കറാച്ചി: ഇംഗ്ലണ്ടിന് എതിരായ ആറാം ടി20യില്‍ അര്‍ധസെഞ്ചുറി നേടിയ പാകിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന് റെക്കോര്‍ഡ്. രാജ്യാന്തര ടി20യില്‍ അതിവേഗം 3000 റണ്‍സ് അടിച്ചെടുക്കുന്ന ബാറ്ററെന്ന ഇന്ത്യന്‍ താരം വിരാട് കോലിയുടെ റെക്കോര്‍ഡിനൊപ്പമാണ് ബാബര്‍ ഇന്നെത്തിയത്. കരിയറിലെ 81-ാം 20 ഇന്നിംഗ്സിലാണ് ബാബര്‍ 3000 പിന്നിട്ടത്. കോലിയും 81 ഇന്നിംഗ്സുകളില്‍ നിന്നാണ് 3000 കടന്നത്.
ഇംഗ്ലണ്ടിനെതിരായ ആറാം ടി20ക്ക് ഇറങ്ങുമ്പോള്‍ കോലിയ്ക്ക് ഒപ്പമെത്താന്‍ ബാബറിന് 61 റണ്‍സ് കൂടി വേണമായിരുന്നു. മുഹമ്മദ് റിസ്‌വാന്‍റെ അഭാവത്തില്‍ തുടക്കത്തില്‍ കരുതലോടെ കളിച്ച ബാബര്‍ 41 പന്തിലാണ് അര്‍ധസെഞ്ചുറി തികച്ചത്. അര്‍ധസെഞ്ചുറിക്ക് ശേഷം ഗിയര്‍ മാറ്റിയ ബാബര്‍ റിച്ചാര്‍ഡ് ഗ്സീസനെ ഫോറിനും സിക്സിനും പറത്തിയാണ് കോലിയുടെ റെക്കോര്‍ഡിന് ഒപ്പമെത്തിയത്.
ടി20 റണ്‍വേട്ടയില്‍ ബാബര്‍ നാലാം സ്ഥാനത്താണിപ്പോള്‍. 139 മത്സരങ്ങളില്‍ 3694 റണ്‍സടിച്ചിട്ടുള്ള ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ ഒന്നാം സ്ഥാനത്തും 107 മത്സരങ്ങളില്‍ 3660 റണ്‍സടിച്ചിട്ടുള്ള വിരാട് കോലി രണ്ടാം സ്ഥാനത്തുമുള്ളപ്പോള്‍ 121 മത്സരങ്ങളില്‍ 3497 റണ്‍സടിച്ച ന്യൂസിലന്‍ഡ് ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്ടില്‍ മൂന്നാമതും 85 മത്സരങ്ങളില്‍ 3000 പിന്നിട്ടാണ് ബാബര്‍ നാലാമതെത്തിയത്.
എന്നാല്‍ ടി20 ക്രിക്കറ്റിലെ ബാറ്റിംഗ് ശരാശരിയുടെ കാര്യത്തില്‍ ആദ്യ നാലു സ്ഥാനക്കാരാരും കോലിക്ക് അടുത്തില്ല. രോഹിത്തിന് 32.40 വും, ഗപ്ടിലിന് 31.79ഉം ബാബറിന് 43.22 റണ്‍സും ബാറ്റിംഗ് ശരാശരിയുള്ളപ്പോള്‍ കോലിക്ക് 5083 ബാറ്റിംഗ് ശരാശരിയുണ്ട്. കോലിക്ക് 138.06 പ്രഹരശേഷിയുള്ളപ്പോള്‍ ബാബറിന്‍റെ പ്രഹരശേഷി 129.92 മാത്രമാണ്.
കഴിഞ്ഞ ആഴ്ച രാജ്യാന്തര ടി20 ക്രിക്കറ്റിലും ഫ്രാഞ്ചൈസി ക്രിക്കറ്റിലുമായി 8000 റണ്‍സ് പൂര്‍ത്തിയാക്കുന്ന രണ്ടാമത്തെ വേഗമേറിയ താരമെന്ന നേട്ടം ബാബര്‍ സ്വന്തമാക്കിയിരുന്നു. വിരാട് കോലിയെ പിന്തള്ളിയായിരുന്നു ഈ നേട്ടവും ബാബര്‍ സ്വന്തമാക്കിയത്. ബാബറിന് നാഴികക്കല്ലിലെത്താന്‍ 218 ഇന്നിംഗ്‌സുകളാണ് വേണ്ടിവന്നതെങ്കില്‍ കോലിക്ക് 243 ഇന്നിംഗ്‌സുകള്‍ വേണ്ടിവന്നു. വെറും 213 ഇന്നിംഗ്‌സില്‍ 8000 റണ്‍സ് ക്ലബിലെത്തിയ വിന്‍ഡീസ് ഇതിഹാസം ക്രിസ് ഗെയ്‌ലാണ് തലപ്പത്ത്.