നടി അമല പോള്‍ വിവാഹിതയായി? ചിത്രങ്ങള്‍ പുറത്ത്
നടി അമല പോള്‍ വീണ്ടും വിവാഹിതയായതായി റിപ്പോര്‍ട്ട്. അമലയുടെ സുഹൃത്തും മുംബൈ നിന്നുള്ള ഗായകനുമായ ഭവ്നിന്ദര്‍ സിംഗാണ് വരന്‍. ഭവ്നിന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ‘ത്രോബാക്ക്’ എന്ന ഹാഷ് ടാഗോടെയാണ് ഭവ്നിന്ദര്‍ വിവാഹ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.
ഇരുവരും നേരത്തെ വിവാഹിതരായെന്നാണ് ചിത്രങ്ങള്‍ നല്‍കുന്ന സൂചന. നിരവധി പേര്‍ ഇവര്‍ക്ക് ആശംസകള്‍ നേര്‍ന്ന് രംഗത്ത് വന്നിട്ടുണ്ട്. പരമ്പരാഗത രാജസ്ഥാനി വേഷത്തിലാണ് ഇരുവരും ഫോട്ടോയില്‍ പ്രത്യക്ഷപ്പെടുന്നത്.
തന്റെ ജീവിത്തതിലെ പ്രിയപ്പെട്ട കൂട്ടുകാരനെ കുറിച്ച് നടി അമല പോള്‍ പല അഭിമുഖത്തിലും വെളിപ്പെടുത്തിയിട്ടുണ്ട്. ആടൈ എന്ന സിനിമയുടെ പ്രൊമോഷനിടെയാണ് അമല അക്കാര്യം തുറന്ന് പറഞ്ഞത്. ഉപാധികളില്ലാതെ സ്നേഹിക്കാന്‍ കഴിയുമെന്ന് അദ്ദേഹം തനിക്ക് കാണിച്ച് തന്നുവെന്നും തനിക്കായി സമയം ചെലവഴിക്കാന്‍ അദ്ദേഹം തന്റെ ജോലിയും കരിയറും ത്യജിച്ചുവെന്നും അമല പറഞ്ഞിരുന്നു.
എന്നാല്‍ സോഷ്യല്‍ മീഡിയയിലെ പ്രചരണങ്ങള്‍ക്ക് അമലയോ ഭവ്‌നിന്ദര്‍ സിംഗോ പ്രതികരിച്ചിട്ടില്ല. അമലയുടെ രണ്ടാം വിവാഹമാണിത്. 2014 ജൂണ്‍ 12നായിരുന്നു മൂന്ന് വര്‍ഷം നീണ്ട പ്രണയത്തിനൊടുവില്‍ അമലയും തമിഴ് സംവിധായകന്‍ വിജയും വിവാഹിതരായത്. വിവാഹം കഴിഞ്ഞ് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഇരുവരും വിവാഹമോചന ഹര്‍ജി സമര്‍പ്പിച്ചു. തുടര്‍ന്ന് ഫെബ്രുവരി 2017ല്‍ ഇരുവരും നിയമപരമായി വിവാഹമോചിതരായി. ഇക്കഴിഞ്ഞ ജൂലൈ 11നായിരുന്നു വിജയ് രണ്ടാമതും വിവാഹിതനായത്. ചെന്നൈ സ്വദേശിയും ഡോക്ടറുമായ ഐശ്വര്യയാണ് വധു.