വീട്ടിലെ ടിവി ചതിച്ചു,വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം വിദേശത്ത് ഭര്‍ത്താവിന് വാട്‌സ് ആപ്പില്‍
കോഴിക്കോട് : കിടപ്പുമുറിയില്‍ വീട്ടമ്മ വസ്ത്രം മാറുന്നതിന്റെ ഒളികാമറ ദൃശ്യം വാട്‌സ് ആപ്പ് വഴി പ്രവാസി ഭര്‍ത്താവിന് ലഭിച്ചു. എന്നാല്‍ പുറത്തു നിന്നുള്ളവര്‍ ആരും വീട്ടിലെ മുറിയില്‍ വന്നിട്ടില്ലെന്ന് ഭാര്യയും വീട്ടുകാരും ഒരു പോലെ ഉറപ്പിച്ചു പറഞ്ഞപ്പോള്‍ കേസിന് തുമ്പില്ലാതെ പൊലീസ് കുഴങ്ങി. അവസാനം കുറ്റവാളിയിലേയ്‌ക്കെത്തിയപ്പോള്‍ പൊലീസും വീട്ടുകാരും ഒരു പോലെ ഞെട്ടിയിരിക്കുകയാണിപ്പോള്‍. കോഴിക്കോടുള്ള വീട്ടമ്മയ്ക്കാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്.
കുറ്റവാളിയെ കണ്ടെത്താന്‍ വീട്ടുകാര്‍ സൈബര്‍ സെല്‍ പൊലീസില്‍ പരാതി നല്‍കി.സൈബര്‍ പൊലീസ് വിദേശത്തിരുന്ന് വിഡിയോ ദൃശ്യം പ്രചരിപ്പിച്ചവരെ ഉടന്‍ തന്നെ കണ്ടെത്തിയെങ്കിലും രഹസ്യകാമറ മുറിയില്‍ ഒളിപ്പിച്ചത് ആരെന്ന കാര്യം മാത്രം കണ്ടെത്താനായില്ല.
ഇതോടെ പൊലീസ് സംഘം വീഡിയോ ദൃശ്യം പരിശോധിച്ച് മുറിയില്‍ കാമറ ഇരിക്കുന്ന ഭാഗവും കാമറയുടെ ആംഗിളും പരിശോധിച്ചു. അപ്പോഴാണ് യഥാര്‍ത്ഥ കുറ്റവാളിയെ കണ്ടത്തിയത്. കിടപ്പുമുറിയിലെ ചുമരില്‍ സ്ഥാപിച്ച ടിവിയാണ് വീട്ടമ്മ വസ്ത്രം മാറുന്ന ദൃശ്യം ചിത്രീകരിച്ചത്. ഭര്‍ത്താവ് വിദേശത്തുനിന്ന് അവധിക്കു വന്നപ്പോള്‍ മുറിയിലെ എല്‍.ഇ.ഡി ടിവി മാറ്റി ആന്‍ഡ്രോയ്ഡ് സ്മാര്‍ട്ട് ടിവി സ്ഥാപിച്ചിരുന്നു. ഇതില്‍ ലോഗിന്‍ ചെയ്ത് സ്‌കൈപ് വഴി വീട്ടമ്മ വീഡിയോ കോള്‍ ചെയ്തിട്ടുമുണ്ട്.
ടിവിയുടെ സ്‌ക്രീന്‍ ഓഫ് ആയിരുന്നുവെങ്കിലും ക്യാമറ പ്രവര്‍ത്തിച്ചിരുന്നത് വീട്ടമ്മയോ വീട്ടുകാരോ ശ്രദ്ധിച്ചിരുന്നില്ല. വീട്ടമ്മയുടെ ഭര്‍ത്താവ് വിദേശത്ത് ഉപയോഗിക്കുന്ന കംപ്യൂട്ടര്‍ ഹാക്ക് ചെയ്തവര്‍ക്കാണ് ടിവി റെക്കോര്‍ഡ് ചെയ്ത നഗ്‌നദൃശ്യങ്ങള്‍ ലഭിച്ചത്. നിലവില്‍ ഓണ്‍ലൈന്‍ സംവിധാനമുള്ള പല ഉപകരണങ്ങളും ഓഫ് ചെയ്തുകഴിഞ്ഞാല്‍ പ്ലഗ് ഊരിയ ശേഷം ബാറ്ററിയുണ്ടെങ്കില്‍ അതും അഴിച്ചുമാറ്റിയിടേണ്ട അവസ്ഥയാണെന്ന് സൈബര്‍ വിദഗ്ധര്‍ പറയുന്നു.