24.6 C
Kottayam
Friday, March 29, 2024

ഭൂമുഖത്തുള്ള മറ്റൊരു കൊറോണ വൈറസും മനുഷ്യരെ പിടികൂടിയേക്കാം, ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

Must read

ലോസ്ആഞ്ചലസ് :ലോകത്ത് മരണം വിതച്ച് മുന്നേറുന്ന കൊവിഡ് 19ന് കാരണക്കാരന്‍ SARS – CoV – 2 എന്ന കൊറോണ വൈറസാണ്. ഇതിന് മുമ്പ് ലോകത്തുണ്ടായ മിഡില്‍ ഈസ്റ്റ് അക്യൂട്ട് റെസ്പിറ്റേറി സിന്‍ഡ്രോം ( MERS ), സിവിയര്‍ അക്യൂട്ട് റെസ്പിറേറ്ററി സിന്‍ഡ്രോം ( SARS ) എന്നീ രോഗങ്ങളുണ്ടാക്കിയതും കൊറോണ ഇനത്തില്‍പ്പെട്ട വൈറസുകളാണ്. വവ്വാലില്‍ നിന്നാണ് ഈ വൈറസുകള്‍ മനുഷ്യനിലേക്ക് കടന്നു കൂടിയത്. ഇപ്പോഴിതാ, പന്നികളെ ബാധിക്കുന്ന ഒരിനം കൊറോണ വൈറസ് സ്‌ട്രെയിനിനും മനുഷ്യരിലേക്ക് പ്രവേശിക്കാന്‍ സാദ്ധ്യതയുണ്ടെന്ന കണ്ടെത്തലുകള്‍ പുറത്തുവന്നിരിക്കുകയാണ്.

പ്രൊസീഡിംഗ്‌സ് ഒഫ് ദ നാഷണല്‍ അക്കാഡമി ഒഫ് സയന്‍സസ് ആണ് പഠന റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. സൈ്വന്‍ അക്യൂട്ട് ഡൈയറീയ സിന്‍ഡ്രോം ( SADS – CoV ) വൈറസ് ഛര്‍ദ്ദി, അതിസാരം എന്നിവയ്ക്ക് കാരണമാകുന്നതായും രോഗം പന്നിക്കുഞ്ഞുങ്ങളെ തീവ്രമായി ബാധിക്കുന്നതായും കണ്ടെത്തി. വൈറസ് ബാധയേറ്റാല്‍ അഞ്ച് ദിവസത്തിനുള്ളില്‍ 90 ശതമാനം പന്നിക്കുഞ്ഞുങ്ങളും ചത്തുപോകുമെന്നാണ് കണ്ടെത്തല്‍. കൊവിഡ് 19ന് കാരണക്കാരായ SARS – CoV – 2 വിന്റെ കുടുംബത്തില്‍പ്പെട്ടതാണ് ഈ വൈറസും. ഹോഴ്‌സ്ഷൂ വവ്വാലുകളില്‍ നിന്നാണ് SADS – CoV വൈറസുകള്‍ പന്നികളിലേക്ക് കടക്കുന്നത്.

പന്നി ഫാമുകളില്‍ നിന്നും ഈ വൈറസുകള്‍ മനുഷ്യരിലേക്ക് കടക്കാന്‍ സാദ്ധ്യതയുള്ളതായി ഗവേഷകര്‍ പറയുന്നു. ഫാമുകളിലെ ജോലിക്കാര്‍ പന്നികളോട് വളരെ അടുത്ത് ഇടപെഴുകുന്നുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പന്നിയിറച്ചി ഉത്പാദിപ്പിക്കുന്നത് ചൈനയിലാണ്. അതുകൊണ്ട് തന്നെ ഇത്തരം ഫാമുകളില്‍ ചൈനീസ് അധികൃതര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു. പന്നികള്‍ക്കിടയില്‍ ഇത്തരം വൈറസുകളുടെ വ്യാപനമുണ്ടോ എന്ന് നിരീക്ഷിക്കണം.

പന്നികളില്‍ കുടല്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കാണ് ഈ വൈറസ് കാരണമാകുന്നത്. എന്നാല്‍ മനുഷ്യരില്‍ പ്രവേശിച്ചാല്‍ കൊവിഡിനെ പോലെ ശ്വാസകോശ സംബന്ധമായ രോഗങ്ങള്‍ക്ക് SADS – CoV വൈറസുകള്‍ കാരണമായേക്കാമെന്ന് വിദഗ്ദ്ധര്‍ പറയുന്നു. ജര്‍മനിയില്‍ അടുത്തിടെ കാട്ടുപന്നികളിലും വളര്‍ത്തു പന്നികളിലും ‘ ആഫ്രിക്കന്‍ പന്നിപ്പനി ‘ ബാധ കണ്ടെത്തിയിരുന്നുവെന്ന് ഗവേഷകര്‍ പറയുന്നു. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് ഹാനികരമല്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week