ആംബുലന്‍സ് ലഭിച്ചില്ല; യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍
ആംബുലന്‍സ് കൃത്യസമയത്ത് ലഭിക്കാത്തതിനെ തുടര്‍ന്ന് യുവതിയെ ആശുപത്രിയിലെത്തിച്ചത് മരവണ്ടിയില്‍. മധ്യപ്രദേശിലെ ഉജ്ജൈന്‍ ജില്ലയിലാണ് സംഭവം. ഓക്സിജന്‍ സിലിണ്ടറിനൊപ്പം ശ്വാസതടസ്സം അനുഭവിക്കുന്ന 30 കാരിയായ യുവതിയെ കൃത്യസമയത്ത് കുടുംബാംഗങ്ങള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
മധ്യപ്രദേശിലെ ഷാജാപൂര്‍ ജില്ലയിലെ ഗോവിന്ദ ഗ്രാമവാസിയായിരുന്നു യുവതി. ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് അവളെ ബൈക്കില്‍ കയറ്റിക്കൊണ്ട് ബന്ധുക്കള്‍ ഉജ്ജൈനിലേക്ക് കൊണ്ടുവന്നതായിരുന്നു. എന്നാല്‍ യുവതിയുടെ നില വഷളായതിനെ തുടര്‍ന്ന് ആംബുലന്‍സ് വിളിച്ചെങ്കിലും കാര്യമുണ്ടായില്ല. പിന്നീട് ബന്ധുക്കള്‍ 50 രൂപയ്ക്ക് ഒരു മരം വണ്ടി വാങ്ങി ഓക്‌സിജന്‍ സിലിണ്ടറിനൊപ്പം യുവതിയെ ആശുപത്രിയില്‍ എത്തിച്ചു.
യുവതി ആരോഗ്യം വീണ്ടെടുത്തതായി ബന്ധുക്കള്‍ പറഞ്ഞു. സംഭവത്തിന്റെ വീഡിയോ പുറത്തു വന്നിരുന്നു. എന്നാല്‍ അത്തരമൊരു വീഡിയോയെക്കുറിച്ച് തനിക്ക് അറിയില്ലെന്നും അടിയന്തിര ഘട്ടത്തില്‍ ജനങ്ങള്‍ ഞങ്ങളുടെ ഹെല്‍പ്പ് ലൈന്‍ നമ്പറിലേക്ക് (1075) വിളിക്കണമെന്നും അവര്‍ക്ക് സേവനങ്ങള്‍ നല്‍കുമെന്നും ഉജ്ജൈന്‍ കളക്ടര്‍ പറഞ്ഞു.
രാജ്യത്ത് കോവിഡ് വ്യാപനം ആശങ്കാജനകമായി തുടരുകയും മെഡിക്കല്‍ ഓക്‌സിജന്റെ ക്ഷാമം രൂക്ഷമാവുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഓരോ സ്ഥലത്തും പ്രതിസന്ധികള്‍ രൂക്ഷമാവുകയാണ്. ഇതോടെ കോവിഡ് രോഗികള്‍ക്ക് വീടുകളിലും ഓക്‌സിജന്‍ സൗകര്യം ഏര്‍പ്പെടുത്താന്‍ നിര്‍ദ്ദേശമായിട്ടുണ്ട്. ഇന്ന് പ്രധാനമന്ത്രി ഓക്‌സിജന്‍ വിതരണം വിലയിരുത്തി.
അതിനൊപ്പം, മെഡിക്കല്‍ ഓക്‌സിജനും ഓക്‌സിജന്‍ ഉത്പാദനത്തിനുള്ള വസ്തുക്കള്‍ക്കും കസ്റ്റംസ് തീരുവയും ആരോഗ്യ സെസ്സും ഒഴിവാക്കാനും കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. മൂന്ന് മാസത്തേക്കാണ് കസ്റ്റംസ് തീരുവയും സെസ്സും ഒഴിവാക്കുന്നത്. ഓക്‌സിജന്‍ അടക്കമുള്ളവയ്ക്ക് കസ്റ്റംസ് ക്ലിയറന്‍സ് അതിവേഗം നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഇത് ഓക്‌സിജന്റെ അടക്കം ലഭ്യത വര്‍ദ്ധിപ്പിക്കുകയും വിലയില്‍ കുറവ് ഉണ്ടാക്കുകയും ചെയ്യും, അത്തരം ഉപകരണങ്ങളുടെ തടസ്സമില്ലാത്തതും വേഗത്തിലുള്ളതുമായ കസ്റ്റംസ് ക്ലിയറന്‍സ് ഉറപ്പാക്കാന്‍ പ്രധാനമന്ത്രി റവന്യൂ വകുപ്പിനോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രധാനമന്ത്രി വിളിച്ചുചേര്‍ത്ത യോഗത്തില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, വാണിജ്യ വ്യവസായ മന്ത്രി പീയൂഷ് ഗോയല്‍, ആരോഗ്യമന്ത്രി ഡോ. ഹര്‍ഷ് വര്‍ധന്‍, എയിംസ് ഡയറക്ടര്‍ രണ്‍ദീപ് ഗുലേറിയ എന്നിവരും പങ്കെടുത്തു. എല്ലാ മന്ത്രാലയങ്ങളോടും വകുപ്പുകളോടും സഹകരിച്ച് പ്രവര്‍ത്തിക്കാന്‍ മോദി ആവശ്യപ്പെട്ടു.