുണ്ട്. ‘എനിക്ക് എന്റെ മകൾ പോണി ടെയിൽ കെട്ടുന്നത് ഇഷ്ടമാണ്. ഞാൻ അവളോട് പറയും. ഈ അപ്പയ്ക്ക് എപ്പോഴും ഒരു പോണി ടെയിലെ ഉള്ളുവെന്ന് അവൾ പറയും. അവൾ അവളുടെ ഇഷ്ടത്തിന് മുന്നിലേക്കും സൈഡിലേക്ക് ഒക്കെ മുടി ഇട്ടാണ് കെട്ടാറുള്ളത്. അപ്പോഴാകും ഞാൻ ഇത് പറയുക,’
‘വീട്ടിൽ ഞാനും ചേട്ടനും മാത്രമായിരുന്നു. പെൺകുട്ടികൾ ഇല്ല. എനിക്ക് മോൾ ഉണ്ടായ ശേഷം എന്തെങ്കിലും ഡ്രസ് എടുക്കുമ്പോൾ അമ്മയോട് ചോദിക്കാൻ പറയും. നമുക്ക് അറിയില്ലല്ലോ. ഇടക്ക് ഇറക്കം കുറഞ്ഞ ഡ്രസ്സ് ഒക്കെ ഇടുമ്പോൾ എനിക്ക് അതൊരു ബുദ്ധിമുട്ടായിരുന്നു. അപ്പോൾ എന്നോട് ഭാര്യ പറഞ്ഞു, അവൾക്ക് ഈ പ്രായത്തിലെ ഇതൊക്കെ ഇടാൻ കഴിയു. കുറച്ച് കഴിഞ്ഞ് ഇടാൻ പറ്റില്ല. അവർ തന്നെ വേണ്ടെന്ന് പറയും,’
‘അപ്പോഴാണ് ഞാനും അത് ആലോചിക്കുന്നേ. അതുകൊണ്ട് നീ എന്ത് വേണമെങ്കിലും ഇട്ടോളാൻ പറയും. അൽപം വയർ കാണുന്ന ഡ്രസൊക്കെ എടുത്തോട്ടെ എന്ന് ചോദിക്കുമ്പോൾ ഞാൻ സമ്മതിക്കാറുണ്ട്. അപ്പോൾ അവൾ ഹാപ്പിയാണ്,’ കലാഭവൻ ഷാജോൺ പറഞ്ഞു.
അതേസമയം, ഇപ്പോൾ ആളുകൾ എല്ലാം അക്സെപ്റ്റ് ചെയ്യാൻ തുടങ്ങി. ഓരോരുത്തരുടെ ഇഷ്ടങ്ങൾക്ക് വില നൽകാൻ തുടങ്ങിയെന്നും അനു സിത്താര പറയുന്നുണ്ട്.