EntertainmentNationalNews

ഓഫീസ് ഇളക്കി മറിച്ച് അല്ലു അര്‍ജുന്‍!അതിവേഗം 1000 കോടി ക്ലബിൽ പുഷ്പ 2

ഹൈദരാബാദ്‌:ഇന്ത്യന്‍ ബോക്സ് ഓഫീസ് റെക്കോര്‍ഡുകളെല്ലാം പഴങ്കഥയാക്കിക്കൊണ്ട് അല്ലു അര്‍ജുന്റെ ‘പുഷ്പ 2’വിന്റെ തേരോട്ടം. ഇന്ത്യന്‍ സിനിമാ ലോകത്ത് തന്നെ അതിവേഗം 1000 കോടി കളക്ഷന്‍ നേടുന്ന ചിത്രമായി മാറിയിരിക്കുകയാണ് ‘പുഷ്പ 2: ദ റൂള്‍’.

നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്സ് സോഷ്യല്‍മീഡിയയിലൂടെ ഇക്കാര്യം പുറത്തുവിട്ടിരിക്കുകയാണ്. റിലീസായി 6 ദിനം കൊണ്ടാണ് ‘പുഷ്പ’ രണ്ടാം ഭാഗം ഈ സ്വപ്നനേട്ടം കൈവരിച്ചിരിക്കുന്നത്. ഇതിനകം 1002 കോടി കളക്ഷനാണ് ചിത്രം നേടിയിരിക്കുന്നത്.

‘പുഷ്പ’ ആദ്യഭാഗം ആഗോളതലത്തില്‍ 350 കോടിയോളം കളക്ഷനായിരുന്നു നേടിയിരുന്നത്. ഈ തുക രണ്ട് ദിവസം കൊണ്ട് ‘പുഷ്പ 2’ മറികടന്നിരുന്നു. ആദ്യദിനത്തില്‍ മാത്രം സിനിമ ആഗോളതലത്തില്‍ 294 കോടി കളക്ഷന്‍ സ്വന്തമാക്കിയിരുന്നു.

റിലീസായി 2 ദിവസത്തിനകം 500 കോടി ആഗോള ബോക്‌സോഫീസ് കളക്ഷനും ചിത്രം നേടിയിരുന്നു. അഞ്ച് ദിവസം കൊണ്ടാണ് ഷാരൂഖ് ഖാന്റെ ‘പത്താന്‍’ ആഗോള തലത്തില്‍ 500 കോടി ക്ലബ്ബില്‍ ഇടം നേടിയത്. ‘ജവാന്‍’ 13 ദിവസവും ‘സ്ത്രീ 2’ 22 ദിവസവും ‘ഗദ്ദര്‍ 2’ 24 ദിവസവും എടുത്തായിരുന്നു 500 കോടി ക്ലബിലെത്തിയത്.

12 ദിവസം കൊണ്ട് വിജയ് നായകനായ ലിയോ 500 കോടി നേട്ടം കൈവരിച്ചിരുന്നു. ഇവയ്‌ക്കെല്ലാം മേലെയാണ് ഇപ്പോള്‍ ‘പുഷ്പ’യുടെ റെക്കോര്‍ഡ് കളക്ഷന്‍. ലോകമെമ്പാടുമുള്ള 12,500 ല്‍ അധികം സ്‌ക്രീനുകളിലാണ് പുഷ്പ 2 ഇറങ്ങിയത്. പ്രീ സെയിലില്‍ നിന്ന് മാത്രം ചിത്രം 100 കോടി നേട്ടം സ്വന്തമാക്കിയിരുന്നു. തെലുങ്ക്, തമിഴ്, മലയാളം, ഹിന്ദി, കന്നഡ, ബംഗാളി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തിയിരിക്കുന്നത്.

തിയേറ്ററുകള്‍തോറും ഇതുവരെ കാണാത്ത വിധത്തിലുള്ള ഗംഭീരമായ റിലീസിങ് മാമാങ്കമാണ് നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സും സുകുമാര്‍ റൈറ്റിംഗ്‌സും പദ്ധതിയിട്ടിരുന്നത്. അത് ഏറെ ഫലം കണ്ടു എന്നാണ് കളക്ഷന്‍ സൂചിപ്പിക്കുന്നത്. ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിച്ചിരിക്കുന്നത് ഇ ഫോര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സാണ്.

ലോകമാകെ ഏറ്റെടുത്ത ബ്ലോക്ക്ബസ്റ്റര്‍ ചിത്രമായ ‘പുഷ്പ: ദ റൈസി’ന്റെ രണ്ടാം ഭാഗമായെത്തിയ ‘പുഷ്പ 2: ദ റൂള്‍’ ബോക്‌സ് ഓഫീസ് കൊടുങ്കാറ്റായി മാറുമെന്ന ഏവരും കണക്കുകൂട്ടല്‍ തെറ്റയിട്ടില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. റോക്ക് സ്റ്റാര്‍ ദേവി ശ്രീ പ്രസാദിന്റെ സംഗീതവും അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും തികച്ചും പുതിയൊരു കാഴ്ച വിപ്ലവം തന്നെ തീര്‍ത്തിരിക്കുകയാണ്.

സുകുമാര്‍ സംവിധാനം ചെയ്ത ‘പുഷ്പ ദ റൈസ്’ ആദ്യഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും 7 സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. ‘പുഷ്പ ദ റൂള്‍’ ഇതിന്റെ തുടര്‍ച്ചയായി എത്തിയ പുഷ്പ 2-വിന് മുന്നില്‍ സകല റെക്കോര്‍ഡുകളും കടപുഴകുമോ എന്ന് ഉറ്റുനോക്കുകയാണ് ആരാധകര്‍. ചിത്രത്തില്‍ അല്ലു അര്‍ജുന് പുറമെ രശ്മിക മന്ദാന, ഫഹദ് ഫാസില്‍, സുനില്‍, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായുള്ളത്.

കഥ-തിരക്കഥ-സംവിധാനം: സുകുമാര്‍ ബന്ദ്‌റെഡ്ഡി, നിര്‍മാതാക്കള്‍: നവീന്‍ യെര്‍നേനി, രവിശങ്കര്‍ യലമഞ്ചിലി, സിഇഒ: ചെറി, സംഗീതം: ദേവി ശ്രീ പ്രസാദ്, ഛായാഗ്രാഹകന്‍: മിറെസ്ലോ ക്യൂബ ബ്രോസെക്, പ്രൊഡക്ഷന്‍ ഡിസൈനര്‍: എസ്. രാമകൃഷ്ണ-മോണിക്ക നിഗോത്രേ, ഗാനരചയിതാവ്: ചന്ദ്ര ബോസ്, ബാനറുകള്‍: മൈത്രി മൂവി മേക്കേഴ്‌സ്, സുകുമാര്‍ റൈറ്റിംഗ്‌സ്, മാര്‍ക്കറ്റിംഗ് ഹെഡ്: ശരത്ചന്ദ്ര നായിഡു, പി. ആര്‍. ഒ: ഏലൂരു ശ്രീനു, മാധുരി മധു, ആതിര ദില്‍ജിത്ത്, മാര്‍ക്കറ്റിംഗ്: ഫസ്റ്റ് ഷോ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker