BusinessNationalNews

വരുന്നു അംബാനി-അദാനി യുദ്ധം,ഇന്ത്യയില്‍ ഡാറ്റയ്ക്ക് ഇനിയും നിരക്ക് കുറയുമോ

മുബൈ:ഇന്ത്യന്‍ ബിസിനസ് രംഗത്തെ കുലുക്കി മറിച്ചേക്കാവുന്ന ഒരു നീക്കമാണ് അദാനി ഗ്രൂപ്പ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ബിസിനസ് രംഗത്ത് നേരിട്ട് ഏറ്റുമുട്ടില്ല എന്ന അലിഖിത നിയമം ലംഘിച്ചാണ് അദാനി ഗ്രൂപ്പ്, റിലയന്‍സ് ഗ്രൂപ്പുമായി മത്സരിക്കാന്‍ എത്തുന്നത് എന്നത് ഇനി എന്ത് എന്ന ജിജ്ഞാസ ഉണര്‍ത്തുന്ന തീരുമാനങ്ങളിലൊന്നാണ്.

4 ജി ഡാറ്റാ വിപ്ലവം

ഇപ്പോള്‍ ലോകത്ത് ഏറ്റവും കുറഞ്ഞ നിരക്കില്‍ 4ജി ഡേറ്റാ ലഭിക്കുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. നേരത്തെ, 3ജിയുടെ കാലത്ത് 1 ജിബി ഡേറ്റയ്ക്ക് 249 രൂപ വരെ ഈടാക്കിയ ഒരു പറ്റം കമ്പനികള്‍ക്കിടയിലേക്കാണ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് മേധാവി മുകേഷ് അംബാനി 4ജി വരുന്നസമയത്ത് ചാടിയിറങ്ങിയത്. അസാധാരണ നിരക്കു വാങ്ങി ഡേറ്റ നല്‍കിയിരുന്ന പല കമ്പനികളും പൂട്ടിപ്പോയി, ചിലരുടെ മേല്‍ക്കോയ്മ തകര്‍ന്നു. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ ഇന്ത്യയെ ഫാസ്റ്റ്‌ഫോര്‍വേഡ് അടിച്ച നീക്കങ്ങളിലൊന്നായിരുന്നു റിലയന്‍സ് ജിയോ എന്ന കമ്പനി തുടങ്ങുകവഴി അംബാനി ചെയ്തത്.

പൂട്ടിപ്പോയ ടെലികോം കമ്പനികള്‍

എണ്ണ, പെട്രോകെമിക്കല്‍ തുടങ്ങിയ പരമ്പരാഗത വ്യവസായത്തില്‍ വിജയം കരസ്ഥമാക്കിയിരുന്ന, ബിസിനസുകാരന്റെ അപ്രതീക്ഷിതമായിരുന്ന ഈ നീക്കം, രാജ്യത്തെ സാധാരണക്കാരെ പോലും ഇന്റര്‍നെറ്റുമായി ബന്ധിപ്പിക്കുന്നതില്‍ അവിശ്വസനീയമായ ഗുണങ്ങളാണ് ഉണ്ടാക്കിയത്. അതേസമയം, അംബാനി 2ജി കാലത്ത് സിഡിഎംഎ ഹാന്‍ഡ്‌സെറ്റുമായി ടെലികോം മേഖലയില്‍ എത്തുകയും ജനങ്ങളുടെ അപ്രീതിക്കു പാത്രമാകുകയും ചെയ്തിരുന്നതിനാല്‍, എതിരാളികളാരും അംബാനിയില്‍ നിന്ന് ടെലികോം മേഖലയില്‍ വിപ്ലവമൊന്നും പ്രതീക്ഷിച്ചുമില്ല. തുടക്കത്തില്‍ ഡേറ്റ ഫ്രീയായി നല്‍കി പോലുമാണ് അംബാനി അരങ്ങേറ്റം നടത്തിയത്. പക്ഷേ, അതൊക്കെ മാറുമെന്നാണ് എതിരാളികള്‍ കരുതിയിരുന്നതെങ്കിലും വില കുറഞ്ഞ ഡേറ്റ ആസ്വദിക്കാന്‍ ഇന്ത്യക്കാര്‍ക്ക് അവസരമൊരുക്കുകയായിരുന്നു അംബാനി.

അംബാനിയ്ക്ക് എതിരാളിയായി അദാനി എത്തുമ്പോള്‍

സമാനമായ ഒരു നീക്കമാണ് ഇപ്പോള്‍ കാണുന്നത്. ഇന്ത്യയില്‍ 5ജിയുടെ കാര്യത്തില്‍ ജിയോയുടെ ആധിപത്യം തുടരും എന്നാണ് പലരും കരുതിയിരുന്നത്. എന്നാല്‍, താന്‍ 5ജി ലേലത്തില്‍ പങ്കുകൊള്ളുമെന്ന് അംബാനിയെ പോലെ മറ്റൊരു ഗുജറാത്തി ബിസിനസുകാരനും അദാനി ഗ്രൂപ്പിന്റെ മേധാവിയും ഏഷ്യയിലെ ഏറ്റവും വലിയ ധനികനുമായ ഗൗതം അദാനി പ്രഖ്യാപിച്ചിരിക്കുകയാണ്. (പരസ്പരം ഏറ്റുമുട്ടില്ലെന്ന ധാരണ പാലിച്ചാണ് ഇരു കമ്പനികളും നിലനിന്നു പോന്നതെന്ന് ഇക്കണോമിക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നു.) എന്തായാലും, 5ജി വരുമ്പോള്‍ അംബാനിയും അദാനിയും നേര്‍ക്കുനേര്‍ വരുന്നതാണ് ഇന്ത്യക്കാര്‍ കാണാന്‍ പോകുന്നത്.

ടെലികോം മേഖലയിലേക്ക് കാലെടുത്തുവച്ചതാണ് അംബാനിയെ ഏഷ്യയിലെ ഏറ്റവും വലിയ ധനികനാക്കാന്‍ സഹായിച്ചതെങ്കില്‍, ടെലികോം മേഖലയില്‍ എത്തുന്നതിനു മുമ്പുതന്നെ അംബാനിയെ കവച്ചുവച്ച് ലോകധനികരുടെ പട്ടികയില്‍ 6-ാം സ്ഥാനം നേടിയാണ് അദാനി എത്തുന്നത്. ടെലികോം മേഖലയില്‍ പ്രവേശിക്കുന്നതുകൂടാതെ, 775 ദശലക്ഷം ഡോളര്‍ മുടക്കി ഇന്ത്യയിലെ ഏറ്റവും വലിയ ചെമ്പു വ്യവസായം താന്‍ തുടങ്ങുകയാണെന്നും 60 കാരനായ അദാനി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിട്ടുണ്ട്. കച്ച് കോപ്പര്‍ കമ്പനിയായിരിക്കും ഇതിനു മുന്നില്‍ നില്‍ക്കുക.

ഉപയോക്താക്കള്‍ക്കു നേട്ടമുണ്ടാകുമോ ?

തങ്ങള്‍ 5ജി ഡേറ്റ അധികം വില വര്‍ദ്ധിപ്പിക്കാതെ നല്‍കുമെന്നായിരുന്നു പല ടെലികോം ഓപ്പറേറ്റര്‍മാരും പറഞ്ഞുവന്നത്. അംബാനി 4ജിയോട് ചെയ്തതു പോലെ തരംഗമായി വീശിയടിക്കാന്‍ ഒരുങ്ങിയാണ് അദാനി എത്തുന്നതെങ്കില്‍ അത് രാജ്യത്ത് മറ്റൊരു കൊച്ചു വിപ്ലവത്തിന് തുടക്കമിട്ടേക്കും. അതിന്റെ ഗുണഭോക്താക്കള്‍ സാധാരണ സബ്‌സ്‌ക്രൈബര്‍മാരായേക്കാം. റിലയന്‍സ് ജിയോ, എയര്‍ടെല്‍, വൊഡാഫോണ്‍-ഐഡിയ എന്നീ കമ്പനികളോടായിരിക്കും അദാനി ഗ്രൂപ്പ് മത്സരിക്കുക. കല്‍ക്കരി, ഊര്‍ജ വിതരണം, വ്യോമയാനം തുടങ്ങിയ മേഖലകളില്‍ നിന്നാണ് അദാനി ഗ്രൂപ്പ് ഈ മേഖലയിലേക്ക് എത്തുന്നത്. ജൂലൈ 26ന് നടക്കുന്ന 5ജി ലേലത്തില്‍ അദാനി ഗ്രൂപ്പ് പങ്കെടുക്കുമെങ്കില്‍ ഇന്ത്യയിലെ രണ്ട് ബിസിനസ് ഭീമന്മാരും ആദ്യമായി നേരിട്ട് ഏറ്റുമുട്ടുന്നതായിരിക്കും കാണുക. (അതേസമയം, ക്ലൗഡ് കംപ്യൂട്ടിങ് തുടങ്ങി ചില മേഖലകളിൽ ഇരു കമ്പനികളും ഇപ്പോള്‍ത്തന്നെ നേര്‍ക്കുനേര്‍ ഉണ്ട് എന്നും വാദമുണ്ട്.)

അദാനിയുടെ ലക്ഷ്യം?

അതേസമയം, രാജ്യത്തു മൊത്തം ടവറുകളും മറ്റും സ്ഥാപിക്കുക എന്ന ഉദ്ദേശമൊന്നുമില്ലാതെ, സ്വകാര്യ 5ജി എന്ന വിഭാഗത്തിലായിരിക്കുമോ അദാനി ഗ്രൂപ്പ് കണ്ണുവയ്ക്കുന്നത് എന്നും സംശയമുണ്ട്. നിലവിലെ 4ജിയുടെ കാര്യത്തില്‍ ഇല്ലാത്ത തരത്തില്‍ ചില ബിസിനസ് സ്ഥാപനങ്ങള്‍ക്കു മാത്രമായി 5ജി നല്‍കുന്ന സംവിധാനം വന്നേക്കാം. അഞ്ചാം തലമുറ അല്ലെങ്കില്‍ 5ജിയില്‍ 700 മെഗാഹെട്‌സ് ഉപയോഗിച്ചായിരിക്കാം ഗ്രാമീണ മേഖലയില്‍ തുടക്കത്തില്‍ പ്രസരണം. ഇതിന് സ്പീഡ് കുറവായിരിക്കും.

അതേസമയം, മില്ലിമീറ്റര്‍ വേവ് അല്ലെങ്കില്‍ എംഎംവേവ് ആകട്ടെ 24ഗിഗാഹെട്‌സിനും 300 ഗിഗാഹെട്‌സിനും മധ്യേ പ്രവര്‍ത്തിക്കുന്നു. നഗരങ്ങളില്‍ എംഎംവേവ് ആയിരിക്കും കൊണ്ടുവരാന്‍ ടെലോകം കമ്പനികള്‍ ശ്രമിക്കുക. എന്നാല്‍, ചില ബിസിനസ് സ്ഥാപനങ്ങള്‍ക്ക് മാത്രമായി എംഎംവേവ്ടവറുകള്‍ വച്ചുനല്‍കുന്ന രീതി ഇന്ത്യയില്‍ അനുവദിക്കണമോ എന്ന ചര്‍ച്ചയും നടക്കുന്നുണ്ട്. ഇത്തരം 5ജി പ്രസരണത്തില്‍ ടാറ്റയ്ക്കും താൽപര്യമുണ്ടെന്നും പറഞ്ഞു കേള്‍ക്കുന്നു. ചിലപ്പോള്‍ സ്വകാര്യ സ്ഥാപനങ്ങള്‍ക്കു 5ജി നല്‍കുന്ന ബിസിനസില്‍ മാത്രമാകാം അദാനിയുടെ കണ്ണ്. അതു കാത്തിരുന്ന് അറിയേണ്ട കാര്യമാണ്. അതേസമയം, അദാനി ഗ്രൂപ് നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (എന്‍എല്‍ഡി), ഇന്റര്‍നാഷണല്‍ ലോങ് ഡിസ്റ്റന്‍സ് (ഐഎല്‍ഡി) ലൈസന്‍സുകള്‍ അടുത്തിടെ സ്വന്തമാക്കിയെന്നും റിപ്പോര്‍ട്ടുണ്ട്.

സ്‌പെക്ട്രം ലേലം

മൊത്തം 72,097.85 മെഗാഹെട്‌സ് സ്‌പെക്ട്രമാണ് ലേലത്തില്‍ വയ്ക്കുക. ഇതിന് 4.3 ലക്ഷം കോടി രൂപയാണ് മതിപ്പുവില. ഈ വര്‍ഷം അവസാനം ഇന്ത്യയില്‍ 5ജി പ്രക്ഷേപണം തുടങ്ങിയേക്കും. ലേലത്തില്‍ കമ്പനികള്‍ക്ക് നല്‍കുന്ന ലൈസന്‍സ് 20 കൊല്ലത്തേക്ക് 5ജി പ്രവര്‍ത്തിപ്പിക്കാനാണ്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker