ഒക്ടോബറോടെ രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണം ഉയര്‍ന്ന് മൂന്നാം തരംഗം ഉണ്ടാകും; മുന്നറിയിപ്പില്‍ കനത്ത ആശങ്ക
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊവിഡിന്റെ മൂന്നാം തരംഗം ഒക്ടോബറില്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്. രാജ്യത്ത് രണ്ടാം തരംഗം രൂക്ഷമാകുമെന്ന് കൃത്യമായി പ്രവചിച്ച ഗവേഷകരുടെതാണ് നിരീക്ഷണം. കോറോണ വൈറസ് ബാധ വീണ്ടും ഉയരുമെന്നും ചെറുതാണെങ്കിലും ഒക്ടോബറോടെ കേസുകള്‍ ഉയര്‍ന്ന് ഒരു പുതിയ തരംഗത്തിന് സാധ്യതയുണ്ടെന്നുമാണ് ഇവരുടെ പ്രവചനം.
ഹൈദരാബാദിലേയും കാണ്‍പൂരിലേയും ഐഐടികളിലെ മതുകുമല്ലി വിദ്യാസാഗര്‍, മണീന്ദ്ര അഗര്‍വാള്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗവേഷക സംഘം നടത്തിയ വിശദമായ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഈ മാസം തന്നെ രാജ്യം കൂടുതല്‍ വഷളായ നിലയിലേക്ക് പോയേക്കാമെന്നും ദിനംപ്രതി ഒരു ലക്ഷത്തിന് താഴെ കേസുകള്‍ വരുന്ന അടുത്ത തരംഗത്തില്‍ ഏറ്റവും മോശം സാഹചര്യത്തില്‍ ഒന്നരലക്ഷത്തോളം പ്രതിദിന കേസുകള്‍ ഉണ്ടാകുമെന്നും വിദഗ്ദര്‍ പറയുന്നത്.
‘കേരളവും മഹാരാഷ്ട്രയും പോലുള്ള ഉയര്‍ന്ന കൊവിഡ് നിരക്കുള്ള സംസ്ഥാനങ്ങള്‍ ഗ്രാഫുയര്‍ത്തിയേക്കാം’ മതുകുമല്ലി വിദ്യാസാഗര്‍ ബ്ലൂംബെര്‍ഗിനോട് പ്രതികരിച്ചു. നാല് ലക്ഷത്തോളം പ്രതിദിന കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത രണ്ടാം തരംഗത്തെ അപേക്ഷിച്ച് അടുത്ത തരംഗം ചെറുതായിരിക്കാം. എന്നാല്‍ പ്രതിരോധ കുത്തിവെപ്പുകള്‍ ത്വരിതപ്പെടുത്തേണ്ടതുണ്ടെന്നും പുതിയ വകഭേദങ്ങള്‍ പ്രത്യക്ഷപ്പെടാനുള്ള സാധ്യത കണക്കിലെടുത്ത് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും റിപ്പോര്‍ട്ട് നിര്‍ദേശിക്കുന്നു.