ജീന്‍സും ടീഷര്‍ട്ടും താടിയും വേണ്ട; സി.ബി.ഐ ഉദ്യോഗസ്ഥര്‍ക്ക് ഡ്രസ് കോഡ് കര്‍ക്കശമാക്കി പുതിയ ഡയറക്ടര്‍
ന്യുഡല്‍ഹി: സി.ബി.ഐയിലെ ഉദ്യോഗസ്ഥര്‍ക്കും മറ്റ് ജീവനക്കാര്‍ക്കും ഡ്രസ് കോഡ് കര്‍ക്കശമാക്കി പുതിയ ഡയറക്ടറുടെ ഉത്തരവ്. ഓഫീസില്‍ ഔപചാരികമായ വസ്ത്രം തന്നെ ധരിക്കണം. ജീന്‍സ്, ടീഷര്‍ട്ട്, സ്പോര്‍ട്സ് ഷൂ പോലെ കാഷ്വല്‍ വസ്ത്രങ്ങള്‍ പാടില്ലെന്ന് ഡയറക്ടര്‍ സുബോധ് കുമാര്‍ ജയ്സ്വാളിന്റെ പുതിയ ഉത്തരവില്‍ പറയുന്നൂ.
പുരുഷന്മാരായ ഉദ്യോഗസ്ഥര്‍ ഷര്‍ട്ടും ഫോര്‍മല്‍ ട്രൗസറും ഷൂം ധരിച്ചുവേണം ഓഫീസിലെത്താന്‍. താടി വളര്‍ത്താന്‍ പാടില്ല. ഓഫീസിലെത്തുമ്പോള്‍ ക്ലീന്‍ ഷേവ് ആയിരിക്കണം.
വനിത ഉദ്യോഗസ്ഥര്‍ക്ക് സാരി, സ്യൂട്ട്സ്, ഫോര്‍മല്‍ ഷര്‍ട്ട്, ട്രൗസര്‍ എന്നിവ ഉപയോഗിക്കാം. ജീന്‍സ്, ടീ ഷര്‍ട്ട്, സ്പോര്‍ട്സ് ഷൂ, ചെരുപ്പ്, മറ്റ് കാഷ്വലായ വേഷവിധാനങ്ങളൊന്നും പാടില്ല. ഈ ഉത്തരവ് രാജ്യത്തെ മുഴുവന്‍ സി.ബി.ഐ ഓഫീസുകള്‍ക്കും ബാധകമായിരിക്കും. പുതിയ മാര്‍ഗരേഖ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ബ്രാഞ്ച് മേധാവികള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ഡയറക്ടറുടെ ഉത്തരവിനെ ജീവനക്കാര്‍ സ്വാഗതം ചെയ്യുന്നുവെന്നാണ് സൂചന. കുറച്ചുകാലമായി ഓഫീസുകളില്‍ കാഷ്വല്‍ വേഷവിധാനങ്ങള്‍ ഉപയോഗിച്ചിരുന്നു. ഇതിനെ ആരും പിന്തുണയ്ക്കുന്നില്ല. സി.ബി.ഐ ഉദ്യോഗസ്ഥര്‍ ഫോര്‍മല്‍ കളര്‍ ഷര്‍ട്ടുകള്‍ ധരിക്കാന്‍ അനുമതി വേണമെന്നും ഇവര്‍ പറയുന്നു.
സി.ബി.ഐയുടെ 33ാമത് മേധാവിയായി കഴിഞ്ഞയാഴ്ചയാണ് ജയ്സ്വാള്‍ ചുമതലയേറ്റത്. സി.ബി.ഐയുടെ കാര്യക്ഷമത വര്‍ധിപ്പിക്കാന്‍ ഭരണപരമായ മാറ്റങ്ങള്‍ അദ്ദേഹം കൊണ്ടുവരുമെന്ന് സൂചനയുണ്ടായിരുന്നു.