ഹൈദരാബാദ്: ‘പുഷ്പ 2’ സിനിമയുടെ പ്രീമിയര്‍ ഷോയ്ക്കിടെ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലും യുവതി മരിച്ച സംഭവത്തില്‍ നടന്‍ അല്ലു അര്‍ജുന്‍ അറസ്റ്റിലായിരുന്നു. വെള്ളിയാഴ്ചയാണ് നടനെ പോലീസ് സംഘം വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. നമ്പള്ളി മജിസ്ട്രേറ്റ് കോടതി അല്ലുവിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്ത് ഉത്തരവിട്ടെങ്കിലും മണിക്കൂറുകള്‍ക്കുള്ളില്‍ തെലങ്കാന ഹൈക്കോടതി നടന് ഇടക്കാലജാമ്യം അനുവദിച്ചു. എന്നാല്‍, ജാമ്യ ഉത്തരവ് കിട്ടാന്‍ വൈകിയതിനാല്‍ വെള്ളിയാഴ്ച രാത്രി അല്ലു അര്‍ജുന് ജയിലില്‍തന്നെ കഴിയേണ്ടിവന്നിരുന്നു. ശനിയാഴ്ച രാവിലെയാണ് നടന്‍ ജയില്‍മോചിതനായത്.
ഒരുരാത്രി മുഴുവന്‍ ജയിലില്‍ കഴിയേണ്ടിവന്നെങ്കിലും നടനെ ‘സ്പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ ആയാണ് പരിഗണിച്ചതെന്നാണ് തെലങ്കാന ജയില്‍വകുപ്പിലെ ഒരു മുതിര്‍ന്ന ഉദ്യോഗസഥന്‍ പ്രതികരിച്ചത്. അത്താഴത്തിന് ചോറും വെജിറ്റബിള്‍കറിയുമാണ് നടന് നല്‍കിയതെന്നും എന്തെങ്കിലും പ്രത്യേക ആവശ്യമോ സഹായമോ നടന്‍ ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.
”അദ്ദേഹം തികച്ചും സാധാരണപോലെയായിരുന്നു. വിഷമിച്ചൊന്നും കണ്ടില്ല. ജയിലിലെ സാധാരണ അത്താഴസമയം വൈകിട്ട് 5.30-നാണ്. എന്നാല്‍, വൈകി എത്തിക്കുന്നവര്‍ക്കും ഭക്ഷണം വിളമ്പാറുണ്ട്. നടന്‍ ചോറും വെജിറ്റബിള്‍കറിയുമാണ് കഴിച്ചത്. കോടതിയുടെ ഉത്തരവനുസരിച്ച് നടനെ ‘സ്പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ ആയാണ് കൈകാര്യം ചെയ്തിരുന്നത്”, ജയില്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു.
‘സ്‌പെഷ്യല്‍ ക്ലാസ് ജയില്‍പ്പുള്ളി’ക്ക് ജയിലില്‍ പ്രത്യേകമായി കട്ടിലും കസേരയും മേശയും ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ലഭ്യമാവുക. അല്ലു അര്‍ജുനെ അതേ കേസിലെ മറ്റുപ്രതികള്‍ക്കൊപ്പം ജയിലിലെ പ്രത്യേകഭാഗത്താണ് താമസിപ്പിച്ചതെന്നും ജയില്‍ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.