ചെന്നൈ: സംസ്ഥാനത്ത് ഡി.എം.കെ.യെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നതുവരെ ചെരിപ്പിടില്ലെന്ന് ശപഥംചെയ്ത് തമിഴ്നാട് ബി.ജെ.പി. അധ്യക്ഷൻ കെ. അണ്ണാമലൈ. അണ്ണാ സര്‍വകലാശാല കാംപസില്‍ പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത സംഭവവുമായി ബന്ധപ്പെട്ട ബി.ജെ.പി. പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘വെള്ളിയാഴ്ച ഞാൻ എന്റെ വീടിന് മുന്നിൽ പ്രതിഷേധിക്കും. അവിടെവെച്ച് സ്വയം ആറ് തവണ ചാട്ടവാറുകൊണ്ട് അടിക്കും. നാളെ മുതൽ 48 ദിവസം വ്രതമെടുത്ത് ദൈവത്തോട് പ്രാർഥിക്കും. ഡി.എം.കെ.യെ അധികാരത്തിൽ നിന്ന് പുറത്താക്കുന്നത് വരെ ഞാൻ ചെരിപ്പിടില്ല. ഇതിന് ഒരു അവസാനമുണ്ടാക്കണം’, അണ്ണാമലൈ പറഞ്ഞു.
ഡിസംബര്‍ 23ന് രാത്രി എട്ടിനാണ് അണ്ണാ സര്‍വകലാശാല കാംപസില്‍വെച്ച് രണ്ടാം വര്‍ഷ വിദ്യാര്‍ഥിനി ക്രൂരപീഡനത്തിന് ഇരയായത്. രണ്ടുപേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. ഒപ്പമുണ്ടായിരുന്ന സുഹൃത്തിനെ മര്‍ദിച്ച് അവശനാക്കിയതിന് ശേഷമായിരുന്നു ക്രൂരപീഡനം.
സംഭവത്തിൽ, ഒരാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കോട്ടൂര്‍പുരം സ്വദേശി ജ്ഞാനശേഖരന്‍(37) ആണ് അറസ്റ്റിലായത്. വഴിയോരത്ത് ബിരിയാണി കച്ചവടം നടത്തുന്നയാളാണ് ജ്ഞാനശേഖരന്‍. ഇയാള്‍ക്കെതിരേ കോട്ടൂര്‍പുരം പോലീസ് സ്‌റ്റേഷനില്‍ വേറേയും കേസുകളുണ്ട്. സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.