കൊച്ചി: കൊവിഡ് പ്രതിരോധവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങൾ തുടരുന്നതിനിടെ മലയാളത്തിൽ ആദ്യമായി ഒരു സിനിമ തിയറ്ററിൽ റിലീസ് ചെയ്യുന്നതിനു മുൻപ് ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുന്നു. കോവിഡ് പ്രതിസന്ധിയെ തുടർന്ന് തിയറ്റുകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിലാണ് പുതിയ നീക്കം. ജയസൂര്യ നായകനാകുന്ന ചിത്രം ‘സൂഫിയും സുജാതയും’ ആമസോൺ പ്രെെമിലൂടെയാണ് റിലീസിനെത്തുക.
മലയാളത്തിൽ ആദ്യമായാണ് ഇങ്ങനെയൊരു ഡിജിറ്റൽ റിലീസ് നടക്കാൻ പോകുന്നത്. ആമസോൺ പ്രെെമും ഇക്കാര്യം സ്ഥിരീകരിച്ചു. നവാഗതനായ നരണിപ്പുഴ ഷാനവാസ് സംവിധാനം ചെയ്ത സിനിമ ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറില്‍ വിജയ് ബാബുവാണ് നിര്‍മ്മിച്ചിരിക്കുന്നത്. അദിതി റാവു ഹൈദരിയാണ് നായിക. ജയസൂര്യയാണ് ചിത്രം ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചത്. സിനിമ എന്ന് റിലീസ് ചെയ്യുമെന്ന് അറിയിച്ചിട്ടില്ല.
നിലവിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മറ്റ് വഴികളില്ലെന്നാണ് നിർമാതാവ് വിജയ് ബാബു പറയുന്നത്. തിയറ്റുകൾ ഇനി എന്ന് തുറക്കുമെന്ന കാര്യത്തിൽ അനിശ്ചിതത്വമുണ്ട്. അതിനാലാണ് ഓൺലെെൻ പ്ലാറ്റ്‌ഫോമിലൂടെ സിനിമ റിലീസ് ചെയ്യാൻ തീരുമാനിച്ചതെന്നും നിർമാതാക്കളുടെ സംഘടനയുമായി ഇക്കാര്യം ചർച്ച ചെയ്‌തിട്ടുണ്ടെന്നും വിജയ് ബാബു പറഞ്ഞു.
അതേസമയം, മലയാളത്തിൽ ആദ്യമായി ഒരു സിനിമ ഓൺലെെൻ പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്യുമ്പോൾ തിയറ്റർ ഉടമകളുടെ പ്രതികരണം ശ്രദ്ധേയമാകും. ഓൺലെെൻ റിലീസ് സംവിധാനത്തെ തിയറ്റർ ഉടമകൾ എതിർക്കാൻ സാധ്യതയുണ്ട്.