ഉപയോഗിച്ച വാക്കുകള്‍ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെട്ടു,വിവാദപോസ്റ്റില്‍ മാപ്പു പറഞ്ഞ് അന്ന ഈഡന്‍
കൊച്ചി: വിധി ബലാത്സംഗം പോലെയാണെന്നും തടുക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ആസ്വദിക്കാന്‍ ശ്രമിക്കണമെന്നായിരുന്നുവെന്ന തന്റെ പോസ്റ്റില്‍ ഖേദം പ്രകടിപ്പിച്ച് എറണാകുളം എംപി ഹൈബി ഈഡന്റ് ഭാര്യ അന്ന ലിന്‍ഡ ഈഡന്‍. തെറ്റിദ്ധാരണയുണ്ടായതില്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. പീഡനത്തിന് ഇരയായവരെ അപമാനിക്കാന്‍ ഉദ്ദേശിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ ഞാന്‍ ഉപയോഗിച്ച വാക്കുകള്‍ എന്റെ ഉദ്ദേശങ്ങള്‍ക്കപ്പുറം ചര്‍ച്ച ചെയ്യപ്പെടുകയും, ജീവിതത്തില്‍ അത്തരം ദുരവസ്ഥയിലൂടെ കടന്ന് പോയവര്‍ക്ക് മാനസിക വിഷമം ഉണ്ടാക്കുന്നതാണെന്നും താന്‍ മനസിലാക്കുന്നുവെന്നും അന്നയുടെ പുതിയ പോസ്റ്റില്‍ പറയുന്നു.
അന്നയുടെ ആദ്യ പോസ്റ്റിനെതിരെ നിരവധിപേര്‍ രംഗത്തെത്തിയിരുന്നു. വിവാദമായതോടെ അന്ന പോസ്റ്റ് നീക്കം ചെയ്തിരുന്നു. ഒരു ജനപ്രതിനിധിയുടെ ഭാര്യ എന്ന രീതിയില്‍, എന്നും ജനങ്ങളുടെ ദുരിതവും വേദനകളും കണ്ട് മനസിലാക്കി അവരോടൊപ്പം നില്‍ക്കാന്‍ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്റെ പോസ്റ്റില്‍ ഇങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായതില്‍ എനിക്ക് ഏറെ വിഷമമുണ്ട്. ഞാന്‍ അതില്‍ നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കുന്നുവെന്ന് അന്ന കുറിച്ചു.