അലന്‍ ഷുഹൈബിന് പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വ്വകലാശാല
കണ്ണൂര്‍: അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് കണ്ണൂര്‍ സര്‍വകലാശാല. സര്‍വകലാശാല അനുവദിക്കുമെങ്കില്‍ പരീക്ഷയെഴുതാമെന്നും അനുവാദം സംബന്ധിച്ച് 48 മണിക്കൂറിനകം സര്‍വകലാശാല വിവരം നല്‍കണമെന്നും ഹൈക്കോടതി നേരത്തെ നിര്‍ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സര്‍വകലാശാല നിലവില്‍ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.
മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ ചുമത്തി അറസ്റ്റിലായ അലന്‍ കണ്ണൂര്‍ സര്‍വകലാശാലയുടെ പാലയാട് ക്യാമ്പസിലെ നിയമ വിദ്യാര്‍ത്ഥിയാണ്. എല്‍എല്‍ബി രണ്ടാം സെമസ്റ്റര്‍ പരീക്ഷയാണ് നാളെ ആരംഭിക്കുന്നത്. രണ്ടാം സെമസ്റ്ററില്‍ പരീക്ഷയെഴുതാന്‍ ആവശ്യമായ ഹാജര്‍ അലനുണ്ട്. പന്തീരാങ്കാവ് യുഎപിഎ കേസില്‍ റിമാന്റ് പ്രതിയായ അലന്‍ ഷുഹൈബിന് എല്‍എല്‍ബി പരീക്ഷ എഴുതാനുള്ള അവകാശം ഉണ്ടെന്ന് കോടതി നിരീക്ഷിച്ചിരുന്നു. എന്നാല്‍, അതിന് വേണ്ട നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതാണോ എന്ന് വ്യക്തമാക്കേണ്ടത് കണ്ണൂര്‍ സര്‍വകലാശാലയാണെന്നാണ് കോടതി പറഞ്ഞിരുന്നു. അലന് പരീക്ഷ എഴുതാന്‍ സര്‍വകലാശാല അനുവദിച്ചാല്‍ സൗകര്യവും ക്രമീകരണവും ഒരുക്കാന്‍ എന്‍ഐഎയ്ക്കും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.