KeralaNews

കോട്ടയം നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത 175 പേര്‍ക്കെതിരെ കേസ്

കോട്ടയം: നട്ടാശേരിയില്‍ സില്‍വര്‍ ലൈന്‍ വിരുദ്ധ സമരത്തില്‍ പങ്കെടുത്ത നൂറു പേര്‍ക്കെതിരെയും കളക്ടറേറ്റില്‍ നടന്ന സമരത്തില്‍ പങ്കെടുത്ത 75 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ദൃശ്യങ്ങളില്‍ നിന്ന് 20 പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സില്‍വര്‍ ലൈന്‍ സര്‍വേ കല്ലിടാന്‍ ഇന്ന് രാവിലെ തന്നെ നട്ടാശേരിയില്‍ ഉദ്യോഗസ്ഥരെത്തിയിട്ടുണ്ട്.

സംഘര്‍ഷങ്ങളുണ്ടായാല്‍ തടയാന്‍ വന്‍ പൊലീസ് സന്നാഹമാണ് ഇവിടെ ഏര്‍പ്പെടുത്തിയിരിക്കുന്നത്. സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി സംഘടിപ്പിക്കുന്ന മഹാസംഗമം ഇന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ നടക്കും. പരിസ്ഥിതി പ്രവര്‍ത്തക മേധ പട്കര്‍ ഉദ്ഘാടനം ചെയ്യും. വിവിധ രാഷ്ട്രീയ നേതാക്കള്‍ സംഗമത്തില്‍ പങ്കെടുക്കും.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും. കേരളത്തില്‍ നടക്കുന്ന സമരങ്ങളുടെ കൂടി പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി ഇന്ന് ഡല്‍ഹിയില്‍ എത്തി പ്രധാനമന്ത്രിയെ കാണുന്നത്. രാവിലെ 11 മണിക്ക് പാര്‍ലമെന്റില്‍ വെച്ചാണ് കൂടിക്കാഴ്ച.

സില്‍വര്‍ ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് അനുകൂലമായ നടപടികള്‍ കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രിയോട് അഭ്യര്‍ത്ഥിക്കും. വായ്പയുടെ ബാധ്യത അടക്കമുള്ള വിഷയങ്ങളില്‍ കേരള സര്‍ക്കാരിന്റെ നിലപാടുകള്‍ ഇതുവരെ റെയില്‍വേ അംഗീകരിച്ചിട്ടില്ല. വായ്പാ ബാധ്യത സംസ്ഥാനത്തിന് മാത്രമായിരിക്കും എന്നതാണ് റെയില്‍വേയുടെ നിലപാട്.

അന്താരാഷ്ട്ര വായ്പാ സഹായം പദ്ധതിക്ക് ലഭിക്കാന്‍ ഈ നിലപാട് തടസ്സമാകുമെന്ന് മുഖ്യമന്ത്രി പ്രധാനമന്ത്രി ധരിപ്പിക്കും. സില്‍വര്‍ ലൈന്‍ പദ്ധതി എതിര്‍ക്കുന്ന രാഷ്ട്രീയ നിലപാടാണ് ബിജെപി സ്വീകരിച്ചിട്ടുള്ളത്. അതുകൊണ്ട് തന്നെ പ്രധാനമന്ത്രി മായുള്ള മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച ഏറെ പ്രധാനപ്പെട്ടതാകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button