അമേരിക്കയുടെ ചൊവ്വാ ദൗത്യം,പെര്‍സിവിയറന്‍സ് വിക്ഷേപണം ഇന്ന്
ന്യൂയോര്‍ക്ക്: അമേരിക്കയുടെ പുതിയ ചൊവ്വാ ദൗത്യമായ പെര്‍സിവിയറന്‍സ് വിക്ഷേപണം ഇന്ന്. ഇന്ത്യന്‍ സമയം വൈകിട്ട് അഞ്ച് മണിക്ക് ഫ്‌ലോറിഡയിലെ കേപ്പ് കനാവറല്‍ എയര്‍ഫോഴ്‌സ് സ്റ്റേഷനില്‍ നിന്നാണ് പെര്‍സിവിയറന്‍സ് വിക്ഷേപിക്കുക.
ചരിത്രം കുറിച്ച ഓപ്പര്‍ച്ച്യൂണിറ്റിക്കും, ക്യൂരിയോസിറ്റിയ്ക്കും ശേഷം വീണ്ടും ഒരു അമേരിക്കന്‍ റോവര്‍ ചൊവ്വയിലേക്ക്. യുണൈറ്റഡ് ലോഞ്ച് അലയന്‍സിന്റെ അറ്റ്‌ലസ് വി 541 ആണ് വിക്ഷേപണ വാഹനം. പെര്‍സിവിയറന്‍സ് റോവറും ഇന്‍ജന്യൂറ്റി ഹെലികോപ്റ്ററും അടങ്ങുന്നതാണ് ദൗത്യം. ആദ്യമായാണ് ഒരു അന്യഗ്രഹത്തില്‍ ഹെലികോപ്റ്റര്‍ ശൈലിയിലുള്ള പറക്കുന്ന പര്യവേഷണ വാഹനം പ്രവര്‍ത്തിപ്പിക്കാന്‍ ശ്രമിക്കുന്നത്. ഏഴ് മാസത്തെ യാത്രക്കൊടുവില്‍ 2021 ഫെബ്രുവരിയില്‍ ചൊവ്വയിലെ ജസീറോ ക്രേറ്ററില്‍ ലാന്‍ഡ് ചെയ്യുന്ന രീതിയിലാണ് ദൗത്യ പദ്ധതി.
ചൊവ്വയിലെ അന്തരീക്ഷത്തെക്കുറിച്ചും, ഭൂപ്രകൃതിയെക്കുറിച്ചും കൂടുതല്‍ വിവരങ്ങള്‍ പെര്‍സിവിയറന്‍സിലൂടെ ലഭിക്കും. ചുവന്ന ഗ്രഹത്തില്‍ എന്നെങ്കിലും ജീവ സാന്നിധ്യമുണ്ടായിരുന്നോ എന്ന ചോദ്യത്തിന്റെ ഉത്തരത്തിലേക്ക് പെര്‍സിവിയറന്‍സിന് വിരല്‍ചൂണ്ടാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാവി ദൗത്യങ്ങള്‍ക്ക് തിരിച്ചു കൊണ്ടുവരാനായി ചൊവ്വയിലെ മണ്ണിന്റെ സാമ്പിളുകള്‍ ശേഖരിക്കുകയെന്ന ജോലിയും ആറ് ചക്രമുള്ള റോവറിനുണ്ട്. യുഎഇയുടെ ഹോപ്പും, ചൈനയുടെ ടിയാന്‍വെന്‍ ദൗത്യവും നിലവില്‍ ചൊവ്വയിലേക്കുള്ള യാത്രയിലാണ്.