27.8 C
Kottayam
Sunday, May 5, 2024

ദിലീപ് രാജിവെച്ചത് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരം; അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി റിപ്പോര്‍ട്ട് പുറത്ത്

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ നടന്‍ ദിലീപ് താര സംഘടനയായ അമ്മയില്‍ നിന്ന് രാജി വെച്ചത് പ്രസിഡന്റ് മോഹന്‍ലാല്‍ ആവശ്യപ്പെട്ടത് പ്രകാരമെന്ന് റിപ്പോര്‍ട്ട്. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ അവതരിപ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ജനറല്‍ സെക്രട്ടറി ഇടവേള ബാബു അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കാനുണ്ടായ സാഹചര്യവും പ്രതിപാദിക്കുന്നുണ്ട്. ദിലീപിനെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് നടി ഊര്‍മിള ഉണ്ണിയാണു വിഷയം ഉന്നയിച്ചതെന്നും ഐകകണ്ഠ്യേന കയ്യടിച്ചാണു ദിലീപിനെ തിരിച്ചെടുക്കാന്‍ തീരുമാനിച്ചതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ദിലീപ് സ്വമേധയ രാജിവെച്ചതാണെന്ന നടന്‍ സിദ്ധീഖ് അടക്കമുള്ളവരുടെ പ്രസ്താവന തള്ളുന്നതാണ് റിപ്പോര്‍ട്ട്. .അമ്മയുടെ നടപടിയില്‍ പ്രതിഷേധിച്ച് രാജി വെച്ച ഭാവന, റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവരുടെ രാജി അംഗീകരിച്ചെന്നും രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരുമായി നിര്‍വാഹക സമിതി ചര്‍ച്ച നടത്തിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

യോഗത്തില്‍ ഭേദഗതിയെ ആരും എതിര്‍ത്തിട്ടില്ലെന്നും മാറ്റങ്ങളാണു പറഞ്ഞതെന്നും യോഗത്തിനുശേഷം സംഘടന നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. പാര്‍വതിയും രേവതിയും ഷമ്മി തിലകനും അഭിപ്രായം പറഞ്ഞിട്ടുണ്ടെന്നും അവര്‍ വ്യക്തമാക്കി. എന്നാല്‍ എന്തൊക്കെ ഭേദഗതികള്‍ വേണമെന്ന കാര്യം ആരും വ്യക്തമാക്കിയിട്ടില്ലെന്നും പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. സംഘടനയില്‍ നിന്നു രാജിവെച്ചവര്‍ തിരിച്ചുവന്നാല്‍ സ്വീകരിക്കും.

എന്നാല്‍ അവര്‍ ഇതുവരെ തിരിച്ചുവരുന്നതിനായി അപേക്ഷ നല്‍കിയിട്ടില്ലെന്നും അപേക്ഷ നല്‍കിയാല്‍ സ്വീകരിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി. തിരിച്ചെത്തുന്നവരുടെ പക്കല്‍നിന്ന് അംഗത്വഫീസ് പോലും വാങ്ങിക്കരുതെന്ന നിര്‍ദേശം മമ്മൂട്ടി മുന്നോട്ടുവെച്ചിട്ടുണ്ടെന്ന് ജഗദീഷ് അറിയിച്ചു. രാജിവെച്ച നടിമാരെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയുണ്ടായിട്ടില്ല. അതിനു നടപടിക്രമങ്ങളുണ്ട്. അവര്‍ക്കു വീണ്ടും വരാന്‍ കഴിയും. അവരെ ഞങ്ങളുടെ സിനിമയില്‍ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ അവര്‍ വരുന്നില്ലെന്നാണ് പറഞ്ഞതെന്നാണ് ഞങ്ങള്‍ക്കറിയാന്‍ കഴിഞ്ഞതെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week